12 വർഷത്തിൽ ഒരിക്കലാണോ നീല കുറിഞ്ഞി പൂക്കുന്നത് ?

ഒറ്റയ്ക്കു കണ്ടാൽ ഒരു പ്രത്യേകതയുമില്ലാത്ത പൂവാണ് കുറിഞ്ഞി എന്നാൽ ഒരു കൂട്ടമാകുമ്പോൾ അവ കാണാൻ വല്ലാത്ത ഭംഗി തന്നെയാണ്. ഇളം നീല, ഇളം വയലറ്റ്,ഇരുണ്ട തവിട്ടുനിറം, വെള്ള, ഇളം വയലറ്റും വെള്ളയും,ഇളം റോസ് എന്നിവയാണ് കുറിഞ്ഞികളുടെ നിറങ്ങൾ. ഇത് സ്പീഷിസുകൾക്ക് അനുസരിച്ച് മാറിക്കൊണ്ടിരിക്കും. 10 എണ്ണമുണ്ടെങ്കിൽ 10-നും വ്യത്യസ്ത നിറങ്ങളാണ് സാധാരണ കണ്ട് വരുന്നത്. 1838-ലാണ് 12 വർഷത്തിൽ ഒരിക്കൽ നീലക്കുറിഞ്ഞി ഒരുമിച്ചു പൂക്കുന്നത്  കണ്ടുപിടിച്ചത്. മൂന്നു ജർമൻ ശാസ്ത്രജ്ഞർ അടങ്ങിയ ഒരു സംഘമായിരുന്നു ഇതിന് പിന്നിൽ. ഗൗരവമായ പഠനങ്ങൾക്ക് ശേഷം കുറിഞ്ഞിയുടെ പേര് സ്ട്രോബിലാന്തസ് കുന്തിയാനസ് (Strobilanthes kunthianas) എന്നു നിശ്ചയിച്ചു. ജർമൻ സംഘാംഗമായിരുന്ന കുന്തിന്റെ (Kunth) പേരിൽ നിന്നാണ് കുന്തിയാനസ് എന്ന പേരു വന്നത്.

മൂന്നാറിലെ കുറിഞ്ഞി പൂക്കൾ 12 വർഷം കൂടുമ്പോൾ പൂക്കുന്നുവെങ്കിൽ ഒരു വർഷം കൂടുമ്പോൾ പോലും പൂക്കുന്ന കുറിഞ്ഞിയുണ്ട്.

വിവിധയിനം കുറിഞ്ഞികളും അവ പൂക്കുന്ന കാലയളവും ഇങ്ങനെയാണ്

⚡സ്ട്രോബൈലാന്തസ് കുന്തിയാനസ് എന്ന നില കുറിഞ്ഞിയാണ് 12 വർഷം കൂടുമ്പോൾ പൂക്കുന്നവ.

⚡സ്ട്രോബൈലാന്തസ് ആന്റേഴ്സണീ എന്നൊരിനമാകട്ടെ പൂക്കുന്നത് 10 വർഷം കൂടുമ്പോഴാണ്.

⚡സ്ട്രോബൈലാന്തസ് പൾനിയൻസിസ്,

സ്ട്രോബൈലാന്തസ് സീലിയേറ്റ്സ്,

സ്ട്രോബൈലാന്തസ് സെസിലിസ് എന്നീ ഇനങ്ങൾ ഒരു വർഷം കൂടുമ്പോൾ പൂക്കും.

⚡സ്ട്രോബൈലാന്തസ് സെങ്കേറിയാനസ് എന്ന വെള്ള കുറിഞ്ഞി പൂക്കൾ 16 വർഷം കൂടുമ്പോൾ പൂക്കും. ചോല വനങ്ങളിൽ കാണപ്പെടുന്നവയാണ് ഇവ.

⚡ രണ്ട് വർഷം കൂടുമ്പോൾ പൂക്കുന്ന സ്ട്രോബൈലാന്തസ് ഫോളിയോസസ് 4 വർഷം കൂടുമ്പോൾ പൂക്കുന്ന സ്ട്രോബൈലാന്തസ് ഹെയ്നിയാനസ് എന്നിവയും ഇതിൽപ്പെടുന്നു. 

മൂന്നാറിലെ നീലക്കുറിഞ്ഞിയും , കാന്തല്ലുരിലെ നീലക്കുറിഞ്ഞിയും തമ്മിൽ വ്യത്യാസമുണ്ട്. മൂന്നാറിലേതിനേക്കാൾ ഉയരം കൂടിയ ചെടികളാണ് കാന്തല്ലൂരിൽ കാണുന്നത്. കാലാവസ്ഥയിലെ വ്യത്യാസമാണ് ഇതിനു കാരണം. കാറ്റിലൂടെയാണ് നീലക്കുറിഞ്ഞിയുടെ പരാഗണം നടക്കുന്നതെന്നായിരുന്നു  മുൻപ് ശാസ്ത്രലോകം വിചാരിച്ചിരുന്നത്. എന്നാൽ കുറിഞ്ഞിപ്പൂക്കളിൽ പരാഗണം നടത്തുന്നത് തേനീച്ചകൾ ആണെന്നാണ് ലോകത്തിലെ ഏറ്റവും പഴക്കമുള്ള ബയോളജിക്കൽ സൊസൈറ്റിയായ ലിനയൻ സൊസൈറ്റി ഓഫ് ലണ്ടൻ നടത്തിയ പഠനങ്ങൾ പറയുന്നത്. അപിസ് സറാന ഇൻഡിക എന്ന് ശാസ്ത്രനാമമുള്ള തേനീച്ചകളാണ് കുറിഞ്ഞികളുടെ 12 വർഷത്തെ തപസ്സിനു തുടക്കമിടുന്നത് . പശ്ചിമഘട്ട മലനിരകളിൽ 1500 മീറ്ററിനു മുകളിൽ ചോലവനങ്ങൾ ഇടകലർന്ന പുൽമേടുകളിൽ കാണപ്പെടുന്ന ഈ കുറ്റിച്ചെടി കുറിഞ്ഞി വർഗ്ഗത്തിലെ റാണി എന്നറിയപ്പെടുന്നു  .

മഴയും , മഞ്ഞും സമാസമമുള്ള കാലാവസ്ഥയില്‍ പൂക്കുന്ന നീലക്കുറിഞ്ഞി മൂവായിരം ഹെക്ടറോളം വിസ്തൃതിയില്‍ വളരുന്ന മറ്റൊരു പ്രദേശം ലോകത്ത് തന്നെ അപൂര്‍വമാണ്. ഇന്ത്യയില്‍ മറ്റൊരിടത്തും ഇത്രയധികം വിസ്തൃതിയുള്ള കുറിഞ്ഞി മലനിരകളില്ല. കാലാവസ്ഥയുടെയും , പരിസ്ഥിതിയുടെയും സന്തുലനത്തിന് മൂന്നാര്‍ മലനിരകള്‍ എത്രത്തോളം അനിവാര്യമാണോ അത്രതന്നെയുണ്ട് നീലക്കുറിഞ്ഞി മലനിരകള്‍ക്കും കുറിഞ്ഞിച്ചെടികള്‍ക്കും. ഇതര സസ്യജാലങ്ങളുടെ നിലനില്‍പ്പിന് പോലും കുറിഞ്ഞിച്ചെടികളുടെ സാന്നിധ്യം അനിവാര്യമാണെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. 

ചുവപ്പ് കലര്‍ന്ന നീലപ്പൂക്കളാണ് സ്‌ട്രോബിലാന്തസ് കുന്തിയാന എന്നറിയപ്പെടുന്ന ഈ കുറിഞ്ഞിച്ചെടികള്‍ക്കുള്ളത്. പൂത്ത് പത്ത് മാസം കഴിയുമ്പോഴാണ് ഇവയുടെ വിത്ത് പാകമാകുക. നീലനിറത്തിലുള്ള പൂക്കളുണ്ടാകുന്നതിനാലാണ് ചെടിക്ക് നീലക്കുറിഞ്ഞി എന്ന പേരുണ്ടായത്. നാല്‍പ്പതിലധികം വ്യത്യസ്ത ഇനം നീലക്കുറിഞ്ഞികളുണ്ടെന്നാണ് സസ്യശാസ്ത്രജ്ഞരുടെ അഭിപ്രായം. രാജ്യത്ത് ഇതുവരെ കണ്ടെത്തിയ 46 ഇനം സ്‌ട്രോബിലാന്തസുകളില്‍ ഭൂരിഭാഗവും മൂന്നാര്‍ മലനിരകളില്‍ വളരുന്നുണ്ടത്രെ. 

പലതവണ മാറ്റിയ ശേഷമാണ് ശാസ്ത്രനാമം സ്‌ട്രോബിലാന്തസ് കുന്തിയാന എന്ന് നിശ്ചയിച്ചത്. കുറിഞ്ഞി പൂത്താല്‍ അടുത്ത ഏതാനും മാസങ്ങള്‍ പൂക്കള്‍ അങ്ങനെത്തന്നെ തലയുയര്‍ത്തി നില്‍ക്കും. പുഷ്പസ്‌നേഹികള്‍ മാത്രമല്ല, ലോകമെങ്ങും നിന്നുള്ള സസ്യ, പരിസ്ഥിതി ശാസ്ത്രജ്ഞരും അസുലഭമായ കാഴ്ച ആസ്വദിക്കാനും , പഠിക്കാനുമെല്ലാം ഈ നാലുമാസക്കാലയളവില്‍ എത്തിച്ചേരും. പ്രാദേശിക വ്യത്യാസങ്ങള്‍ക്കനുസരിച്ച് നീലക്കുറിഞ്ഞി ചെടിയുടെ ഉയരത്തിലും വ്യത്യാസം വരും. രണ്ടടിയോളം ഉയരമുള്ള ചെറിയ ചെടികള്‍ ഉയര്‍ന്ന ഭാഗത്തും , അഞ്ച് മുതല്‍ 10 അടി വരെ ഉയരമുള്ള വലിയ കുറിഞ്ഞികള്‍ താഴ്ന്ന പ്രദേശങ്ങളിലും കാണാം. 50 ഇനം പുല്ലുകള്‍, 51 ഇനം വൃക്ഷങ്ങള്‍, 119 ഇനം ഔഷധസസ്യങ്ങള്‍, 14 ഇനം പക്ഷികള്‍, പത്തിനം സസ്തനികള്‍, നൂറിലധികം ഇനത്തിലുള്ള ചിത്രശലഭങ്ങള്‍ എന്നിവയെല്ലാം കുറിഞ്ഞി പൂത്ത മലകളുടെ ജന്തു ജൈവവൈവിധ്യത്തിന് മാറ്റുകൂട്ടുന്നുണ്ട്. 


                                                        



Most Viewed Website Pages