എന്താണ് കാറ്റ്?
നമ്മുടെ പരിസ്ഥിതിയിൽ വായു നിറഞ്ഞിരിക്കുകയാണല്ലൊ.ഈ വായുവിൻ്റെ ചലനത്തെയാണ് കാറ്റ് എന്ന് വിളിക്കുന്നത്.വായു ചലിക്കാൻ കാരണം സൂര്യനാണ്. സൂര്യൻറെ താപം ഭൂമിയുടെ ഉപരിതലത്തെ ചൂടാക്കുന്നു.ഭൂമി അച്ചുതണ്ടിൽ ചലിച്ചുകൊണ്ടിരിക്കുന്നതിനാൽ എല്ലായിടത്തും ഒരുപോലെ അല്ല ചൂടാവുക. ചൂട് കൂടിയ പ്രദേശത്തുള്ള വായു മുകളിലേക്ക് ഉയരുകയും ചൂട് കുറഞ്ഞ പ്രദേശത്തുള്ള വായു ചൂട് കൂടിയ വായു ബാക്കി വെച്ച പ്രദേശത്തേക്ക് ഒഴുകുകയും ചെയ്യും. ഉദാഹരണം നോക്കിയാൽ കരയും കടലും ചൂടാവുന്നത് രണ്ട് തരത്തിലാണ്. കര കടലിനെ അപേക്ഷിച്ച് കൂടുതൽ ചൂടാവുകയും ആ താപം ഉപരിതലത്തിലുള്ള വായുവിനെ ചൂടാക്കുകയും ചെയ്യുന്നു. ചൂടായ വായു വികസിച്ച് മുകളിലേക്കുയരുന്നു.കരയുടെ മുകളിൽ അന്തരീക്ഷ മർദ്ദം കുറയുന്നു. മർദ്ദം കൂടിയ കടലിനു മുകളിലെ വായു കരയിലേക്ക് പ്രവഹിക്കും ഇതിനെയാണ് കടൽക്കാറ്റ് എന്ന് പറയുക. കടലിൽ നിന്ന് കരയിലേക്ക് തുടർച്ചയായെത്തുന്ന കാറ്റ് തുടർച്ചയായി ചൂടാവുകയും മുകളിലേക്ക് ഉയരുകയും ചെയ്യുന്നു.ഇതുമൂലം പകൽ മുഴുവൻ കടൽക്കാറ്റ് ഉണ്ടായിക്കൊണ്ടിരിക്കുന്നു.സൂര്യൻ അസ്തമിക്കുന്നതോടുകൂടി കര വേഗം തണുക്കുന്നു.ഈ സമയം കടലിനു മുകളിലുള്ള വായു ചൂടിലായിരിക്കും.മർദ്ദവും കുറവായിരിക്കും.മർദ്ദം കൂടിയ കരയിലെ കാറ്റ് കടലിലേക്ക് പ്രവഹിക്കും കടലിലെ കാറ്റുമായി കലർന്ന് ആ വായു ചൂടാവുന്നു,മർദ്ദം കുറയുന്നു, മുകളിലേക്ക് പ്രവഹിക്കുന്നു. ഇതിനെ കാരക്കാറ്റെന്നു പറയുന്നു. ഇത് രാത്രി തുടർന്നു കൊണ്ടിരിക്കും. പുറത്ത് കാറ്റില്ലെങ്കിൽ വീട്ടിൽ ഫാനിൻ്റെ കാറ്റിന് ചെറിയ തണുപ്പ് അനുഭവപ്പെടാനുള്ള കാരണം നോക്കാം. പുറകിലുള്ള കാറ്റിനെ ഫാൻ മുന്നിലേക്ക് തള്ളിവിടുന്നതല്ലാതെ തണുപ്പിക്കാൻ ഒന്നും ചെയ്യുന്നില്ല.ശരീരത്തിലെ ചൂട് സംവഹനമെന്ന പ്രക്രിയയിലൂടെ ചുറ്റുപാടുള്ള പരിസ്ഥിതിയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. മറ്റൊന്ന് ശരീരത്തിൽ ഉണ്ടാകുന്ന വിയർപ്പ് ശരീരത്തിലെ ചൂടിനെ ആഗിരണം ചെയ്ത് ബാഷ്പീകരണത്തിലൂടെ ആവിയാക്കി മാറ്റി അന്തരീക്ഷത്തിലേക്ക് വിടുന്നു. ഇതിലൂടെ ശരീരത്തിലെ ചൂട് കുറയും.





