ഓസോൺ ശ്വസിക്കാൻ പറ്റുമോ?
മൂന്ന് ആറ്റങ്ങൾ ചേർന്ന് രൂപപ്പെടുന്ന ഓസോൺ എന്നത് ഓക്സിജൻ്റെ തന്മാത്രാ രൂപമാണ്. അന്തരീക്ഷത്തിലെ ഉയർന്ന പാളിയായ സ്ട്രാറ്റോസ്ഫിയറിൽ അൾട്രാ വയലറ്റ് വികിരണങ്ങളാൽ ഓക്സിജൻ തന്മാത്ര വിഘടിക്കപ്പെട്ട് ഓക്സിജൻ ആറ്റമായി മാറുകയും ഈ ഓക്സിജൻ ആറ്റങ്ങളിൽ ഒന്ന് സാധാരണ ഓക്സിജൻ തന്മാത്രയുമായി ചേർന്ന് മൂന്ന് ആറ്റമുള്ള ഓസോണായി മാറുകയും ചെയ്യുന്നു.
ഇങ്ങനെ അന്തരീക്ഷത്തിൽ രൂപംകൊള്ളുന്ന ഓസോൺ കവചത്തിനെ ഓസോൺ പാളി എന്നാണ് വിളിക്കുന്നത്. വിനാശകാരികളായ അൾട്രാവയലറ്റ് വികിരണങ്ങൾ ഭൂമിയിലെത്താതെ തടയുന്നതിന് ഈ പ്രവർത്തനം സഹായകമാകുന്നു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, അപകടകാരികളായ അൾട്രാ വയലറ്റ് വികിരണങ്ങളെ ഭൂമിയിലെത്താതെ തടഞ്ഞുനിർത്തി ഭൂമിയിൽ ജീവന്റെ നിലനിൽപ്പ് സാധ്യമാക്കുന്നത് അന്തരീക്ഷത്തിലെ ഓസോൺ പാളിയാണ്. ഇങ്ങനെയൊക്കെയാണെങ്കിലും ഓസോൺ ഒരു വിഷവാതകമാണ്, അത് ശ്വസിക്കുന്നത് അപകടകരമാണ്.
ഓസോൺ എന്ന വാതകം കണ്ടുപിടിച്ചതു് സ്വിറ്റ്സർലൻഡിലെ ബേസൽ (Basel) സർവ്വകലാശാലയിലെ പ്രൊഫസറായിരുന്ന ക്രിസ്റ്റ്യൻ ഫ്രീഡ്രിച്ച് ഷോൺബെയ്ൻ (Christian Freidrich Schonbein, 1799-1868) എന്ന ജർമ്മൻകാരനാണ്. വെള്ളത്തിലൂടെ വിദ്യച്ഛക്തി കടത്തിവിടുമ്പോൾ ഒരു പ്രത്യേക മണമുണ്ടാകുന്നതിനെപ്പറ്റി 1839ൽ അദ്ദേഹം സർവ്വകലാശാലയിലെ പ്രകൃതി ഗവേഷണ സമിതിയിൽ സംസാരിച്ചു. അതിനുമുമ്പു് മാർട്ടിൻ വാൻ മാരം (Martin van Marum, 1750-1837) എന്ന ഡച്ച് ശാസ്ത്രജ്ഞനും ഇങ്ങനത്തെ മണത്തിന്റെ കാര്യം ശ്രദ്ധിച്ചിരുന്നതായി പറയപ്പെടുന്നു. അദ്ദേഹമത് കൂടുതൽ പഠിക്കാൻ ശ്രമിച്ചില്ല. എന്നാൽ ഷോൺബെയ്ൻ അതേപ്പറ്റി കൂടുതൽ പഠിക്കുകയും 1840ൽ ഫ്രഞ്ച് അക്കാദമിയിലേക്കു് എഴുതുകയും മണമുണ്ടാക്കുന്ന വസ്തുവിനു് ഓസോൺ എന്ന പേരു നിർദ്ദേശിക്കുകയും ചെയ്തു.





