എല്ലാ ദിവസവും ദേശീയ പതാക ഉയർത്താൻ ഭാഗ്യമുള്ളവർ

ദേശീയ പതാക ഉയർത്തലിനെ അത്രയ്ക്കു മഹാത്മ്യത്തോടെയാണു നമ്മുടെ നാടും ജനതയും വീക്ഷിക്കുന്നത്. രാഷ്ട്രപതിക്കും , പ്രധാനമന്ത്രിക്കും , ഗവർണർക്കും , മുഖ്യമന്ത്രിക്കുമെല്ലാം ദേശീയപതാക ഉയർത്താൻ അവസരം ലഭിക്കുന്നതു വിശേഷ ദിവസങ്ങളിൽ മാത്രം. എല്ലാ ദിവസവും ദേശീയപതാകയെ വന്ദിക്കാനും ഔദ്യോഗികമായി അത് ഉയർത്താനും ഭാഗ്യം ലഭിച്ചിട്ടുള്ള വ്യക്തികൾ ഉണ്ട്. പ്രധാന സർക്കാർ സ്ഥാപനങ്ങളിൽ ദിവസവും ദേശീയപതാക ഉയർത്തുന്നവരാണിവർ. കലക്ടറേറ്റിൽ ചൗക്കിദാർ, മറ്റു സ്ഥാപനങ്ങളിൽ സാർജന്റ്, ദഫേദാർ, ശിരസ്തദാർ തുടങ്ങിയ പല പേരുകളിലാണ് ഈ ഭാഗ്യവാൻമാർ അറിയപ്പെടുന്നത്. കേരള ഹൈകോടതിയിൽ നൈറ്റ് വാച്ചർമാർക്കാണ് ഇതിന്‍റെ ചുമതല .

ദിവസവും രാവിലെ പതാക ഉയർത്തലും അസ്തമയത്തിനു മുൻപു താഴ്ത്തലുമാണ് ഇവരുടെ ദൗത്യം. പതാക പ്രോട്ടോക്കോളിൽ പരിശീലനം ലഭിച്ചവരാണിവർ.

കാഴ്ചക്കാരില്ലെങ്കിലും പ്രോട്ടോക്കോൾ പാലിച്ചാണു ദിവസവും ദേശീയപതാക ഉയർത്തുന്നത്. കൊടിമരച്ചുവട്ടിലേക്കു പതാക കൊണ്ടുപോകുന്നതിനും ഉയർത്തലിനും താഴ്ത്തലിനും തിരികെ കൊണ്ടു പോരുന്നതിലുമൊക്കെ പാലിക്കേണ്ട ആദരവ് പതാക പ്രോട്ടോക്കോളിൽ അക്കമിട്ടു നിരത്തിയിട്ടുണ്ട്. പതാക കെട്ടാനും അഴിച്ചെടുത്തു മടക്കാനുമൊക്കെ കൃത്യമായ മാനദണ്ഡങ്ങളുണ്ട്. 

രാവിലെ 6ന് ഉയർത്തും, വൈകിട്ട് 6നാണു പതാക താഴ്ത്തുന്നത്. ചൗക്കിദാർ പദവിയിൽ ചുമതലയേൽക്കും മുൻപ് ദേശീയ പതാകയുടെ മഹാത്മ്യവും പതാകയോടു പുലർത്തേണ്ട ആദരവും സംബന്ധിച്ച് ഇവർക്കു പരിശീലനം നൽകുന്നുണ്ട്. ചില സ്ഥാപനങ്ങളിൽ സുരക്ഷാ ജീവനക്കാർക്കാണു ദേശീയ പതാക ഉയർത്താനുള്ള ചുമതല. എല്ലാ ദിവസവും പതാക ഉയർത്തുന്ന ചൗക്കിദാർമാർ കലക്ടറേറ്റിന്‍റെ കാവൽക്കാർ ആണെങ്കിലും ഇവരുടെ പ്രധാന ജോലി ദേശീയ പതാകയുടെ കാവലാണ്. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം എന്നിവ ഒഴികെയുള്ള ബാക്കി ദിവസങ്ങളിലെല്ലാം ഇത് ചെയ്യുന്നത് ഇവരായിരിക്കും. പതാക കൊടിമരത്തിൽ കുടുങ്ങുന്ന സന്ദർഭങ്ങളിൽ പോലും ചട്ടപ്രകാരം അഡീഷനൽ ജില്ല മജിസ്ട്രേറ്റിന്‍റെ അനുമതി വാങ്ങിയ ശേഷമാണ് താഴെ ഇറക്കുന്നത്.

                                                        



Most Viewed Website Pages