ഐപിഎല്‍ ടീമുകള്‍ക്ക് വരുമാനം ലഭിക്കുന്നത് എങ്ങനെ?

വിവിധ രീതിയിലാണ് ഐപിഎല്ലില്‍ നിന്നും ബിസിസിഐക്ക് വരുമാനം ലഭിക്കുന്നത്. ഐപിഎല്ലിന്റെ സംപ്രേഷണാവകാശം ലഭിക്കുന്ന മാധ്യമത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനമാണ് അതില്‍ പ്രധാനം. എന്നാല്‍ ഇതിന്റെ 50 ശതമാനം മാത്രമാണ് ബിസിസിഐക്ക് ലഭിക്കുന്ന തുക. 45 ശതമാനം തുക ഐപിഎല്‍ ടീമുകള്‍ക്ക് തുല്യമായി ലഭിക്കും. ബാക്കി അഞ്ച് ശതമാനം തുക പ്ലേ ഓഫിലെത്തുന്ന നാല് ടീമുകള്‍ക്കാണ് ലഭിക്കുക. അതില്‍ ഉയര്‍ന്ന തുക ഐപിഎല്‍ ജേതാക്കളായ ടീമിനും ലഭിക്കും.

2022ലെ ഐപിഎല്‍ സീസണ്‍ അവസാനിക്കുമ്പോള്‍ ബിസിസിഐക്ക് ലഭിച്ച വരുമാനം 2,400 കോടിയിലധികമാണ്. 2008ലെ ആദ്യ സീസണില്‍ ഐപിഎല്ലില്‍ നിന്ന് ലഭിച്ച വരുമാനം 236 കോടി രൂപയാണ്. ഇപ്പോള്‍ 10 മടങ്ങ് അധിക വരുമാനം ഐപിഎല്ലില്‍ നിന്ന് മാത്രമായി ബിസിസിഐക്ക് ലഭിക്കുന്നു. 

കഴിഞ്ഞ തവണ മുകേഷ് അംബാനിയുടെ വയകോം 18ന് ഐപിഎല്ലിന്റെ ഡിജിറ്റില്‍ സംപ്രേഷണാവകാശം ലഭിക്കുന്നതിന് 23,758 കോടി രൂപയാണ് ചെലവഴിച്ചത്. കൂടാതെ ഐപിഎല്ലിന്റെ ടെലിവിഷന്‍ സംപ്രേഷണ വകാശം ലഭിക്കുന്നതിനായി 2,991 കോടി രൂപയും മുടക്കിയിട്ടുണ്ട്. ഐപിഎല്ലില്‍ പുതിയ ഫ്രാഞ്ചൈസികള്‍ എത്തുമ്പോഴും ബിസിസിഐക്ക് വലിയ തുകയാണ് വരുമാനം ലഭിക്കുന്നത്. 2018ല്‍ പുറത്തിറക്കിയ നിയമപ്രകാരം ഐപിഎല്‍ ടീമുകള്‍ ഒരു വര്‍ഷത്തെ വരുമാനത്തില്‍ 20 ശതമാനം ബിസിസിക്ക് നല്‍കണം.

നാല് രീതിയിലാണ് ഐപിഎല്‍ ടീമുകള്‍ക്ക് വരുമാനം ലഭിക്കുന്നത്. ഹോം മത്സരങ്ങളിലെ ടിക്കറ്റിലൂടെ ലഭിക്കുന്ന തുക 80 ശതമാനവും ടീമുകള്‍ക്കുള്ളതാണ്. ബാക്കി 20 ശതമാനം തുക ടീമുകള്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും ലഭിക്കും. ടീമിന്റെ ജഴ്‌സി, തൊപ്പി എന്നിവ വില്‍ക്കുമ്പോഴും ഉടമകള്‍ക്ക് വരുമാനം ലഭിക്കുന്നു. മത്സരം സംപ്രേഷണം ചെയ്യുന്ന ചാനലില്‍ നിന്നും ടീമിനെ സ്‌പോണ്‍സര്‍ ചെയ്യുന്നവരില്‍ നിന്നും ഉടമകള്‍ക്ക് വരുമാനം ലഭിക്കും.

പരസ്യത്തില്‍ നിന്ന് ലഭിക്കുന്ന തുകയാണ് ഐപിഎല്‍ സംപ്രേഷണം ചെയ്യുന്ന മാധ്യമത്തിന്റെ പ്രധാന വരുമാനമാര്‍ഗം. ടിക്കറ്റില്‍ നിന്നാണ് സ്‌പോണ്‍സേഴ്‌സിന് പ്രധാനമായും വരുമാനം ലഭിക്കുന്നത്.

കോടികള്‍ മുടക്കി ഒരു താരത്തിനെ വാങ്ങുന്ന ടീം ആ താരത്തിന് ഒരു മത്സരത്തില്‍ ആ തുക നല്‍കേണ്ടതില്ല. 10 കോടി രൂപയ്ക്കാണ് താരത്തെ വാങ്ങിയതെങ്കില്‍ മൂന്ന് ഘട്ടമായാണ് ശമ്പളം ലഭിക്കുന്നത്. 20 ശതമാനം ഐപിഎല്‍ സീസണിലെ ആദ്യ മത്സരത്തിന് മുമ്പ് ലഭിക്കും. 60 ശതമാനം സീസണ്‍ പുരോഗമിക്കുമ്പോഴാണ് ലഭിക്കുക. ബാക്കി 20 ശതമാനം സീസണിനൊടുവിലും താരങ്ങളിലേക്ക് എത്തും. മൂന്ന് സീസണിലാണ് താരം ടീമിനായി കളിക്കുന്ന തെങ്കിൽ 30 കോടി രൂപ വരുമാനം ലഭിക്കും.

ഇന്ത്യന്‍ താരങ്ങളില്‍ നിന്ന് 10 ശതമാനം തുകയും വിദേശ താരങ്ങളില്‍ നിന്ന് 20 ശതമാനം തുകയും നികുതിയായി ഈടാക്കും. എന്നാല്‍ ബിസിസിഐക്ക് കേന്ദ്ര സര്‍ക്കാരിന് നികുതി നല്‍കേണ്ടതില്ല. ഐപിഎല്ലില്‍ നിന്ന് ലഭിക്കുന്ന വരുമാനം ക്രിക്കറ്റിന്റെ ഉയര്‍ച്ചയ്ക്കായി ഉപയോഗിക്കാം. 2021ലാണ് ഈ നിയമം നിലവില്‍ വന്നത്.

                                                        



Most Viewed Website Pages