ഇസ്ലാമിക പ്രവാചകനായ മുഹമ്മദ് നബിയുടെ പേരിൽ മരമുള്ളത് എവിടെയാണ്?

പ്രവാചകനായ മുഹമ്മദ് നബിയുടെ പേരിൽ ഒരു മരമുണ്ട്, പശ്ചിമേഷ്യയിലെ ജോർദ്ദാൻ മരുഭൂമിയിൽ!തലസ്ഥാനമായ അമ്മാനിൽനിന്ന് 164 കിലോ മീറ്ററോളം ദൂരം വരും മരം സ്ഥിതി ചെയ്യുന്ന അസ്റക് ഗവർണറേറ്റിലെ സഫാബിയിൽ  എത്താൻ. മരുഭൂമിയുടെ നടുവിൽ ഒരേ ഒരു മരം. നോക്കെത്താ ദൂരത്ത് മണൽപരപ്പുകൾ. ബെദുവിൻ കുടിലുകൾ. ആട്ടിൻ കൂട്ടങ്ങൾ. ഒരു തരി പച്ച പോലും എവിടെയും ഇല്ല. 

ഏറെ ദൂരെ നിന്നുതന്നെ മരം തിരിച്ചറിയാം. പുതുതായി തീർത്ത രണ്ട് കമാന കവാടങ്ങൾ കടന്ന് വേണം മരത്തിനരികിലേക്ക് എത്താൻ. അതിനോട് ചേർന്നു തന്നെ ഒരു പോലീസ് സ്റ്റേഷനും ഉണ്ട്. അതിരുകൾക്ക് സംരക്ഷണ കവചം ഒരുക്കിയിട്ടുണ്ട്.  ആ വലിയ ഭൂപ്രദേശത്ത് ഈ മരമൊഴികെ മറ്റൊന്നും കാണാൻ പറ്റില്ല.1500 വയസ്സാണ് ഈ വൃക്ഷത്തിന് ഏകദേശം കണക്കാക്കിയിട്ടുള്ള പ്രായം. പക്ഷെ മരത്തിന് ഒരു കുലുക്കവുമില്ല. ഏകദേശം 11 മീറ്റർ ഉയരവും , കഷ്ടിച്ച് ഒരു മീറ്റർ വണ്ണവും ഉണ്ട്.

'ബോത്തം അറ്റ്ലാസി' എന്ന പിസ്റ്റാഷ്യ വിഭാഗത്തിൽപ്പെട്ട മരമാണിത്. ഇലകൾക്ക് 3 സെന്റി മീറ്റർ വരെ നീളമുണ്ട്. ജോർദ്ദാൻ, സിറിയ, പലസ്തീൻ, ലബനൻ എന്നീ രാജ്യങ്ങളിലാണ് ഈ മരം കാണപ്പെടുന്നത്. ആയിരത്തിലധികം വർഷം അതിജീവന ശേഷിയുള്ളതാണ് പിസ്റ്റാഷ്യ മരങ്ങൾ. അണുനാശിനി കൂടിയാണ് ഈ വൃക്ഷമെന്ന് നാട്ടറിവുകൾ പറയുന്നു.

വൃക്ഷത്തെപ്പറ്റി പൊതുവായി പറയുന്ന ഐതിഹ്യം ഇങ്ങനെയാണ്. മുഹമ്മദ് നബി കുട്ടിയായിരിക്കുന്ന സമയത്ത് ഡമാസ്കസിലേക്കുള്ള യാത്രയ്ക്കിടയിൽ വിശ്രമിച്ച മരമായിരുന്നു ഇത്. 'സിറിയൻ യാത്രക്കിടെ മുഹമ്മദ് ആ മരത്തണലിൽവച്ച് ക്രിസ്ത്യൻ സന്യാസിയായ ബാഹിറയെ കണ്ടു മുട്ടി. ബാഹിറ(ബുഹൈറ) അവിടെ വച്ച് മുഹമ്മദിന്റെ പ്രവാചകത്വത്തെ പറ്റി മുൻകൂട്ടി പറഞ്ഞു എന്നാണ് ഐതിഹ്യം.

ചരിത്രകഥകൾ പ്രകാരം പറയുന്ന ബാഹിറ പ്രവാചകത്വമുള്ള ഒരു ദിവ്യബാലനെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് തന്റെ അമ്മാവനായ അബു താലിബുമൊത്ത് ഒമ്പത് വയസ് മാത്രം പ്രായമുള്ള മുഹമ്മദ് അവിടെയെത്തുന്നത്. അബു താലിബ് ഉൾപ്പെടെ എല്ലാവരെയും ബാഹിറ ഭക്ഷണത്തിനു ക്ഷണിച്ചു. എന്നാൽ മുഹമ്മദ് നബി മാത്രം മരത്തിന് ചുവട്ടിൽ ഒട്ടകങ്ങളോടൊപ്പം തന്നെ നിന്നു. ബാഹിറ അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ലക്ഷണങ്ങൾ എല്ലാം പരിശോധിച്ച ബാഹിറ ഉറപ്പിച്ചു. താൻ തേടുന്ന പ്രവാചകൻ ഇതു തന്നെയാണ്. അബു താലിബിനോട് കാര്യങ്ങൾ എല്ലാം ചോദിച്ചറിഞ്ഞ ബാഹിറ, ബാലനായ മുഹമ്മദ് വരാനിരിക്കുന്ന പ്രവാചകനാണെന്ന് അറിയിച്ചു. ബാഹിറ ഉടനെ മക്കയിലേക്ക് മുഹമ്മദിനെയും കൊണ്ട് തിരികെ മടങ്ങാൻ അമ്മാവനായ അബു താലിബിനെ നിർബന്ധിച്ചു .

മുമ്പ് സിറിയൻ ഭൂപ്രദേശമായിരുന്ന സഫാവിയിലെ മരം ഇപ്പോൾ ജോർദ്ദാൻ വഖഫ് മന്ത്രാലയത്തിന്റെ അധീനതയിൽ  വേലി കെട്ടി സംരക്ഷിച്ചിട്ടുണ്ടെങ്കിലും പൊതു ജനങ്ങൾക്ക് സന്ദർശിക്കാനുള്ള  സൗകര്യം ഉണ്ട്. മരം കാണാൻ നിരവധി പേർ  എത്തുന്നുണ്ട്. ജോർദ്ദാൻ രാജാവ് അബ്ദുള്ള രണ്ടാമനും , ചെന്നിയൻ പ്രസിഡണ്ടായ കദിറോവും ഈ വൃക്ഷം സന്ദർശിച്ച പ്രമുഖരിൽ ഒടുവിൽ ഉൾപ്പെടുന്നു.

1400 വർഷങ്ങൾക്ക് മുമ്പ് മുഹമ്മദ് നബിക്ക് അഭയം നൽകിയതിനാൽ ആളുകൾ ഇതിനെ ജീവിക്കുന്ന ഒരേയൊരു സഹാബി വൃക്ഷം എന്നും  വിളിക്കുന്നു  .മരുഭൂമിയുടെ ഊഷരതയുടെ നടുവിലും പ്രവാചകമരം ദലനിബിഡമായി പന്തലിച്ചു നിൽക്കുന്നു. 

                                                        



Most Viewed Website Pages