കാരലീന റീപ്പർ: ലോകത്തിലെ ഏറ്റവും എരിവുള്ള മുളക്
അമേരിക്കയിലെ സൗത്ത് കാരലൈനയിൽ ഉള്ള ഫോർട്ട് മിൽ എന്ന കമ്പനിയുടെ ഉടമസ്ഥനായ എഡ് കറി എന്ന ബ്രീഡർ വികസിപ്പിച്ചെടുത്ത, ചുവന്ന നിറവും, മടക്കുകളോടെയുള്ള ഘടനയും, കൂർത്ത രീതിയിലൊരു ചെറു വാലും ഉള്ള കാരലീന റീപ്പർ എന്ന മുളകിനെയാണ് 2017-ൽ ലോകത്തിലെ ഏറ്റവും എരിവുള്ള മുളകായി ഗിന്നസ് ലോക റെക്കോർഡ് തിരഞ്ഞെടുത്തത്.
സെൻ്റ് വിൻസെൻ്റിലെ അതീവ എരിവുള്ള മുളക് ഇനമായ സോഫ്രയർ, ഇന്ത്യയിൽ നിന്നുള്ള നാഗ പെപ്പർ എന്നീ മുളക് ഇനങ്ങളുടെ സങ്കരമായ കാരലീന റീപ്പർ. ആദ്യ കടിയിൽ പഴം കടിക്കുന്ന പോലൊരു അനുഭവം കടിക്കുന്ന ആൾക്ക് സമ്മാനിക്കുമെങ്കിലും, തുടർന്ന് അങ്ങോട്ട് തീവ്ര എരിവാകും ഉടലെടുക്കുക.
മറ്റെല്ലാ മുളക് ഇനങ്ങളിലും ഉള്ളതു പോലെ തന്നെ കപ്‌സൈസിനോയിഡുകൾ എന്ന രാസവസ്തുക്കളുടെ സാന്ദ്രതയാണ് ഈ മുളകിലേയും എരിവ് കൂട്ടുന്ന ഘടകം. 2.2 ദശലക്ഷം SHU (സ്‌കോവിൽ ഹീറ്റ് യൂണിറ്റ്) ആണ് ഈ മുളകിലെ എരിവിൻ്റെ അളവ്. ഈ മുളകിൻ്റെ സവിശേഷതകളിൽ ഒന്നായ വാലാണ് ഇതിന് റീപ്പർ എന്ന പേര് നേടി കൊടുക്കാൻ കാരണമായത്.
മുളകിനുള്ളിലെ എരിവിന് കാരണമാകുന്ന രാസവസ്തുവായ കാപ്‌സൈസിനോയിഡുകളുടെ സാന്ദ്രത അളക്കുന്നതിലൂടെ, മുളക് എത്രമാത്രം എരിവുള്ളതാണ് എന്ന് കണക്കാക്കുന്നതിനുള്ള ഒരു മാർഗമാണ് SHU.