പരുന്ത് നൽകുന്ന പാഠം


ഒരു പരുന്തിന്റെ ശരാശരി ആയുസ്സ് 70 വയസ്സാണ്. പക്ഷേ അത്രയും കാലം ജീവിക്കണമെങ്കിൽ അവയ്ക്ക് കടുത്ത ചില തീരുമാനങ്ങൾ എടുക്കേണ്ടിവരും. സാധാരണ 40 വയസ്സ് ആകുമ്പോൾ തന്നെ ഇരയെ പിടിക്കാൻ സഹായിച്ചിരുന്ന കൂർത്ത നിളമുള്ള നഖങ്ങൾ വളർന്ന് വളഞ്ഞ് വഴങ്ങാതെ വരും, കത്തിയേക്കാൾ മൂർച്ചയുള്ള കൊക്കുകൾ താഴേക്ക് വളഞ്ഞ് തന്റെ തന്നെ ശരീരത്തിലേക്ക് ആഴ്ന്നിറങ്ങും, പറക്കാനുള്ള കുതിരശക്തി പകർന്ന് നൽകിയ ചിറകുകൾ കട്ടികൂടി ഭാരം താങ്ങാനാകാതെ നെഞ്ചിനോടൊട്ടിപ്പിടിക്കും, ചിറകുകൾ വിടർത്തി പറക്കാനുള്ള കഴിവ് നഷ്ടമാകും.ഇങ്ങനെ ആസന്നമായ മരണത്തിൽ നിന്നും രക്ഷ നേടാൻ പിന്നെ ഒറ്റവഴിയേ ഈ പക്ഷി രാജാവിന്റെ മുന്നിൽ ഉണ്ടാകു. വേദനാജനകമായ ഒരു പരിവർത്തനം. അതിനായി അവൻ പാറമുകളിലുള്ള തന്റെ കൂട്ടിലേക്ക് പറന്നെത്തും. തുടർന്ന് പാറയിൽ തുടർച്ചയായി ഉരച്ചും തട്ടിയും അസഹ്യമായ വേദന സഹിച്ച് ആ കൊക്കുകൾ ഇളക്കി മാറ്റും. തുടർന്ന് പുതിയ കൊക്കുകൾ മുളയ്ക്കുന്നതുവരെ ഭക്ഷണം പോലും കഴിക്കാനാകാതെ കാത്തിരിക്കും.അടുത്തഘട്ടത്തിൽ ചുണ്ടുകൊണ്ട് നഖങ്ങൾ പിഴുതുമാറ്റും, പുതിയ നഖങ്ങൾ വളർന്ന് കഴിയുമ്പോൾ പഴയ ചിറകുകൾ പറിച്ചുമാറ്റും. തുടർന്ന് 5 മാസത്തെവേദന നിറഞ്ഞ ദിനങ്ങൾക്കൊടുവിൽ ഒരു പുനർജന്മം. തുടർന്ന് 30 വർഷം കൂടി പൂർണ്ണ ആരോഗ്യത്തോടെ ജീവിക്കാൻ വേണ്ടിയുള്ള ആകാശഗമനത്തിന് തുടക്കം ആകും.പരുന്തിന്റെ ഈ ജീവിതയാഥാർത്ഥ്യം നമ്മൾ മനുഷ്യരെ പഠിപ്പിക്കുന്ന പാഠം ഇതാണ്, ജീവിതത്തിന്റെ സന്നിഗ്ദ്ധ ഘട്ടത്തിൽ നമുക്കും വേണം ഒരു പരിവർത്തനം, അതിജീവനത്തിനു വേണ്ടിയുള്ള പരിവർത്തനം. ജീവിതത്തിന്റെ യാത്രയെ തടസ്സപ്പെടുത്തുന്ന അപ്രിയ ഓർമ്മകളെ ഇളക്കി മാറ്റി ദൂരത്തെറിയാം, പിന്നോട്ട് വലിക്കുന്ന നിഷേധ മനോഭാവത്തെ പിഴുത് മാറ്റാം, ലക്ഷ്യത്തിലേക്ക് മുന്നേറാൻ നമുക്ക് തടസ്സമാകുന്ന ഏകപക്ഷീയ ചിന്താധാരകളെ പറിച്ച് കളയാം. കഴിഞ്ഞ കാലത്തെ മാറാപ്പുകളിൽ നിന്നും സ്വതന്ത്രമായി ഇന്നിന്റെ ആനുകൂല്യങ്ങൾ ആസ്വദിക്കാം. ഒരു പക്ഷി രാജാവിനെ പോലെ നമുക്ക് പുതിയ ആകാശങ്ങൾ തേടി ഉയർന്ന് പറക്കാം.

         

                                                        



Most Viewed Website Pages