എന്തുകൊണ്ടാണ് എല്ലാവരും വലത് കൈ കൊണ്ട് പ്രവൃത്തികൾ ചെയ്യുമ്പോൾ ചിലർ മാത്രം ഇടംകൈ കൊണ്ട് ചെയ്യുന്നത്?

തലച്ചോറിന്റെ ഘടനയിലുള്ള പ്രത്യേകതകൾ കൊണ്ടാണ്  ചിലരിൽ ഇടതുകയ്യുടെ ആധിപത്യത്തിനു കാരണം എന്നു പൊതുവെ കരുതപ്പെടുന്നു. ‌തലച്ചോറിന്റെ പ്രധാനഭാഗമായ സെറിബ്രം രണ്ട് അർധഗോളങ്ങളായാണ് കാണപ്പെടുന്നത്. കോർപ്പസ് കലോസമെന്ന ഭാഗമാണ് ഈ അർധഗോളങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നത്. ഇതിൽ ഇടത്തെ പകുതി ശരീരത്തിന്റെ വലതുഭാഗത്തെയും , വലത്തെ പകുതി ശരീരത്തിന്റെ ഇടതുഭാഗത്തെയും നിയന്ത്രിക്കുന്നു.

ഇടതുവശത്തിന് സ്വാധീനം കൂടുതലുളളവരിൽ തലച്ചോറിന്റെ വലത്തെ പകുതിയുടെ അർധഗോളം കൂടുതൽ കാര്യക്ഷമമായിരിക്കും. അതനുസരിച്ചായിരിക്കും വ്യക്തിയുടെ ചലനങ്ങളും ചിന്തകളും. വലംകയ്യരെ അപേക്ഷിച്ച് ഇടതു കൈ കൂടുതൽ ഉപയോഗിക്കുന്നവരിൽ കോർപ്പസ് കലോസത്തിന്റെ വലുപ്പം കൂടുതലായിരിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. 

ലോക ജനസംഖ്യയുടെ 10 ശതമാനത്തോളം ഇടതു കയ്യരാണ്. സ്ത്രീകളേക്കാൾ പുരുഷന്മാരിലാണ് ഇതു കൂടുതൽ സംഭവിക്കുന്നത്.  വലംകയ്യന്മാർക്കായി രൂപകല്പന ചെയ്ത ലോകത്ത് ഇടംകയ്യനായിരിക്കുന്നതിന്റെ ഗുണങ്ങളെയും, ദോഷങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും ഓഗസ്റ്റ് 13 ന് ലോക ഇടംകയ്യന്മാരുടെ ദിനമായി ആചരിക്കുന്നു. 1976 ൽ ലെഫ്റ്റ്‌ഹാൻഡേഴ്‌സ് ഇന്റർനാഷനലിന്റെ സ്ഥാപകൻ ഡീൻ ആർ. കാംപ്ബെല്ലാണ് ഇങ്ങനെയൊരു ദിനത്തിന് തുടക്കം കുറിച്ചത്.

ഒന്നാം വയസ്സുവരെ കുട്ടികൾ രണ്ടു കൈകളും ഒരുപോലെ ഉപയോഗിക്കും. അതിനുശേഷം ഇടതു കൈ കൊണ്ട് എന്തു ചെയ്താലും തല്ലു കൊടുക്കുന്ന രക്ഷിതാക്കൾ ഉണ്ട്. തുടർച്ചയായി കയ്യിൽ അടി കിട്ടുന്നതോടെ കുട്ടി ഇടതു കൈ കൊണ്ടു ചെയ്യുന്ന കാര്യങ്ങൾ വലതു കൈ കൊണ്ടു ചെയ്യാൻ ശ്രമിക്കും. ചിലർ വിജയിക്കും. ചിലർ രണ്ടു കയ്യും ഒരുപോലെ ഉപയോഗിക്കും. ഇടംകയ്യരെ വലംകയ്യരാക്കാൻ ശ്രമിക്കുമ്പോൾ മസ്തിഷ്ക്കത്തിന്റെ പ്രവർത്തനത്തിലും മാറ്റങ്ങളുണ്ടാകുന്നുവെന്ന് ഈ മേഖലയിൽ നടത്തിയ പഠനങ്ങൾ  പറയുന്നുണ്ട്.

സർഗാത്മകതയുടെ വളർച്ചയ്ക്ക് സഹായകരമാകുന്ന തലച്ചോറിന്റെ വലതുവശത്തിന്റെ പ്രവർത്തനം വേണ്ടത്ര കാര്യക്ഷമമാകില്ല. പകരം യുക്തിസഹമായ കാര്യങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഇടതു വശം കൂടുതൽ പ്രവർത്തനക്ഷമമാകുകയും ചെയ്യുന്നു. അതോടെ കുട്ടിയുടെ യഥാർഥത്തിലുള്ള സ്വഭാവം മാറും. കൂടാതെ കയ്യക്ഷരം നന്നാക്കാനും കത്രികയും കത്തിയും ഉപയോഗിക്കാനുമൊക്കെ ഇവർക്ക് കൂടുതൽ സമയം വേണ്ടി വരും.

തലച്ചോറിനുണ്ടാക്കുന്ന ആഘാതമാണ് ചില കുട്ടികളിൽ ഇടത് സ്വാധീനം കൂട്ടുന്നത്. ജന്മനാ ഇടതു കൈ ഉപയോഗിക്കുന്നവരെ ചെറുപ്പത്തിൽ തിരുത്താൻ ശ്രമിച്ചാൽ കൈ കൊണ്ടുള്ള പ്രവൃത്തികൾ മന്ദഗതിയിലാകും. വലം കൈയൻമാർ ഇടം കൈ കൊണ്ട് എഴുതുമ്പോൾ ഉണ്ടാകുന്ന അതേ ബുദ്ധിമുട്ട് ഇടം കയ്യന്മാർക്ക് വലംകൈ കൊണ്ട് എഴുതുമ്പോൾ ഉണ്ടാവും. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും ഇടംകയ്യിലേക്ക് മാറും.  ആരോഗ്യപ്രശ്നങ്ങളാണോ ഇടതു സ്വാധീനത്തിനു കാരണമെന്നതിൽ വിദഗ്ധോപദേശം തേടണം.

ചുരുക്കത്തില്‍ കുഞ്ഞ് ഇടം കൈകൊണ്ട് കുത്തി വരയ്ക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ പേടിപ്പിച്ച് വലം കൈയിലേക്ക് പെന്‍സില്‍ മാറ്റാതെ വെറുതെ വിടുക. വലം കൈയ്യരുടെ ലോകത്തില്‍ ഇടം കൈയ്യരായ കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കേണ്ടത് മാതാപിതാക്കളാണ്. 

ഇടം കയ്യ് വഴക്കം കൂടുതല്‍ ഉള്ള തന്റെ മകൾക്ക് സാധാരണ പെന്‍സില്‍ ഷാര്‍പ്നര്‍  ഉപയോഗിക്കാനാവാത്തതിന്‍റെ

വിഷമം പങ്കിട്ട ഒരമ്മയുടെ വാർത്ത സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ദേശീയ മാധ്യമങ്ങളിലുള്‍പ്പെടെ വാര്‍ത്തയാവുകയും ചെയ്തിരുന്നു.തുടർന്ന്  ഹിന്ദുസ്ഥാന്‍ പെന്‍സില്‍സ് അധികൃതര്‍ നടരാജ്, അപ്സര പെന്‍സിലുകളുടെ ഷാർപ്നർ ഇടം കയ്യർക്കായി വിപണിയിൽ ഇറക്കുകയും ചെയ്തു.

ഗോവയിൽ ഇടം കയ്യന്‍മാർക്കായി ഒരു മ്യൂസിയം പ്രവർത്തിക്കുന്നുണ്ട്. ലണ്ടനിലെ പ്രശസ്തമായ മാഡം തുസാദ് മ്യൂസിയത്തിന്റെ മാതൃകയിൽ, പ്രശസ്തരായ ഇടം കൈയ്യരുടെ രൂപങ്ങളാണ് ഈ മ്യൂസിയത്തിലുളളത്. ഇന്ത്യൻ ലെഫ്റ്റ് ഹാൻഡർ ക്ലബിന്റെ നേതൃത്വത്തിലാണ് മ്യൂസിയം സ്ഥാപിച്ചത്.


ഇനി ലോകം അറിയപ്പെട്ട ഇടംകയ്യന്മാരുടെ കൂട്ടത്തിലെ ഏതാനും പ്രശസ്തരെ അറിയാം.

 ലിയനാർഡോ ഡാവിഞ്ചി : ലോകം കണ്ട ബഹുമുഖപ്രതിഭകളിൽ ഒരാളായ ഡാവിഞ്ചിയുടെ എഴുത്തുകൾ വായിക്കണമെങ്കിൽ മുഖം നോക്കുന്ന കണ്ണാടി വേണമായിരുന്നു. വലത്തുനിന്ന് ഇടത്തേക്ക് എഴുതിയിരുന്ന അദ്ദേഹം അങ്ങനെ ചെയ്തിരുന്നത് കത്തുകൾ രഹസ്യമായി സൂക്ഷിക്കാൻ വേണ്ടിയാണെന്ന് വാദങ്ങളുണ്ടായിരുന്നെങ്കിലും സത്യത്തിൽ, അദ്ദേഹം ഇടം‌കയ്യനായിരുന്നു.

മഹാത്മാ ഗാന്ധി: ഗാന്ധിജിയ്ക്ക് രണ്ട് കൈയും ഒരുപോലെ വഴങ്ങിയിരുന്നു. ഇടംകയ്യനായ ഗാന്ധിജിയെ ചെറുപ്പത്തിൽ വലത്തേക്ക് മാറ്റാൻ ശ്രമിച്ചതു കൊണ്ടാവും രണ്ടു കയ്യും ഒരുപോലെ വഴങ്ങിയത്.

രത്തൻ ടാറ്റ: ഇന്ത്യയിലെ പ്രധാന വ്യവസായികളിലൊരാളായ രത്തൻ ടാറ്റ ഇടതു കയ്യനാണ്. ഇതുകാരണം കുട്ടിക്കാലത്ത് പിയാനോ പഠിക്കാൻ താൻ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്ന് അദ്ദേഹം ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.

സച്ചിൻ തെണ്ടുൽക്കർ: സെഞ്ച്വറികൾ കൊണ്ട് റെക്കോർഡ് സൃഷ്ടിച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ഇക്കൂട്ടത്തിലെ മറ്റൊരു പ്രമുഖൻ. വലതുകൈകൊണ്ട് ബൗൾ ചെയ്യാനും ബാറ്റ് ചെയ്യാനും പരിശീലിച്ചെങ്കിലും, ഭക്ഷണം കഴിക്കാനും എഴുതാനുമുൾപ്പടെ ഇടത് കൈ ആണ് ഉപയോഗിക്കുന്നത്.

അമിതാഭ് ബച്ചൻ :ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചൻ ഇടം കൈയ്യനാണ്. അഭിനയത്തിൽ മാത്രമല്ല എഴുത്തിലും സംസാരിത്തിലുമെല്ലാം അദ്ദേഹം മികവ് പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ മകൻ അഭിഷേക് ബച്ചനും ഇടംകയ്യനാണ്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടംകയ്യനാണ്. ബരാക് ഒബാമയും ബിൽ ക്ലിന്റണുമടക്കം എട്ട് അമേരിക്കൻ പ്രസിഡന്റുമാർ ഇടംകയ്യന്മാരാണ്. ലോക സമ്പന്നരിൽ ഒരാളും മൈക്രോസോഫ്റ്റ് സ്ഥാപകനുമായ ബിൽ ഗേറ്റ്സ്, ടെന്നീസ് താരങ്ങളായ റാഫേൽ നദാൽ, മോണിക്ക സെലസ്, ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്, സനത് ജയസൂര്യ, ബ്രയാൻ ലാറ, എഴുത്തുകാരൻ ലൂയിസ് കരോൾ എന്നിങ്ങനെ പ്രശസ്തരായ ഇടംകയ്യന്മാർ അനേകമുണ്ട്.

മലയാള സിനിമയിൽ നിവിൻ പോളി,പ്രണവ് മോഹൻലാൽ, ആസിഫ് അലി എന്നിവർ  ഇടം കയ്യന്മാരാണ്.ധീരുഭായ് അംബാനി,  രജനീകാന്ത്,രവി ശാസ്ത്രി  ,സ്റ്റീവ് ജോബ്സ്, വില്യം രാജകുമാരന്‍, ചാള്‍സ് രാജകുമാരന്‍, ഹെന്‍ററി ഫോര്‍ഡ്, ഗാരി കാസ്പരോവ്, മറഡോണ, മാര്‍ക്ക് സുക്കര്‍ ബര്‍ഗ്, ഐസ്ക്ക് ന്യൂട്ടണ്‍, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, ചാര്‍ലി ചാപ്ലിന്‍,അമേരിക്കന്‍ മാധ്യമപ്രവർത്തകയും അവതാരകയുമായ ഓപ്ര വിന്‍ഫ്രി, അര്‍ബുദചികില്‍സയില്‍ നിര്‍ണായകമായ റേഡിയോ ആക്ടീവ് മൂലകമായ റേഡിയം കണ്ടുപിടിച്ച പോളിഷ് ശാസ്ത്രജ്ഞ മേരി ക്യൂറി ,ഹെലന്‍ കെല്ലര്‍ തുടങ്ങി മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തി വരെയുളള ഇന്‍റര്‍നാഷ്ണല്‍ പുലികള്‍ ഉള്‍പ്പെടുന്ന നീണ്ട നിര തന്നെയുണ്ട് ഇടം കയ്യന്‍മാരുടെ പട്ടികയില്‍. 

         

                                                        



Most Viewed Website Pages