കേരള ഭൂപരിഷ്കരണ നിയമം 82–ാം വകുപ്പനുസരിച്ച് നിർണയിക്കുന്ന ഭൂപരിധിയിൽ കൂടുതൽ ഭൂമി കൈ വശം വയ്ക്കാൻ പാടില്ല.
ഭൂപരിധി നിശ്ചയിക്കുന്നത് സ്ഥലത്തിന്റെയും വിളകളുടെയും സ്വഭാവവും ,കുടുംബാംഗങ്ങളുടെ എണ്ണവും അനുസരിച്ചാണ്. കുടുംബം എന്നു പറഞ്ഞാൽ ഭാര്യ, ഭർത്താവ്, അവിവാഹിതരും പ്രായപൂർത്തിയാകാത്തവരുമായ മക്കളും ഉൾപ്പെടും.വിളകളുടെയും സ്ഥലത്തിന്റെയും സ്വഭാവം അനുസരിച്ച് സാധാരണ ഏക്കർ, സ്റ്റാൻഡാർഡ് ഏക്കറായി കണക്കുകൂട്ടണം. ഓരോ ജില്ലയ്ക്കും ഈ അളവുകോല്‍ വ്യത്യസ്തമാണ്. വിശദമായ പട്ടിക നിയമത്തിൽ കൊടുത്തിട്ടുണ്ട്. ഉദാഹരണമായി കോഴിക്കോട് ജില്ലയിൽ ഒരേക്കർ തെങ്ങിൻതോപ്പ് ഒരു സ്റ്റാൻഡേർഡ് ഏക്കറായി കണക്കുകൂട്ടും. ഒരേക്കർ കമുകിൻതോപ്പ് അരസ്റ്റാൻഡേർഡ് ഏക്കറായി പരിഗണിക്കും. കുരുമുളകു കൃഷിയാണെങ്കിൽ ഒരേക്കർ മൂന്നര സ്റ്റാൻഡേർഡ് ഏക്കറിന് സമം. പരമാവധി കൈവശം വയ്ക്കാവുന്നത് 10 സ്റ്റാൻഡേർഡ് ഏക്കറാണ്. അത് സാധാരണ ഏക്കറായി കണക്കു കൂട്ടുമ്പോൾ 12 സ്റ്റാൻഡേർഡ് ഏക്കർവരെ ആകാം. എന്നാൽ 15 സാധാരണ ഏക്കറിൽ കൂടരുത്. ഭൂപരിധിയെപ്പറ്റിയുള്ള തർക്കങ്ങളില്‍ തീരുമാനമെടുക്കുന്നത് ലാൻഡ് ബോർഡാണ്.