കേരള ലോട്ടറി
ലോകത്ത് ആദ്യമായി ഭാഗ്യക്കുറി പരീക്ഷിച്ചത് എവിടെയായിരിക്കും ?
ഇന്ത്യയില്‍ അത് കേരളത്തിലാണ്. കുറിയും ചിട്ടിയുമൊക്കെ നിലവില്‍ ഉണ്ടായിരുന്നെങ്കിലും ഗവര്‍മെന്റ് അംഗീകാരത്തോടെ ലോട്ടറി വില്‍പന കേരളത്തില്‍ തുടങ്ങുന്നത് 1893 ലാണ്. മലയാള മനോരമയുടെ സ്ഥാപകന്‍ കണ്ടത്തില്‍ വറുഗീസ് മാപ്പിളയാണ് കോട്ടയം സെമിനാരി ഹൈസ്കൂള്‍ കെട്ടിടത്തിനു വേണ്ടി ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്‍റെ അനുമതിയോടെ ലോട്ടറി തുടങ്ങിയത്. പിന്നീട് കേരളാകലാമന്ധലത്തിനു വേണ്ടി വള്ളത്തോളും നടത്തി ഒരു ഭാഗ്യക്കുറി. വലിയൊരു തുക എന്ന രീതിയില്‍ ചരിത്രമായത് ഡിസി കിഴക്കെമുറി നടത്തിയ ലോട്ടറിയാണ്. കോട്ടയം പബ്ലിക്ക് ലൈബ്രറിക്ക് വേണ്ടി നടത്തിയ ലോട്ടറിയുടെ തുക ഒരു ലക്ഷം രൂപ ആയിരുന്നു. ഒരു ലക്ഷം രൂപ എന്നത് ജനങ്ങള്‍ക്ക് മനസിലാകാന്‍ പരസ്യത്തില്‍ നോട്ടുകള്‍ എംസി റോഡ് മുതല്‍ തിരുവനന്തപുരം വരെ നിരത്തേണ്ടിവന്നാല്‍ അത്രേം ചേര്‍ന്നതാണ് ഒരു ലക്ഷം എന്നാണു.
കേരള സംസ്ഥാനം ലോട്ടറി നടത്തുന്നത് 1967 ലാണ്. പൊതുമേഖലയിലെ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും, വികസിപ്പിക്കാനുമുള്ള ഫണ്ട് കണ്ടെത്തുകയായിരുന്നു ലക്‌ഷ്യം. അമ്പതിനായിരം രൂപയായിരുന്നു സമ്മാനതുക. ടിക്കറ്റ് വില ഒരു രൂപയും. ഏകദേശം 20 ലക്ഷം രൂപ അന്ന് സമാഹരിക്കാന്‍ സാധിച്ചു.
എന്നാല്‍ ഇതിനെല്ലാം മുന്‍പ് ഇന്നത്തെ കന്യാകുമാരിയുടെ ഭാഗമായ ശുചീന്ദ്രത്തു ഭാഗ്യക്കുറി ഉണ്ടായിരുന്നു. 1874 ഇല്‍. അന്ന് ശുചീന്ദ്രം തിരുവതാംകൂറിന്‍റെ ഭാഗമായിരുന്നു. ക്ഷേത്രത്തിന്‍റെ ഗോപുരനിര്‍മ്മാണത്തിനു പണം കണ്ടെത്താന്‍ ആയില്യം തിരുനാള്‍ മഹാരാജാവാണ് ഇതിനു മുന്‍കൈ എടുത്തത്. ഒരു രൂപയുടെ അമ്പതിനായിരം ടിക്കറ്റാണ് അന്ന് വിറ്റിരുന്നത്.