ആരാണ് യഹോവ സാക്ഷികൾ?


അമേരിക്കക്കാരനായ ചാൾസ് ടെയ്‌സ് റസ്സൽ എന്ന ബൈബിൾ ഗവേഷകൻ 1876-ൽ സ്ഥാപിച്ച ബൈബിൾ വിദ്യാർത്ഥികൾ എന്ന നിഷ്പക്ഷ ബൈബിൾ പഠന സംഘടനയാണ് പല നവീകരണങ്ങൾക്കു ശേഷം 1931-ൽ യഹോവയുടെ സാക്ഷികൾ ( Jehovah witness ) എന്ന നാമം സ്വീകരിച്ചത്. യഹോവ സാക്ഷികൾ 1905-ൽ കേരളത്തിൽ പ്രചാരണത്തിനെത്തിയെങ്കിലും 1950-കളിലാണ് ഇവർ സജീവമായിത്തുടങ്ങിയത്.

യഹോവയുടെ സാക്ഷികൾ എന്നതാണ് ഔദ്യോഗിക നാമമെങ്കിലും കേരളത്തിൽ ഇവരെ ‘യഹോവാ സാക്ഷികൾ’ എന്നാണ് വിളിക്കപ്പെടുന്നത്. യഹോവയുടെ സാക്ഷികളുടെ സ്ഥാപകനായ സി ടി റസ്സൽ 1912ൽ തിരുവനന്തപുരത്ത് പ്രസംഗിച്ച സ്ഥലം ഇപ്പോഴും റസ്സൽപുരം എന്നാണ് അറിയപ്പെടുന്നത്. തിരുവനന്തപുരത്തെ ബാലരാമപുരം പഞ്ചായത്തിലാണ് റസ്സൽപുരം. തിരുവിതാംകൂർ മഹാരാജാവ് റസ്സലിനെ ഹാർദമായി സ്വാഗതം ചെയ്തു എന്നാണ് ചരിത്രം. തിരുവനന്തപുരം സർവകലാശാല സെനറ്റ് ഹാളിൽ റസ്സലിന്റെ ചിത്രം സ്ഥാപിച്ചിട്ടുണ്ട്.

യഹോവ സാക്ഷികൾ ബൈബിളിനെ അംഗീകരിക്കുന്നവരാണെങ്കിലും മൗലികവാദികളെല്ലാന്നാണ് അവർ പറയുന്നത്. ബൈബിളിലെ പല ഭാഗങ്ങളും ആലങ്കാരിക ഭാഷയിലോ പ്രതീകങ്ങൾ ഉപയോഗിച്ചോ ആണ് എഴുതിയിരിക്കുന്നതെന്നും അവ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കേണ്ടവയല്ലെന്നുമാണ് അവർ വിശ്വസിക്കുന്നത്. യേശുവിന്റെ പഠിപ്പിക്കലും , മാതൃക പിൻപറ്റുകയും രക്ഷകനും ദൈവപുത്രനുമെന്ന നിലയിൽ ആദരിക്കുകയും ചെയ്യുന്നു. ആ അർത്ഥത്തിൽ ക്രിസ്ത്യാനികളായാണ് സ്വയം വിശേഷിപ്പിക്കുന്നത്. എന്നിരുന്നാലും യേശു സർവശക്തനായ ദൈവമല്ലെന്നും ത്രിത്വോപദേശത്തിന് തിരുവെഴുത്തടിസ്ഥാനമല്ലെന്നും ബൈബിളിൽ നിന്നും പഠിച്ചിരിക്കുന്നുവെന്നുമാണ് യഹോവ സാക്ഷികൾ പറയുന്നത്.

യഹോവ സാക്ഷികളുടെ കണ്ണിൽ സ്വർഗത്തിൽ നിന്നും ഭരിക്കുന്ന ഒരു യഥാർത്ഥ സർക്കാരാണ് ദൈവരാജ്യം. അല്ലാതെ ക്രിസ്ത്യാനികളുടെ ഹൃദയത്തിൽ തോന്നുന്ന ഒരു അവസ്ഥയല്ല. മനുഷ്യ സർക്കാരുകളെയെല്ലാം നീക്കിയശേഷം ഭൂമിയെ സംബന്ധിച്ച ദൈവോദ്ദേശ്യം നിറവേറ്റപ്പെടുമെന്നും ബൈബിൾ പ്രവചനം സൂചിപ്പിക്കുന്നതിന് അനുസരിച്ച് നമ്മൾ ജീവിക്കുന്നത് അന്ത്യകാലത്ത് ആയതിനാൽ ദൈവരാജ്യം എത്രയും പെട്ടെന്ന് ഇക്കാര്യങ്ങളെല്ലാം നടപ്പിലാക്കുമെന്നുമാണ് യഹോവ സാക്ഷികൾ പറയുന്നത്.

യേശു സ്വർഗത്തിൽ നിന്ന് ഭരിക്കുന്ന ദൈവരാജ്യത്തിന്റെ രാജാവാണെന്നും ആ ഭരണം 1914-ൽ ആരംഭിച്ചുവെന്നും അവർ വിശ്വസിക്കുന്നു. ഇവരുടെ ആരാധനാലയത്തെ ‘രാജ്യഹാൾ’ എന്നാണ് വിളിക്കുന്നത്. കുരിശോ മറ്റു വിഗ്രഹങ്ങളോ ആരാധനക്കായി ഇവർ ഉപയോഗിക്കാറില്ല. വീടുതോറുമുള്ള സുവിശേഷ പ്രവർത്തനം ഇവരുടെ മുഖമുദ്ര ആണ്. വീക്ഷാഗോപുരം, ഉണരുക എന്നീ മാസികകൾ ഇവരുടെ പ്രസിദ്ധീകരണങ്ങളാണ്.

മതപ്രേരിതമായും, രാഷ്ട്രീയപ്രേരിതമായും ഇവർക്കെതിരെയുള്ള നീക്കങ്ങളും അക്രമങ്ങളും മിക്ക രാജ്യങ്ങളിലും തന്നെ ഉണ്ടായിട്ടുണ്ട്. ഇവരുടെ പ്രവർത്തനങ്ങളും, പ്രസിദ്ധീകരണങ്ങളും ഇപ്പോഴും ചൈന, വിയറ്റ്‌നാം, ഇസ്ലാമിക രാജ്യങ്ങൾ തുടങ്ങിയവയിൽ നിരോധിച്ചിരിക്കുന്നു.

യേശു ദൈവത്തിന്റെ പുത്രനാണ് എന്നും ദൈവമല്ല എന്നുമാണ് ഇവരുടെ വിശ്വാസം. ലോകത്തുടനീളം 85 ലക്ഷം പേർ ഈ വിശ്വാസം പിന്തുടരുന്നുണ്ട് എന്നാണ് കണക്ക്. കേരളത്തിൽ ഇവര്‍ പതിനയ്യായിരത്തോളം വരും. 

 പരമ്പരാഗത ക്രിസ്ത്യൻ വിശ്വാസത്തിലെ ആത്മാവിന്റെ അനശ്വരത, നരകം എന്നിവയും ഇവർ വിശ്വസിക്കുന്നില്ല. ഇവയെല്ലാം വേദഗ്രന്ഥത്തിലില്ലാത്ത വിഷയങ്ങളാണ് എന്നാണ് ഇവർ പറയുന്നത്. ക്രിസ്തുമസ്, ഈസ്റ്റർ, ജന്മദിനങ്ങൾ എന്നിവയും ആചരിക്കാറില്ല. വൈദീകരോ ശമ്പളം പറ്റുന്ന പുരോഹിതന്മാരോ ഇല്ല. എല്ലാ പ്രവർത്തകരും സന്നദ്ധ സേവകർ ആണ്. പുകവലി, മുറുക്ക്, മയക്കുമരുന്ന് ദുരുപയോഗം, അസഭ്യം തുടങ്ങിയവ നിഷിദ്ധമാണ്.

ന്യൂ വേൾഡ് ട്രാൻസ്‌ലേഷൻ ഓഫ് ദ ഹോളി സ്‌ക്രിപ്‌ചേഴ്‌സ് എന്ന പേരിൽ ഈ വിഭാഗം ബൈബിളിന്റെ പ്രത്യേക പതിപ്പാണ് വിശുദ്ധഗ്രന്ഥമായി ഉപയോഗിക്കുന്നത്. 

സൈനിക സേവനത്തെ യഹോവ സാക്ഷികളുടെ വിശ്വാസം എതിർക്കുന്നു. ദേശീയ ഗാനം, പതാക തുടങ്ങിയ രാഷ്ട്രപ്രതീകങ്ങളെ ഇവർ അഭിവാദ്യം ചെയ്യാറില്ല.ഇന്ത്യയുടേത് മാത്രമല്ല ഇംഗ്ലണ്ടിലെ ഗോഡ് സേവ് ദ ക്വീൻ, അമേരിക്കയിലെ അവർ ദ സ്റ്റാർ സ്പാംഗിൾഡ് ബാന്നർ ഗാനങ്ങളും ഇവർ ആലപിക്കാറില്ല.സൈനിക സേവനത്തിന് സന്നദ്ധരാകാത്തതു മൂലം നിരവധി രാഷ്ട്രങ്ങളിൽ യഹോവ സാക്ഷികള്‍ പീഡനത്തിന് വിധേയരായിട്ടുണ്ട്. നാസി ജർമനിയിലും , സോവിയറ്റ് റഷ്യയിലുമായിരുന്നു ഇവർക്കെതിരെയുള്ള അതിക്രമങ്ങൾ കൂടുതലും. ഹിറ്റ്‌ലറുടെ സൈന്യത്തിൽ ചേരാൻ വിസമ്മതിച്ചു മൂലം ആയിരക്കണക്കിന് യഹോവ സാക്ഷികളെ തടങ്കലിൽ പാർപ്പിക്കുകയും കൊല്ലുകയും ചെയ്തിട്ടുണ്ട്.

                                                        



Most Viewed Website Pages