സൈക്കിളിനുപോലും ഈ ഗ്രാമത്തിൽ പ്രവേശനമില്ല

 

മുംബൈക്കടുത്തുള്ള ഹിൽ സ്റ്റേഷനാണ് മത്തേരാൻ. കടുത്ത ചൂടിൽനിന്നു രക്ഷനേടാൻ 1850 കളിൽ ബ്രിട്ടിഷുകാർ കണ്ടെത്തിയ സ്ഥലം. ഇന്നും സൈക്കിളിനുപോലും ഈ ഗ്രാമത്തിൽ പ്രവേശനമില്ല. ഇടയ്ക്കിടെയുള്ള തീവണ്ടിയുടെ ചൂളംവിളിയൊഴിച്ചാൽ മനുഷ്യരുടെയും പ്രകൃതിയുടെയും ശബ്ദമല്ലാതെ വേറൊന്നും ആലോസരപ്പെടുത്തില്ല. വാഹനങ്ങൾക്കു നിരോധനമുള്ള ഇന്ത്യയിലെ ഏക ഗ്രാമമാണ് മത്തേരാൻ. ആകെയുള്ളത് അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കാവുന്ന അഗ്നിശമനസേനയുടെ വാഹനവും ആംബുലൻസുമാണ്.

മുംബൈയിൽനിന്നു 90 കിമീ ദൂരമുണ്ട്. പനവേൽ സ്റ്റേഷനിൽ നിന്നു താനെ എത്തി അവിടെനിന്നു നേരാൽ ചെല്ലാം. ഇവിടെ നിന്നാണു മത്തേരാനിലേക്ക് ട്രെയിൻ കയറു ന്നത്. വെറും 21 കിലോമീറ്ററിൽ താഴെയേ ഈ നാരോ–ഗേജ് ടോയ് ട്രെയിൻ സഞ്ചരിക്കുന്നു ള്ളൂ. 1907 ൽ വ്യവസായിയായ അബ്ദുൽ ഹുസൈൻ ആദംജീ പീർബോയാണ് വനപ്രദേശങ്ങളിലൂടെയുള്ള ട്രെയിൻ സർവീസിനു തുടക്കമിട്ടത്. മണിക്കൂറിൽ 12 കിമീ വേഗത്തിലോടുന്ന ഈ ടോയ് ട്രെയിൻ യുനെസ്കോ വേൾഡ് ഹെറിറ്റേജിൽ ഇടം പിടിച്ചിട്ടുണ്ട്.

മത്തേരാൻ ഗ്രാമത്തിലേക്കു പ്രവേശിക്കാൻ 50 രൂപ എൻട്രി ഫീസ് നൽകണം. ഒറ്റയ്ക്കു ചെന്നാൽ റൂം കിട്ടില്ല. അതിനു കാരണമുണ്ട്. 2,625 അടി ഉയരമുള്ള കുന്നായതിനാൽ, താഴേക്കു ചാടാൻ കാരണം നോക്കി നടക്കുന്ന വരെ പേടിയാണെന്നതു തന്നെ കാര്യം. ഇങ്ങനെ ചാടി ജീവൻ കളയുന്നവർക്കായി റെസ്ക്യൂ ടീമും ഉണ്ട്. 500 രൂപ മുതൽ മുറികൾ ലഭിക്കും. നാലു ചുറ്റുമായി മുപ്പത്തിയെട്ടോളം വ്യൂ പോയിന്റുകളുണ്ട്. നടന്നു കാണാൻ ചുരുങ്ങിയത് 3 ദിവസം വേണം. കുതിരപ്പുറത്തും നാടുചുറ്റാനിറങ്ങാം. മണിക്കൂറിന് 500 രൂപയാണു ഫീസ്. ടാറിട്ട റോഡുകളില്ല. പകരം എല്ലാ ഇടങ്ങളിലേക്കും ചെന്നെത്തുന്ന ചുവന്ന കല്ലു പാകിയ വഴികൾ. ഇടയ്ക്കിടെ പൂന്തോട്ടങ്ങൾ.എല്ലാം നന്നായി സംരക്ഷിച്ചിട്ടുണ്ട്.

പഴയ കൊളോണിയൽ ശൈലിയിലുള്ള ബംഗ്ലാവുകൾ ഇവിടത്തെ പ്രത്യേകതയാണ്. വൈകുന്നേരങ്ങളിൽ സജീവമാണു മാർക്കറ്റ്. രാത്രി 10.30 വരെ തുറന്നിരിക്കും. ഒറ്റപ്പെട്ടു കിടക്കുന്ന സ്ഥലമായിട്ടും ഒരു ടൗണിൽ കിട്ടുന്ന എല്ലാ സാധനങ്ങളും ഇവിടെയും ലഭ്യമാകും. ടൂറിസമാണ് പ്രധാന വരുമാനം. കുട്ടികൾക്കു പത്താം ക്ലാസ് വരെ പഠിക്കാനുള്ള സൗകര്യവുമുണ്ട്. ഇവിടത്തെ കെട്ടിടങ്ങൾ കൂടുതലും നിർമിച്ചത് പാഴ്സികളും ബോറകളുമാണത്രെ.

പശ്ചിമഘട്ടത്തിന്റെ സഹ്യാദ്രി മലനിരയുടെ ഭാഗമാണ് പ്രകൃതിലോല പ്രദേശമായ മത്തേരാൻ കുന്ന്. മലകളുടെ നെറ്റിയിലെ കാട് (forest on the forehead of the mountains) എന്നാണ് മത്തേരാൻ എന്ന വാക്കിനർഥം.


                                                        



Most Viewed Website Pages