ചങ്ങനാശ്ശേരിയിലെ നീരാഴി കൊട്ടാരം

ചങ്ങനാശ്ശേരിയിൽ സ്ഥിതിചെയ്തിരുന്ന ഒരു പുരാതന കൊട്ടാരമാണ് നീരാഴി കൊട്ടാരം. തെക്കുംകൂർ രാജവംശം തലസ്ഥാനം വെന്നിമലയിൽനിന്നും, ചങ്ങനാശ്ശേരിയിലേക്ക് മാറ്റി സ്ഥാപിച്ചപ്പോൾ പുഴവാതിലെ നീരാഴിക്കെട്ട് കൊട്ടാരമായിരുന്നു രാജഗൃഹമായി ഉപയോഗിച്ചിരുന്നത്. തിരുവിതാംകൂർ മഹാരാജാവ് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ തെക്കുംകൂർ രാജ്യം ആക്രമിക്കുന്ന അവസരത്തിലാണ് പുഴവാതിൽ നിന്നും കോട്ടയം നട്ടാശ്ശേരിയിലേക്ക് തലസ്ഥാനം മാറ്റിസ്ഥാപിച്ചത്. മാർത്താണ്ഡവർമ്മയുടെ നിർദ്ദേശപ്രകാരം കോട്ടയം ചവിട്ടുവേലിയിൽ അവർ പിന്നീട് സ്ഥിരതാമസവുമാക്കി.

 തിരുവിതാംകൂർ മഹാരാജാവ് സ്വാതിതിരുനാൾ രാമവർമ്മയുടെ പിതാവ് രാജരാജ വർമ്മ വലിയ കോയിത്തമ്പുരാൻ ജനിച്ചത് നീരാഴി കൊട്ടാരത്തിലാണ്. തെക്കുംകൂർ രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രവും, രാജകൊട്ടാരമായിരുന്നു നീരാഴി കൊട്ടാരം.ചങ്ങനാശ്ശേരിയിലെ പുഴവാതിലാണ് കൊട്ടാരം സ്ഥിതി ചെയ്തിരുന്നത്. 1750 വരെ തെക്കുംകൂർ രാജവംശവും, പിന്നീട് വടക്കൻ മലബാറിൽ നിന്ന് ചങ്ങനാശ്ശേരിയിൽ സ്ഥിരതാമസമാക്കിയ പരപ്പനാട് രാജവംശവും ഈ കൊട്ടാരം ഉപയോഗിച്ചിരുന്നു.

 1790 ലെ തിരുവിതാംകൂർ ആക്രമണത്തിൽ (ചങ്ങനാശ്ശേരി യുദ്ധം) തെക്കുംകൂറിലെ അവസാന രാജാവായിരുന്ന ആദിത്യ വർമ്മൻ മണികണ്ഠൻ കോട്ടയം നട്ടാശ്ശേരിയിലേക്ക് രക്ഷപ്പെട്ടത് ഈ നീരാഴി കൊട്ടാരത്തിൽ നിന്നുമാണ്.

നീരാഴി കൊട്ടാരം മുൻപ് 'നീരാഴിക്കെട്ട് 'എന്നാണ് അറിയപ്പെട്ടിരുന്നത്. ചിത്രകുളം എന്നറിയപ്പെട്ടിരുന്ന ഒരു വലിയ കുളം തറവാട്ടിനോട് ചേർന്ന് സ്ഥിതി ചെയ്തിരുന്നു.. അത് ഇപ്പോഴും കാലത്തെ അതിജീവിച്ച് ഇവിടെയുണ്ട്. കൊട്ടാരം കാലഹരണപ്പെട്ടു നശിച്ചുപോയി. എ.ഡി. 1400-നു ശേഷം തെക്കുംകൂർ രാജാക്കന്മാരുടെ കാലത്ത് നീരാഴി കൊട്ടാരം പുനഃർനിർമ്മിക്കുകയും, അവർ മണികണ്ഠപുരത്തു നിന്നും ചങ്ങനാശ്ശേരിയിലേക്ക് രാജധാനി മാറ്റി സ്ഥാപിക്കുകയും ചെയ്തു.

 1749-ലെ ചങ്ങനാശ്ശേരി യുദ്ധത്തിൽ തെക്കുംകൂറിലെ അവസാന രാജാവായിരുന്ന ആദിത്യ വർമ്മൻ മണികണ്ഠനെ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ സ്ഥാനഭ്രഷ്ടനാക്കി. പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജാക്കന്മാർ നീരാഴി കൊട്ടാരം പരിഷ്കരിച്ച്, 1766-ൽ ഹൈദർ അലിയുടെ കുപ്രസിദ്ധമായ ആക്രമണത്തിനിടെ, പരപ്പനാട് കൊട്ടാരം പലായനം ചെയ്ത രാജകുമാരന്മാരെയും മലബാറിലെ രാജകുടുംബത്തിലെ രാജകുമാരന്മാരെയും പാർപ്പിച്ചു.

ചങ്ങകാവിൽ ഭഗവതിക്ഷേതം, മെത്രാപോലിത്തൻ പള്ളി, പഴയപള്ളി ജുമാമസ്ജിദ് എന്നിവയാണ് ഇവിടുത്തെ പ്രധാന ആരാധനാലയങ്ങള്‍.

ഇത് മൂന്നും തെക്കുംകൂർ രാജവംശത്തിൽ പുഴവാത് നീരാഴി കൊട്ടാരത്തിൽ നിന്നും ഭരണം നടത്തിയിരുന്ന രാജാവ് മതസൗഹാർദ്ദം നിലനിർത്തുവാനായി നിർമ്മിച്ചതാണെന്നാണ് വിശ്വാസം.മതമൈത്രിക്ക് വളരെ പ്രാധാന്യം നല്കിയിരുന്നു അദ്ദേഹം. ക്ഷേത്രത്തിലെ ശം‌ഖുധ്വനിയും, പള്ളിയിലെ മണിനാദവും, മസ്ജിദിലെ ബാങ്കുവിളിയും കേട്ടുണരാന്‍ വേണ്ടിയാണത്രെ ഇത് പണികഴിപ്പിച്ചത്. നീരാഴി കൊട്ടാരത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഇത് മൂന്നും ചേർന്ന് ഇവിടം ശംഖുനാഥശ്ശേരിയായും അത് പിന്നീട് ചങ്ങനാശ്ശേരിയായും മാറി എന്നാണ് കഥ.

ഒരു കാലത്ത് ബുദ്ധമതക്കാരുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായിരുന്നുവത്രെ ഇവിടം. വാഴപ്പള്ളി ക്ഷേത്രമായിരുന്നു ഇവരുടെ കേന്ദ്രം.ബുദ്ധമതക്കാരെ ചങ്കക്കാർ എന്നാണ് വിളിച്ചിരുന്നത്. സംഘം എന്ന വാക്കിന്റെ ആദ്യകാല രൂപമാണ് 'ചങ്കം'. ചേരി എന്നത് ബൌദ്ധരുമായി ബന്ധപ്പെട്ട ഗ്രാമങ്ങൾക്കുള്ള പേരാണ്. അങ്ങനെ ബുദ്ധമത വിശ്വാസികളുടെ കേന്ദ്രം എന്നതിൽ നിന്നുമാണ് ചങ്ങനാശ്ശേരി വന്നത് എന്നാണ് മറ്റൊരു കഥ.

ഇത് കൂടാതെ " ശംഖുനാടുശ്ശേരി " എന്നും "തെങ്ങണാശ്ശേരി " എന്നും ഇവിടം അറിയപ്പെട്ടിരുന്നു എന്ന് പറയപ്പെടുന്നു

                                                        



Most Viewed Website Pages