എവിടെയാണ് ഒരിക്കലും മഴ പെയ്യാത്ത ഗ്രാമം?
ലോകത്ത് ഒരിക്കലും മഴ പെയ്യാത്ത ഒരു ഗ്രാമമുണ്ട് .ഈ സ്ഥലം ഒരു തരിശു മരുഭൂ മിയല്ല . മറിച്ച് ആളുകൾ താമസിക്കുന്ന ഗ്രാമമാണ് . യെമൻ തലസ്ഥാനമായ സനയ് ക്കും അൽ ഹുദൈദയ്ക്കും ഇടയിലുള്ള പർവതപ്രദേശമായ ജബൽ ഹരാസിലെ സനാ ഗവർണറേറ്റിൽ സ്ഥിതി ചെയ്യുന്ന അൽ- ഹുതൈബ് എന്ന ഗ്രാമമാണ് ഒരിക്കലും മഴ പെയ്യാത്ത ആ ഗ്രാമം.
ആദ്യ കാഴ്ചയില്‍ സാധാരണ ഒരു ഗ്രാമം പോലെയാണ് അല്‍ ഹുതൈബ് തോന്നിക്കുക. സമുദ്രനിരപ്പില്‍ നിന്ന് 3,200 മീറ്റർ വരെ ഉയരത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ചുവന്ന മണ്‍ക്കല്ലുകളാല്‍ നിറഞ്ഞ ഭൂപ്രകൃതി. നിറയെ കുന്നും , മലകളും അവയ്ക്കിടയില്‍ നിര്‍മിച്ച വീടുകളും. കൂടാതെ, ചരിത്ര നിര്‍മിതി കളും ധാരാളമുണ്ട്. ഇവിടെ ഉയരത്തില്‍ നിന്നും നോക്കിയാല്‍ ചുറ്റും കാണുന്ന കാഴ്ചകള്‍ സഞ്ചാരികളുടെ മനംകവരുന്നവയാണ്.
മേഘങ്ങൾക്ക് മുകളിലായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് എന്നതാണ് അല്‍ ഹുതൈബ് ഗ്രാമത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. അതുതന്നെയാണ് ഇവിടെ മഴ പെയ്യാത്തതിനുള്ള കാരണം. മേഘങ്ങൾ ഇവരുടെ താമസസ്ഥലത്തിനു താഴെയായി രൂപപ്പെടുകയും താഴെയുള്ള പ്രദേശത്തേക്ക് മഴ പെയ്യുകയും ചെയ്യുന്നു. പുരാതനവും , ആധുനികവുമായ വാസ്തുവിദ്യാരീതികളെ ഗ്രാമീണവും നഗരപരവുമായ സവിശേഷതക ളുമായി സമന്വയിപ്പിക്കുന്ന നിരവധി നിര്‍മിതികള്‍ ഇവിടെയുണ്ട്. മൂന്നാമത്തെ ദാവൂദി ബൊഹ്‌റ ദായി അൽ-മുത്‌ലഖ് ഹാതിം ഇബ്‌നു ഇബ്രാഹിമിന്‍റെ ശവകുടീരം ഈ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. വര്‍ഷംതോറും പതിനായിരക്കണക്കിന് വിശ്വാസികള്‍ ഈ ശവകുടീരം സന്ദര്‍ശിക്കാന്‍ ഇവിടെയെത്തുന്നു.
ഹതിമി മസ്ജിദ്, മൻസൂർ അൽ യെമൻ മസ്ജിദ് എന്നിങ്ങനെ രണ്ട് സ്കൂളുകളും രണ്ട് പള്ളികളും ഈ ഗ്രാമത്തിലുണ്ട്. ഇവിടെയുള്ള കോട്ടയ്ക്ക് ചുവട്ടിലായി ‘അനുഗ്രഹങ്ങളുടെ ഗുഹ’(അറബിയിൽ കഹ്ഫ് ഉൻ-നയീം) ഗുഹയും സ്ഥിതിചെയ്യുന്നു.
ചരിത്ര വിവരണങ്ങൾ അനുസരിച്ച്, ഈ ഗ്രാമം ഒരിക്കൽ അൽ- സുലൈഹി ഗോത്രത്തിന്‍റെ ശക്തികേന്ദ്രമായിരുന്നു. പതിനൊന്നാം നൂറ്റാണ്ടിൽ ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷ നേടുന്നതിനായാണ് അവര്‍ ഈ പ്രദേശത്ത് ഇത്രയും ഉയരത്തില്‍ ഈ ഗ്രാമം നിർമിച്ചത്. അൽ- ബോറ അഥവാ അൽ- മുഖർമ്മ എന്ന വിഭാഗത്തിലുള്ള ആളുകളാണ് ഇപ്പോള്‍ ഇവിടെ വസിക്കുന്നത്. യെമൻ കമ്മ്യൂണിറ്റികൾ എന്നും ഇവരെ വിളിക്കാറുണ്ട്.




