ചാര ഉപഗ്രഹങ്ങളുടെ കാലത്ത് ചാര ബലൂണുകൾക്ക് എന്താണ് പ്രസക്തി?
ഒറ്റവാക്കിൽ പറഞ്ഞാൽ അത്ര നിസാരക്കാരല്ല ഈ ചാര ബലൂണുകൾ അഥവാ സ്പൈ ബലൂണുകൾ . ഒരുകാലത്ത് ചാര പ്പണിയിൽ പുലികളായിരുന്നു ഇവർ. നിരീക്ഷണ വിദ്യകളുടെ ഏറ്റവും പഴയ രൂപമായ ചാര ബലൂണുകൾ ലോകത്തിലെ മിക്ക സൈനിക ശക്തികളും വ്യാപകമായി ഉപയോഗിച്ചിരുന്നു. യുദ്ധകാലഘട്ടങ്ങളിൽ ആയിരുന്നു ഇവയുടെ ഉപയോഗം വ്യാപകമായിരുന്നത്.
1800 കാലഘട്ടം മുതലാണ് നിരീക്ഷണ ബലൂണുകള്‍ ഉപയോഗിച്ച് തുടങ്ങിയത്. 1859ലെ ഫ്രാൻസ്-ഓസ്ട്രിയന്‍ യുദ്ധത്തില്‍ നിരീക്ഷണത്തിനായി ഫ്രാന്‍സ് മനുഷ്യനെ വഹിച്ചുള്ള ബലൂണുകള്‍ ഉപയോഗിച്ചിരുന്നതായി ചരിത്രം പറയുന്നു. 1861 മുതല്‍ 1865 വരെ നീണ്ടുനിന്ന അമേരിക്കൻ ആഭ്യന്തര യുദ്ധത്തിന് തൊട്ടുപിന്നാലെ ആളുകളുള്ള ബലൂണുകള്‍ വീണ്ടും ഉപയോഗത്തില്‍ വന്നു.
രണ്ടാം ലോക മഹായുദ്ധ കാലത്താണ് ചാര ബലൂണുകളുടെ ഉപയോഗം എറ്റവും കൂടുതൽ ഉണ്ടായിരുന്നത്. ആയിരകണക്കിന് ഹൈഡ്രജൻ ബലൂണുകളാണ് ജപ്പാൻ അന്ന് ഇറക്കിയത്. 1945ൽ മേയിൽ യുഎസിലെ ഒറിഗോണിൽ ഒരു ബലൂൺ പൊട്ടിത്തെറിച്ച് ആറ് പേർ കൊലപ്പെടുകയും ചെയ്തിരുന്നു. കൂടാതെ ബലൂണുകൾ അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട കഥകളും അക്കാലത്ത് പ്രചരിച്ചിരുന്നു.
ഉപഗ്രഹങ്ങളും മെച്ചപ്പെട്ട വിമാന, ഡ്രോൺ സാങ്കേതികവിദ്യകളും ബലൂണുകളുടെ പ്രാധാന്യം കുറച്ചെങ്കിലും ഇപ്പോഴും ഇവയ്ക്ക് പ്രാധാന്യമുണ്ട്.നിർമിക്കാൻ ദശലക്ഷക്കണക്കിന് ഡോളർ ചിലവാകുന്നതും , വിക്ഷേപിക്കാൻ അത്യാധുനിക സാങ്കേതികവിദ്യ ആവശ്യമുള്ളതുമായ ഉപഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്‍തമാണ് ചാര ബലൂണുകൾ. നിർമാണ ചിലവ് കുറവും , വിക്ഷേപണത്തിനും , നിയന്ത്രണത്തിനുമുള്ള അനായാസതയുമാണ് ഇവയെ ഉപഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.
ആധുനിക ക്യാമറകളും, ഇമേജിങ് സാങ്കേതിക വിദ്യയുമൊക്കെ ഉൾപ്പെടുത്തിയാണ് ബലൂണുകളുടെ നിർമാണം. ഭൂമിയെ സസൂക്ഷ്മം നിരീക്ഷിക്കാനാകും എന്നതാണ് ഇവയുടെ പ്രത്യേകത.എയർഫോഴ്‌സിന്റെ എയർപവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2005-ലെ പഠനം അനുസരിച്ച് ബലൂണുകൾ നേരിട്ട് നിയന്ത്രിക്കാൻ കഴിയില്ലെങ്കിലും ചില സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കാറ്റിന്റെ ഗതി അനുസരിച്ച് അവയെ ലക്ഷ്യസ്ഥാനത്തേക്ക് നയിക്കാൻ കഴിയും. ഉയരത്തിലുള്ളതും , അവിശ്വസനീയമായ വേഗതയിൽ സഞ്ചരിക്കുന്നതുമായ ഉപഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തമായി ചാര ബലൂണുകൾക്ക് താഴ്ന്നും ചുറ്റിക്കറങ്ങാൻ കഴിയും. ഇതിലൂടെ ആ പ്രദേശത്തെ മികച്ച നിലവാരമുള്ള ചിത്രങ്ങളും മറ്റ് വിവരങ്ങളും സമയമെടുത്ത് ശേഖരിക്കാനും സാധിക്കും.
സാധാരണ നമ്മൾ ഉയർത്താറുള്ള ബലൂൺ തന്നെയാണ് ഈ ചാര ബലൂണും. എന്നാൽ, ഇത് വളരെ ഉയരത്തിലായിരിക്കും പറക്കുക.
ഏതാണ്ട് അന്താരാഷ്ട്ര വിമാനങ്ങൾ പറക്കുന്നത്ര ഉയരത്തിൽ പറക്കുന്ന ഇതിൽ ആധുനിക ക്യാമറകളും ഇമേജിങ് സാങ്കേതിക വിദ്യയുമൊക്കെ ഉണ്ടാകും. ഭൂമിയിലേക്ക് തന്നെ തിരിച്ചു വച്ചിട്ടുള്ള ഇതിലെ ഉപകരണങ്ങൾ കൊണ്ടു താഴേയുള്ള ഭൂമിയെ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് ഇതിന്റെ ജോലി.
സാധാരണ ആകാശത്തു നിന്നും ചാരപ്രവർത്തി നടത്താൻ ഉപഗ്രഹങ്ങളേയാണ് ഉപയോഗിക്കുന്നത്. നമ്മൾ ഓരോരുത്തരും ഇത്തരത്തിലുള്ള ഏതെങ്കിലുമൊക്കെ ചാര ഉപഗ്രഹത്തിന്റെ നിരീക്ഷണത്തിലായിരിക്കും. ഭൂസമീപ ഭ്രമണപഥത്തിലായിരിക്കും ഇവരുടെ സ്ഥാനമെങ്കിലും, അത് ആയിരക്കണക്കിന് കിലോമീറ്റർ മുകളിലാണ്. മാത്രമല്ല, ഇവ ഭൂമിക്ക് ചുറ്റും അതിവേഗം സഞ്ചരിച്ചു കൊണ്ടിരിക്കുകയുമാണ്. അതുകൊണ്ടു തന്നെ ഫോട്ടോകൾക്ക് വ്യക്തത ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഈ ന്യുനതകളെ ഒക്കെ മറികടക്കുന്നതിനാണ് ചാര ബലൂണുകൾ ഉപയോഗിക്കുന്നത്.
ഇത്തരം ബലൂണുകൾ കാറ്റിന്റെ ഗതിയെ ആശ്രയിച്ചാണ് മിക്കവാറും സഞ്ചരിക്കുന്നത്. എന്നാൽ, ചെറിയ ഒരു പരിധിക്കുള്ളിൽ മാത്രമാണെങ്കിലും ചില സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഇതിനെ നിയന്ത്രിക്കാനും ആകും. എങ്കിലും പ്രധാനമായും കാറ്റിന്റെ ഗതിയിൽ തന്നെയായിരിക്കും ഇതിന്റെയും സഞ്ചാരപഥം. സാറ്റലൈറ്റുകള്‍ ഏറ്റവും ഉയരത്തിലുള്ള ചാരപ്രവൃത്തികൾ ചെയ്യുമ്പോള്‍, വിമാനങ്ങള്‍ സഞ്ചരിക്കുന്ന ദൂരപരിധിയില്‍ നിന്നു കൊണ്ടാണ് ചാര ബലൂണുകള്‍ വിവരങ്ങള്‍ ചോര്‍ത്തുക. ബലൂണുകള്‍ക്ക് ഓര്‍ബിറ്റിങ് സാറ്റലൈറ്റുകളേക്കാള്‍ വ്യക്തമായ ചിത്രങ്ങളും നല്‍കാന്‍ സാധിക്കുന്നവെന്നും വാന നിരീക്ഷകര്‍ വ്യക്തമാക്കുന്നു.ബലൂണുകളിൽ നിന്ന് പുറപ്പെടുവിക്കുന്ന സിഗ്നലുകൾ ഉപയോഗിച്ച് ആശയ വിനിമയ സംവിധാനം തന്നെ വെണമെങ്കിൽ തടസപ്പെടുത്താനാകാം .
ചാരപ്രവർത്തനത്തിനായി മാത്രമല്ല
മറിച്ച് കാലാവസ്ഥാ പഠനത്തിനായും ബലൂണുകൾ ഉപയോഗിക്കുന്നുണ്ടായിരുന്നു.
മറ്റ് രാജ്യങ്ങളുടെ തന്ത്രപ്രധാന മേഖലയിൽ ഇത്തരം ബലൂണുകൾ എത്തിയാൽ സാധാരണയായി എത്രയും പെട്ടെന്ന് വെടിവച്ചിടുകയാണ് ചെയ്യുന്നത് . ചില ബലൂണുകൾക്ക് വലുപ്പമേറേ ഉണ്ടെങ്കിൽ ആകാശത്തിന് മുകളിൽ വച്ച് വെടി വയ്ക്കുമ്പോൾ അവശിഷ്ടങ്ങൾ കിലോമീറ്ററുകൾക്കപ്പുറം വരെ വീഴാൻ സാധ്യതയുള്ളതിനാൽ കടലിനു മുകളിലെത്തി ശേഷം മാത്രം വെടിവച്ച് ഇടാറുണ്ട്.