ഈ ധാരാവി ധാരവീന്ന് കേട്ടിട്ടുണ്ടോ?



മുംബൈ നഗരത്തിലെ ഒരു ചേരിപ്രദേശമാണ് ധാരാവി.
ലോകത്തിലെതന്നെ ഏറ്റവും വലിയ ചേരിയായി അറിയപ്പെടുന്ന ധാരാവിയിൽ പത്തുലക്ഷത്തിലധികം ജനങ്ങൾ പാർക്കുന്നു. സെൻട്രൽ മുംബൈയിലെ മാഹിം നദീതീരത്ത് ഏകദേശം 2.5 കിലോമീറ്റർ വിസ്തൃതിയിൽ ഈ ചേരി വ്യാപിച്ചുകിടക്കുന്നു. ലോകത്തിലെതന്നെ വാടക കൂടിയ നഗരങ്ങളിലൊന്നായ മുംബൈയിലെ കുറഞ്ഞ വരുമാനക്കാർക്കും മറ്റു നാടുകളിൽനിന്ന് തൊഴിൽതേടി എത്തിയവർക്കും ഇവിടം അഭയമായി. മുംബൈയിലെ രണ്ട് പ്രധാന സബർബൻ റെയിൽപ്പാതകളായ വെസ്റ്റേൺ, സെൻട്രൽ റെയിൽപ്പാതകൾക്ക് ഇടയ്ക്കാണ് ധാരാവിയുടെ സ്ഥാനം. ഇത് ജോലിക്കു പോകുന്നവർക്കും ചെറുകിട ഉത്പാദകർക്കും സൗകര്യമായിത്തീരുന്നു. വസ്ത്രനിർമ്മാണം, കളിമൺപാത്രനിർമ്മാണം എന്നീ പരമ്പരാഗത ചെറുകിട വ്യവസായങ്ങൾക്കു പുറമേ റീസൈക്ളിങ് വ്യവസായവും ഇവിടെ വൻതോതിലുണ്ട്. കയറ്റുമതിനിലവാരത്തിലുള്ള തുകൽസാധനങ്ങൾ, എംബ്രോയ്ഡറി ചെയ്ത തുണിത്തരങ്ങൾ എന്നിവ ഇവിടെ ഉത്പാദിപ്പിക്കുന്നു. ഇന്ത്യയ്ക്കകത്തും അന്താരാഷ്ട്ര കമ്പോളങ്ങളിലും ഇവ വിറ്റഴിയുന്നു. ചേരിയിലെ ഓരോ മുറിയും ഇത്തരം വസ്തുക്കളുടെ ഓരോ ചെറിയ ഉത്പാദക യൂണിറ്റുകളാണ്. 15,000-ൽപ്പരം ഒറ്റമുറി ഫാക്റ്ററികൾ ഇവിടെ ഉള്ളതായി കണക്കാക്കപ്പെടുന്നു.

വളരെക്കാലം മുമ്പ് ധാരാവി ഒരു ചേരിപ്രദേശമായിരുന്നില്ല. ധാരാവി ഒരു ചതുപ്പുനിലമായിരുന്നു. കോളി മുക്കുവരായിരുന്നു ഇവിടത്തെ ആദ്യ താമസക്കാർ. അറബിക്കടലിലേക്കു തള്ളിനിന്ന മുനമ്പായിരുന്നു അവരുടെ അധിവാസകേന്ദ്രം. ധാരാവിക്കടുത്ത് സിയോനിൽ പണിത ഒരു അണക്കെട്ടുമൂലം വേറിട്ടുകിടന്ന രണ്ട് വ്യത്യസ്ത ദ്വീപുകൾ ക്രമേണ തമ്മിൽ ചേർന്ന് നീണ്ട് വീതികുറഞ്ഞ ഒരു പ്രദേശമായി മാറി. ഇത് ഐലൻഡ് സിറ്റി ഓഫ്‌ ബോംബെയുടെ രൂപീകരണത്തിനു വഴിതെളിച്ചു. നദി വറ്റിവരണ്ടതോടെ മുക്കുവർക്ക് പരമ്പരാഗതരീതിയിലുള്ള ജീവിതമാർഗ്ഗം അന്യമായി. കാലക്രമേണ നികന്ന ചതുപ്പുനിലങ്ങൾ പുറംനാടുകളിൽനിന്നു വന്ന കുടിയേറ്റക്കാർ താവളമാക്കി. ഈ കുടിയേറ്റക്കാരിൽ രണ്ട് വിഭാഗമുണ്ടായിരുന്നു. ഗുജറാത്തിൽനിന്നും കൊങ്കൺപ്രദേശത്തുനിന്നും വന്നവരാണ് ആദ്യ കൂട്ടർ. ഇവരിൽ സൗരാഷ്ട്രയിൽ നിന്നും വന്ന കളിമൺപാത്ര നിർമ്മാണക്കാരും ഉൾപ്പെടുന്നു. ധാരാവിയിൽ ഇന്നു കാണുന്ന നിലവിൽ വന്നു. ഏതെങ്കിലും ഒരു പ്രത്യേക തൊഴിലിൽ വൈദഗ്ദ്ധ്യം നേടി ധാരാവിയിലെത്തി സ്ഥിരവാസമുറപ്പിച്ചവരാണ് രണ്ടാമത്തെ കൂട്ടർ. ഉദാഹരണമായി തമിഴ്നാട്ടിൽനിന്ന് ധാരാവിയിലെത്തിയ മുസ്ലിങ്ങളായ തുകൽപ്പണിക്കാർ ഇവിടെ  തുകൽ വ്യവസായത്തിനു തുടക്കമിട്ടു. ഉത്തർപ്രദേശിൽനിന്നു വന്ന തുന്നൽ തൊഴിലാളികൾ റെഡിമെയ്ഡ് വസ്ത്രവ്യാപാരം ആരംഭിച്ചു. തമിഴ്നാട്ടിൽനിന്നു വന്ന തൊഴിലാളികൾ ഇവിടെ മുറുക്ക്, ചിക്കി, മൈസൂർപാക്ക് തുടങ്ങിയ പലഹാരങ്ങളുടെ കച്ചവടം തുടങ്ങി. അങ്ങനെ ക്രമേണ പണ്ടത്തെ മുക്കുവഗ്രാമത്തോട് യാതൊരു സാദൃശ്യവുമില്ലാത്ത ഇന്നത്തെ ചേരിപ്രദേശമായി ധാരാവി മാറി.

അടിസ്ഥാന പൊതുജനാരോഗ്യ സംരക്ഷണ സൗകര്യങ്ങളുടെ കുറവ് ധാരാവി അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ്. കുടിവെള്ളക്ഷാമം വളരെ രൂക്ഷമാണിവിടെ. ഭൂമിശാസ്ത്രപരമായ പ്രത്യേകതയും മോശപ്പെട്ട ഡ്രെയിനേജ് സംവിധാനവും മൺസൂൺകാലങ്ങളിൽ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. മഹാരാഷ്ട്ര സംസ്ഥാന സർക്കാർ ഈ ചേരിയുടെഉദ്ധാരണത്തിനായി പദ്ധതികൾ ആസൂത്രണം ചെയ്തുവരുന്നു. സ്ലം റീഹാബിലിറ്റേഷൻ അതോറിറ്റിയുടെ മേൽനോട്ടത്തിൽ റീഡെവലപ്മെന്റ് ഓഫ്‌
ധാരാവി എന്ന പ്രോജക്റ്റ് 2007 ജൂൺ 1-ന് പ്രവർത്തനമാരംഭിച്ചു. മതിയായ പാർപ്പിടസൗകര്യങ്ങളും ഷോപ്പിങ് ക്ലോംപക്സും ആശുപത്രികളും സ്കൂളുകളും ഒക്കെയുള്ള ഒരു ആധുനിക ടൗൺഷിപ്പ് ആയി ധാരാവിയെ മാറ്റിയെടുക്കാനാണ് ഈ പുനരധിവാസ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.

ഒരിക്കലെങ്കിലും ധാരാവിയിൽ
പോയവർക്കറിയാം ആധുനിക മനുഷ്യൻ അവനുപയോഗിച്ചു കളയുന്ന പാഴ് വസ്തുക്കളെ എങ്ങിനെയെല്ലാം ഈ ചേരിക്കാർ പുനർനിർമ്മിക്കുന്നു എന്ന്. ഒന്നും അവർക്കു അനാവശ്യ വസ്തുക്കളല്ല എല്ലാം റീസൈക്കിൾ ചെയ്തു പുതിയവ സൃഷ്ടിക്കുന്നു. സകല വേസ്റ്റുകളും കുന്നു കൂടി മഴവെള്ളത്തിൽ മലിനജലത്തിൻ രൂപത്തിൽ അവരുടെ ആവാസവ്യവസ്ഥയിൽ അടിഞ്ഞു കൂടുമ്പോഴും അതിൽ നിന്നു പോലും അവർ പുതിയവ സംസ്കരിച്ചെടുക്കുന്നു. അതിനിടയിൽ ജീവിക്കുന്നു. പലരെയുംജീവിപ്പിക്കുന്നു. ഈ ഭൂമിയിൽ ഇത്തരം മനുഷ്യരും മറ്റു ജീവിജാലങ്ങളും അനവധി ജീവിതങ്ങൾ പരോക്ഷമായി ഈ ലോകത്തിന്റെ സന്തുലിതഭാവം കേടു കൂടാതെ നില നിർത്തുന്നു.

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉത്ഘാടനത്തിനായി ദില്ലിയിലെത്തിയപ്പോഴാണ് ചാള്‍സ് രാജകുമാരൻ
മുംബൈയിലെത്തി
ധാരാവി സന്ദര്‍ശിച്ചത്. ചേരിയായ ധാരാവിയില്‍ പാശ്ചാത്യനഗരങ്ങളെ വെല്ലുന്ന മികവുകണ്ടെത്തിയെന്ന് അന്ന് ചാള്‍സ് രാജകുമാരന്‍ പറയുകയുണ്ടായി. ബ്രിട്ടനിലെ നഗരങ്ങള്‍ക്ക് അനുകരിക്കാവുന്ന, ഉള്ളതു
കൊണ്ട്‌ ജീവിക്കുന്നതിന്റെ
ഉദാത്ത മാതൃകയാണ് ധാരാവിയെന്ന് അദ്ദേഹം പറയുന്നു. ഹാര്‍മണി എന്ന പേരില്‍ പ്രസിദ്ധീകരിച്ച തന്റെ പുസ്തകത്തില്‍ ധാരാവിയെക്കുറിച്ച് ചാള്‍സ് ധാരാളം എഴുതിയിട്ടുണ്ട്. ഏതു പാശ്ചാത്യ നഗരത്തെക്കാളും സുസംഘടിതമാണ് ധാരാവിയിലെ ജീവിതം. ചേരിനിവാസികള്‍ എല്ലാവരും ഒത്തുപോകാവുന്ന ജീവിതരീതി സ്വയം സ്വീകരിക്കുന്നു. പ്ലാസ്റ്റിക്കിന്റെയും ചപ്പുചവറുകളുടെയും വലിയൊരു കൂനയാണെന്ന് ധാരാവി പുറത്തുനിന്നും കണ്ടാല്‍ത്തോന്നും. എന്നാല്‍ വിടെ പ്രവേശിക്കുമ്പോള്‍ കൈയില്‍ കിട്ടിയ ഏതു സാധനവും ഉപയോഗിച്ചു പണിതുയര്‍ത്തിയ കടകളും വീടുകളും പണിപ്പുരകളും നിരന്നിരിക്കുന്ന ഊടുവഴികളുമൊക്കെയുള്ള വലിയൊരു ശൃംഖലയാണ് കാണാന്‍ കഴിയുക അദ്ദേഹം പറയുന്നു. സര്‍ക്കാര്‍ ഒരു സംവിധാനവും ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും വീടുകളിലെ മലിനവസ്തുക്കള്‍ മുഴുവന്‍ അവരവര്‍ തന്നെ ശേഖരിച്ചു പുനഃസംസ്‌കരണം ചെയ്യുന്നു. ശിഥില ബന്ധങ്ങളുള്ള പാശ്ചാത്യ വാസകേന്ദ്രങ്ങളും, ക്രമവും പൊരുത്തവും അനുഭവപ്പെടുന്നതുമായ ചേരിയും തമ്മിലുള്ള വ്യത്യാസമാണ് ചാള്‍സ് ചൂണ്ടിക്കാട്ടുന്നത്. ചേരിനിവാസികളുടെ സമ്പാദ്യം ഉപയോഗിച്ച് അവിടെയുള്ളവര്‍ക്കു തന്നെ വായ്പ നല്‍കുന്ന സാമൂഹിക ബാങ്കിങ് സംവിധാനമുള്ള തനതു സമ്പദ്വ്യവസ്ഥയുണ്ട് ധാരാവിക്ക്. കടം വാങ്ങുന്നവരുടെ വിശ്വസനീയത ഉറപ്പാക്കാന്‍ ശക്തമായ സമൂഹവും വ്യക്തിബന്ധങ്ങളും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതാണ് ഈ സമ്പദ് വ്യവസ്ഥയെന്നു ചാള്‍സ് ചൂണ്ടിക്കാണിക്കുന്നു.
         

                                                        



Most Viewed Website Pages