Napoleon Bonaparte
(1769 - 1821)
"ഒരു കാര്യം നന്നായി ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അത് സ്വയം ചെയ്യുക"-
ലോക ചരിത്രത്തിൽ ഏറ്റവുമധികം വർണ്ണിക്കപ്പെടുകയും ഘോഷിക്കപ്പെടുകയും ചെയ്തിട്ടുള്ള യോദ്ധാക്കളിലൊരാളാണ് നെപ്പോളിയൻ ബോണപ്പാർട്ട്. അടങ്ങാത്ത ഉൽക്കർക്ഷേച്ഛയുമായി ഫ്രാൻസിന്റെ ചക്രവർത്തിപദംവരെ പൊരുതി കയറി, യൂറോപ്പിനെ മുഴുവൻ സ്വന്തം വരുതിയിലാക്കിയ ആ സാഹസികന്റെ ജീവിതമന്ത്രം 'അസാധ്യമായി ഒന്നുമില്ല' എന്നായിരുന്നു.
ഫ്രാൻസിന്റെ അധീനതയിലായിരുന്ന കോഴ്സിക്കയിൽ ജനനം.
പത്ത് വയസ്സ് വരെ കോഴ്സിക്കയിലെ സ്കൂളിലായിരുന്നു പഠനം. 1779-ൽ ഉത്തര ഫ്രാൻസിലെ ‘ബ്രിന്ന്യേ’ സൈനിക സ്കൂളിൽ പഠനം ആരംഭിച്ചു. 1784-ൽ ബ്രിന്ന്യേ പഠനം വിജയകരമായി പൂർത്തിയാക്കി. തുടർന്ന് വിഖ്യാതമായ പാരിസ് മിലിട്ടറി സ്കൂളിൽ പ്രവേശനം ലഭിച്ചു. നാവികവിഭാഗമായിരുന്നു ആഗ്രഹമെതിലും പീരങ്കിപ്പട്ടാളത്തിലാണ് പ്രവേശനം ലഭിച്ചത്.
1785 ൽ പതിനാറാമത്തെ വയസ്സിൽ സൈന്യത്തിൽ ചേർന്ന നെപ്പോളിയൻ ചരിത്രപ്രസിദ്ധമായ 1789 ലെ ഫ്രഞ്ച് വിപ്ലവത്തിൽ പങ്കെടുത്തു.1792 ലെ പുതിയ വിപ്ലവ സർക്കാരിൽ സൈനീക ചുമതല ലഭിച്ച അദ്ദേഹം രാജപക്ഷക്കാരെയും അവരെ പിന്താങ്ങുന്ന ബ്രിട്ടീഷ് സൈന്യത്തെയും തുരത്തി തുലോൺ മോചിപ്പിച്ചതോടെ ബ്രിഗേഡിയർ ജനറലായി. യൂറോപ്പിനെ ഫ്രാൻസിന്റെ അധീനതയിലാക്കാൻ നെപ്പോളിയന്റെ നേതൃത്വത്തിൽ പടയോട്ടമാരംഭിച്ചു. ഇതിനിടയിൽ സർക്കാരിന്റെ ജനപ്രീതി ഇടിയുന്നതു കണ്ട അദ്ദേഹം അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്തു.
വിദ്യാഭ്യാസ- നിയമ- ധനകാര്യ രംഗങ്ങൾ അഴിച്ചുപണിത അദ്ദേഹത്തിന്റെ പൊതു നിയമസംഹിതയായ 'നെപ്പോളിയോണിക് കോഡ്' ഇന്നും പ്രസക്തിയുള്ളതാണ്.
1800- ആയപ്പോഴേക്കും തന്റെ യൂറോപ്യൻ പടയോട്ടത്തിൽ തുടർച്ചയായ വിജയങ്ങൾ നേടി. 'നെപ്പോളിയോണിക് വാർസ്' എന്ന പേരിലാണ് പിന്നീട് ഇതറിയപ്പെട്ടത്. 1804-ൽ ഫ്രഞ്ച് സെനറ്റ് നെപ്പോളിയനെ ചക്രവർത്തിയായി പ്രഖ്യാപിച്ച് കിരീടധാരണം നടത്തി. പിന്നീട് നെപ്പോളിയന്റെ വളർച്ചയായിരുന്നു.
1812-ൽ അടുപ്പത്തിലായിരുന്ന റഷ്യയെ ആക്രമിച്ചതോടെ നെപ്പോളിയന്റെ വിനാശമാരംഭിച്ചു. 1814-ൽ ബ്രിട്ടനും ഓസ്ട്രിയയും റഷ്യയും പ്രഷ്യ (ജർമനി)യും നെപ്പോളിയനെ യുദ്ധത്തിൽ തോൽപ്പിച്ച് 'എൽബ'യിലേക്ക് നാടുകടത്തി. 1815ൽ എൽബയിൽ നിന്നും രക്ഷപ്പെട്ട് മാർച്ച് 20-ന് പാരിസിൽ എത്തി നാട്ടുകാരുടെ ഒത്താശയോടെ നുറു ദിവസം ഭരണം നടത്തി.
1815 ജൂൺ 18-ന് വാട്ടർലൂ (ഇപ്പോൾ ബൽജിയത്തിൽ) വിൽ നടന്ന യുദ്ധത്തിൽ ബ്രിട്ടീഷ് സൈന്യം അദ്ദേഹത്തെ കീഴ്പ്പെടുത്തി. ഒക്ടോബർ 15-ന് സെന്റ് ഹെലേന ദ്വീപിലേക്ക് നാടുകടത്തി. അവിടെ വച്ച് ഉദരരോഗംമൂലം ആ മഹായോദ്ധാവ് മരണമടഞ്ഞു.