ഇന്ത്യയിൽ ക്രിക്കറ്റിന്റെ ഉദ്ഭവം എവിടെയായിരുന്നു?
തെക്കൻ ഗുജറാത്തിലെ മുക്കുവ ഗ്രാമമാണ് താങ്കരി ബന്ദർ. ഇവിടെ കടൽതീരത്ത് 1721 ൽ ബ്രിട്ടിഷുകാർ ക്രിക്കറ്റ് കളിച്ചതായി ചരിത്രകാരന്മാർ പറയുന്നു.
പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം കടൽ വാഴ്ചയുടേതാണ്. യൂറോപ്യൻ ശക്തികൾ കോളനികൾ തേടി കടലിൽ വാണ കാലം. അക്കാലത്താണ് കച്ചവടക്കണ്ണോടെ ഏതാനും വിദേശികൾ ഗുജറാത്തിലെത്തിയത്. അക്കൂട്ടത്തിലുണ്ടായിരുന്ന ഇംഗ്ലിഷ് സയ്‌ലർ ക്ലമന്റ് ഡൗണിംഗാണ് ഹിസ്റ്ററി ഓഫ് ഇന്ത്യൻ വാർസ് എന്ന പുസ്തകത്തിൽ ആ കളിയെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ളത്. കടൽക്ഷോഭം കാരണം തീരത്തണഞ്ഞ കപ്പലിലുള്ളവർ രണ്ടാഴ്ചക്കാലമാണ് ഗുജറാത്ത് തീരത്തെ മാവിൻ ചുവട്ടിലും , പുളിമരത്തിന്റെ തണലിലും തമ്പടിച്ചത്. കച്ചവടസംഘം ഭയചകിതരായിരുന്നു. അവസാനമായി ഈ തീരത്തെത്തിയ ബ്രിട്ടിഷ് സയ്‌ലർ ഗ്രാമീണർക്കു നേരെ വെടിയുതിർക്കുകയും അവർ ആ നാവികനെയും കൂട്ടുകാരെയും വെട്ടിനുറുക്കുകയും ചെയ്തിരുന്നു.
ആ ഭയത്തിൽനിന്ന് മോചനം നേടാൻ കൂടിയായിരുന്നു സംഘം ക്രിക്കറ്റ് കളിയിലും മറ്റു വ്യായാമങ്ങളിലും മുഴുകിയത്. പടയാളികൾ തമ്പിന് സുരക്ഷയൊരുക്കി. നാവികർ തോക്കുമെടുത്ത് ചന്തയിൽ പോയി ആവശ്യമുള്ള വസ്തുവകകൾ ശേഖരിച്ചു. വാള് വീശുകയും, തലയറുക്കുമെന്ന് സൂചിപ്പിക്കുകയും ചെയ്ത് ഗ്രാമീണർ അവരെ സ്വാഗതം ചെയ്തു. പക്ഷെ ഈ വിചിത്ര വിദേശികളുടെ കളി സംഘർഷാവസ്ഥയിൽ അൽപം അയവ് വരുത്തി.
ആ രണ്ടാഴ്ച കുഴപ്പമില്ലാതെ കടന്നുപോയി. ഗ്രാമമുഖ്യന്മാർ കുതിരപ്പുറത്തേറി കളി കാണാനെത്തി. മുളവടിയും , വടിവാളുമേന്തി അംഗരക്ഷകർ അവർക്ക് കാവൽ നിന്നു.
എവിടെയാണ് ആ കളി നടന്നതെന്ന് കപ്പൽ രേഖകളും ചാർട്ടുകളുമുപയോഗിച്ച് ജോൺ ഡ്ര്യൂ എന്ന ബ്രിട്ടിഷ് ഗവേഷകൻ അനുമാനിച്ചിട്ടുണ്ട്. നാവികർ ആക്രമണമാണ് പ്രതീക്ഷിച്ചതെന്നും പകരം കൗതുകത്തോടെ കളി കാണാനെത്തിയ ഗ്രാമീണരെയാണ് അവർ കണ്ടതെന്നും അദ്ദേഹം എഴുതുന്നു. ആ കളിയിൽ ഗ്രാമീണരും പങ്കെടുത്തിട്ടുണ്ട്.
പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടിഷ് സൈനികർ തലശ്ശേരിയിൽ ക്രിക്കറ്റ് കളിച്ചതായി പറയുന്നുണ്ട്. പക്ഷെ അത് എന്ന്, എവിടെ എന്നതിന് വ്യക്തമായ രേഖകളില്ല.