കോലം

തറയില്‍ വരയ്ക്കുന്ന രൂപങ്ങളെയാണ് കോലം എന്നത് കൊണ്ടുദ്ദേശിക്കുന്നത് . പ്രഭാതത്തില്‍ മുറ്റമടിച്ച് തളിച്ചശേഷം  മനോഹരമായി കോലം വരയ്ക്കുന്നത് ഒരു പ്രത്യേക വിഭാഗത്തിന്‍റെ ഇടയില്‍ ഇന്നും പതിവുള്ളതാണ്. ഇത് മംഗളകരവും ഐശ്വര്യപ്രദവുമായി കരുതപ്പെടുന്നു. തമിഴ്‌നാട്ടിലും കേരളത്തിലെ തമിഴ് ബ്രാഹ്മണര്‍ക്കിടയിലും കോലം വരയ്ക്കുന്നത് പ്രധാന ആചാരമായി കാണുന്നു. സ്ത്രീകളാണ് പൊതുവേ കോലം ഇടാറുള്ളത്.

സൂര്യോദയത്തിനു മുമ്പ് മുറ്റമടിച്ച് ചാണക വെള്ളം തളിച്ച് ശുദ്ധമാക്കിയിട്ടാണ് കോലം വരയ്ക്കേണ്ടത്. അരിപ്പൊടിയാണ് ഇതിനായി സാധാരണ ഉപയോഗിക്കുന്നത്. പണ്ട് ചാണകം മെഴുകിയ തറയിലായിരുന്നു കോലം വരച്ചിരുന്നത്. ഇത് പിന്നെ ഉറുമ്പുകള്‍ക്കും പക്ഷികള്‍ക്കും ആഹാരമാവുകയാണ് ചെയ്യുന്നത്. ചിലർ ചുണ്ണാമ്പുകല്ല്‌ പൊടിയോ, വെള്ളാരംകല്ല് പൊടിയോ ഉപയോഗിക്കാറുണ്ട്. 

വീടുകളുടെ അകത്ത് മിനുസമുള്ള തറയില്‍, അരിയരച്ച് നേര്‍ത്ത മാവാക്കി അതില്‍ ഒരു തുണിക്കഷ്ണം മുക്കി അത് കൈയില്‍ വെച്ച് മെല്ലെ ഞെക്കി വിരലുകളിലൂടെ വരയ്ക്കുകയാണ് പതിവ്. ഇതിന് മാവുകോലം എന്നു അറിയപ്പെടുന്നു. കോലം മംഗളസൂചകമായതിനാല്‍ ശ്രാദ്ധം, പുല എന്നിവയുള്ള ദിവസങ്ങളില്‍ കോലം വരയ്ക്കാറില്ല. വിശേഷ ദിവസങ്ങളില്‍ വിപുലമായി കോലം വരയ്ക്കും. വെളുപ്പിന് തീ പൂട്ടുന്നതിനു മുന്‍പ് അടുപ്പു വൃത്തിയാക്കി അതിനുമുകളില്‍ ചെറിയ കോലം വരയ്ക്കാറുണ്ട്. തറയില്‍ നിലവിളക്കു വയ്ക്കുന്നയിടത്തും കോലമിടുന്നു.

പല തരത്തിലാണ് കോലങ്ങളുടെ രചന. പൊട്ട് (പുള്ളി) വെച്ച് വളഞ്ഞ വരകള്‍ വരക്കുന്നവ, നേര്‍വരയോടെ ജ്യാമിതീയ രൂപങ്ങള്‍ വരയ്ക്കുന്നവ, വേദികളില്‍ വിപുലമായി വരക്കേണ്ടവ എന്നിങ്ങനെ പലതരത്തിലുണ്ട്. കോലം വരയ്ക്കുന്നതിന്‍റെ ഒരു പ്രത്യേകതയാണ് ഒരു ഘടകം വരച്ച് അതിനോട് വേറെ ഘടകങ്ങള്‍ ചേര്‍ത്ത് വിപുലമാക്കുക എന്നത്. ചെറിയവ മുതല്‍ വളരെ വിസ്താരമുള്ള കോലങ്ങള്‍ വരെ സന്ദര്‍ഭമനുസരിച്ച് വരയ്ക്കാറുണ്ട്. ശിവരാത്രി, മകരസംക്രാന്തി,പൊങ്കല്‍ തുടങ്ങിയ വിശേഷദിവസങ്ങളില്‍ വലിയ വര്‍ണ്ണ ശബളമായ കോലങ്ങള്‍ വരയ്ക്കുന്നു. 

തകരം കൊണ്ടുള്ള ചെറിയ ചെപ്പുകളുടെ അടിഭാഗത്ത് രൂപങ്ങളോ , ഡിസൈനുകളോ തുളച്ച് ആ ചെപ്പില്‍ അരിപ്പൊടി നിറച്ച് നിലത്ത് തട്ടിയാല്‍ നിലത്ത് ആ രൂപം തെളിയും. ചെപ്പുകളില്‍ കള്ളികളുണ്ടാക്കി കള്ളികളില്‍ നിറമുള്ള മാവ് നിറച്ച് ഉപയോഗിച്ചാല്‍ നിറമുള്ള രൂപങ്ങളിടാം. കൈയില്‍ നിറയെ പൊടിയെടുത്ത് വിരലുകളുടെ ഇടയില്‍ കൂടി നിലത്തു പതിപ്പിച്ച് വരയ്ക്കുന്നവരുമുണ്ട്. പ്രത്യേക കോലങ്ങള്‍ തുളസിത്തറയിലും ഇടാറുണ്ട്.

തെക്കേ ഇന്ത്യയില്‍ പലയിടങ്ങളിലും സ്ത്രീകള്‍ രാവിലെ വീടിന് മുറ്റത്ത് കോലം വരയ്ക്കുന്ന പതിവ് ഉണ്ട്.  നല്ല ആരോഗ്യത്തിനും , സമ്പത്തിനും തിന്മയ്ക്ക് എതിരായിട്ടാണ് കോലം വരയ്ക്കുന്നത് എന്നാണ് പറയാറ്.  കോലത്തിന്റെ വടക്കേയിന്ത്യൻ വകഭേദം രംഗോളി എന്നറിയപ്പെടുന്നു. കൈയിൽ നിറയെ പൊടിയെടുത്ത് വിരലുകളുടെ ഇടയിൽ കൂടി നിലത്തു പതിപ്പിച്ച് വരയ്ക്കുവാൻ സമർത്ഥരായ സ്ത്രീകളുണ്ട്. ഓരോ ദിവസവും ആഴ്ചക്രമത്തിൽ പ്രത്യേക കോലങ്ങൾ തുളസിത്തറയിൽ വരയ്ക്കാറുണ്ട്.

ദ്രാവിഡരുടെ വിളവെടുപ്പുത്സവമായ പൊങ്കലിന് വിവിധതരം കോലപ്പൊടി ഉപയോഗിച്ച് വരയ്ക്കുന്ന മനോഹരമായ കോലങ്ങളെ പൊങ്കൽ കോലം എന്ന് വിളിക്കുന്നു. പൊങ്കലിന്റെ രണ്ടാം ദിനമായ തൈപ്പൊങ്കലിനാണ് വീട്ടുമുറ്റത്ത് വർണാഭമായ കോലം വരച്ച് തൈപ്പൊങ്കലിനെ വരവേൽക്കുന്നത്. വീടിനുമുന്നിൽ അടുപ്പുകൂട്ടി പൊങ്കൽ പായസമുണ്ടാക്കുന്നത് ഈ ദിനമാണ്. 

കേരളത്തിലെ ചില അനുഷ്ഠാന കലാരൂപങ്ങളിൽ "'കോലം'" ഒരു പ്രധാന ഘടകമാണ്. ദേവപ്രീതിക്കായി കോലം കെട്ടിയാടുന്ന അനുഷ്ഠാന കലാരൂപങ്ങളാണ് തിറയാട്ടം, തെയ്യം ,പടയണി, മുടിയേറ്റ്‌, തീയ്യാട്ട്‌ എന്നിവ. കാവുകളും, ക്ഷേത്രങ്ങളും കേന്ദ്രീകരിച്ചാണ് ഈ കലാരൂപങ്ങൾ അരങ്ങേറുന്നത്. ദേവതകളുടെ രൂപഭാവങ്ങൾ പ്രതിഫലിപ്പിക്കുന്ന പ്രത്യേക രീതിയിലുള്ള ചമയങ്ങൾ കലാകാരൻ അണിയുന്നു.

മുഖത്തെഴുത്തും, മെയ്യെഴുത്തും, മുടികളും, പൊയ്മുഖവും മറ്റ് ആടയാഭരണങ്ങളും നിയതമായ രീതിയിൽ കോലധാരിയിൽ ചമയിക്കുന്നു. ഈ വേഷധാരിയെ പൊതുവേ "കോലം" എന്നു വിളിക്കുന്നു. തിറക്കോലം, തെയ്യക്കോലം, പടയണിക്കോലം എന്നിങ്ങനെ അനേകം കോലങ്ങൾ കേരളത്തിലെ അനുഷ്ഠാന കലാരംഗത്ത് ദർശിക്കാനാകും.  പുരാതന ഗോത്രാചാരങ്ങളുടെ പിൻതുടർച്ചയാണ് കോലങ്ങൾ. തിരുവിതാംകൂറിലെ പടയണി കോലങ്ങളും, തെക്കൻ മലബാറിലെ തിറയാട്ട കോലങ്ങളും, വടക്കൻ മലബാറിലെ തെയ്യക്കോലങ്ങളും വളരെ പ്രസിദ്ധമാണ്.

                                                        



Most Viewed Website Pages