തേങ്ങയിൽ വെള്ളം നിറച്ചതാരാണ്?.

                                       

സസ്യങ്ങളിൽ വിത്ത് ഉണ്ടാകുബോൾ തന്നെ ബീജത്തിന് വളരാനാവശ്യമായ ഭക്ഷണവും അതിൽ രൂപപ്പെട്ടിരിക്കും.ഈ ഭക്ഷണം endosperm എന്ന ടിഷ്യുവിലാണ് ശേഖരിക്കപ്പെടുന്നത്. വിത്തുകളുടെ രൂപീകരണവേളയിൽ endosperm ദ്രാവകാവസ്ഥയിലായിരിക്കും. തേങ്ങ എന്ന സസ്യവിത്തിന്റെ രൂപീകരണത്തിലും endosperm ദ്രാവക രൂപത്തിലാണ്.ഈ ദ്രാവകത്തിൽ അടങ്ങിയിട്ടുള്ള ന്യൂക്ലിയസ്സുകൾ വളർച്ചയുടെ ഘട്ടത്തിൽ ഒരറ്റത്തായി അടിഞ്ഞുകൂടി തേങ്ങയുടെ വെളുത്ത നമ്മൾ ഭക്ഷിക്കുന്ന ഭാഗമായി തീരും.തേങ്ങയുടെ കഴമ്പ് രൂപപ്പെട്ട ശേഷം ബാക്കിയായ ദ്രാവകം അതേ രൂപത്തിൽ തന്നെ നിലനിൽക്കും ഇതാണ് തേങ്ങാ വെള്ളം.100 ml കരിക്കിൻ വെള്ളം പരിശോധിച്ചാൽ അതിൽ ഏതാണ്ട് 19 മുതൽ 35 mg ഗ്ലൂക്കോസും 21-39 mg ഫ്രക്ടോസും 1-6 mg സുക്രോസും കാണാനാവും. കൂടാതെ പൊട്ടാസ്യം 250-350 mg,സോഡിയം 5-30 mg, മഗ്നീഷ്യം 20-30 mg,കാൽസ്യം 9-23 mg ഉം അടങ്ങിയിട്ടുള്ളതായി കാണാം.കരിക്കിൻ വെള്ളത്തിൽ കൂടിയ അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാൽ വ്യായാമത്തിന് ശേഷം നിർജലീകരണം ഒഴിവാക്കാനും മസിലുകൾ റിലാക്സ് ആവാനും ഷുഗറുകൾ അടങ്ങിയ മറ്റു പാനീയങ്ങളേക്കാൾ കരിക്കിൻ വെള്ളം നല്ലതാണെന്ന് പറയാറുണ്ട്. കരിക്കിൻ വെള്ളത്തിന്റെ കലോറി മൂല്യവും ഷുഗറിന്റെ സാന്നിധ്യവും കുറവായതിനാൽ ഇത് കഴിക്കുന്നതുകൊണ്ട് ശരീരഭാരം കൂടുകയുമില്ല. ഒത്തിരി മിനറലുകളുടെ സാന്നിധ്യമുള്ളതു കൊണ്ട് ശരീരത്തെ ഹൈഡ്രേറ്റഡായി നിലനിർത്താനും ത്വക്കിന്റെ സ്വതസിദ്ധ കാന്തി നിലനിർത്താനും കരിക്കിൻ വെള്ളം സഹായിക്കും. കരിക്കിൻ വെള്ളം കുടിക്കുന്നത് കൂടുതലായി മൂത്രമുണ്ടാവുന്നതിനാൽ വൃക്കയിലെ കല്ലുണ്ടാകുന്നതിന് കാരണമാകുന്ന പല ഘടകങ്ങളേയും പുറം തള്ളി കല്ലുണ്ടാവുന്നത് തടയാനും സഹായിക്കുന്നു.കരിക്കിൻ വെള്ളത്തിലുള്ള ബയോ ആക്ടീവ് എൻസൈമുകൾ ഫാറ്റ് മെറ്റബോളിസത്തിനേയും ദഹനപ്രക്രിയയേയും മെച്ചപ്പെടുത്തുന്നു. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റിന്റെ സാന്നിധ്യം ഓക്സിഡേറ്റീവ് സ്ട്രസ്സ് കുറയ്ക്കാനും സഹായിക്കുന്നതാണ്. എന്നിരുന്നാലും കരിക്കിൻ വെള്ളം അമിതമായി ഉപയോഗിക്കേണ്ട ഒന്നല്ല, മിതമായി മാത്രം.

         

                                                        



Most Viewed Website Pages