മലപ്പുറം കത്തിയുടെ വിശേഷങ്ങൾ
പ്രാചീനകാലത്ത് മലപ്പുറമുള്‍പ്പെടെയുള്ള കേരളത്തിന്റെ വടക്കു ഭാഗങ്ങളില്‍ പ്രചാരത്തിലുണ്ടായിരുന്ന ആയുധമാണ് മലപ്പുറം കത്തി. അടക്കവെട്ടാനും മറ്റു കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട ജോലികള്‍ക്കുമാണ് മലപ്പുറം കത്തി ഉപയോഗിച്ചിരുന്നത്. അറേബ്യന്‍ നാടുകളുമായി, വിശേഷിച്ചും ഒമാനുമായി മലബാറിനുണ്ടായിരുന്ന ദീര്‍ഘകാലത്തെ വ്യാപാരബന്ധങ്ങളിലൂടെ കൈവന്ന സാംസ്കാരികവിനിമയങ്ങളുടെ കൂട്ടത്തിലാണ് ഈ കത്തി കേരളത്തില്‍ പ്രചാരമാകുന്നത്.
അത്യാവശ്യം കനമുള്ളതും 15 മുതല്‍ 25 ഇഞ്ചുവരെ നീളമുള്ളതുമാണ് മലപ്പുറം കത്തി. കത്തിയുടെ പിടി കനംകുറഞ്ഞ മാന്‍കൊമ്പുകൊണ്ടാണ് നിര്‍മിക്കാറ്. നാല് വിരലില്‍ ഒതുക്കിപിടിക്കാന്‍ മാത്രം നീളമേയുണ്ടാവൂ പിടിക്ക്. ആക്രമണവേളകളില്‍ മറ്റൊരാള്‍ കത്തിയില്‍ കയറിപിടിക്കാതിരിക്കാന്‍ വേണ്ടിയാണത്രേ ഇത്രയും ചെറിയ പിടി. വെള്ളിനിറമുള്ള പിച്ചള ലോഹക്കൂട്ടുകൊണ്ട് പിടിയിലും കത്തിയിലും ചിത്രപ്പണികളും കാണാം. കനം കൂടിയതും മൂര്‍ച്ചയേറിയതുമായ വായ്ത്താരിയും അരഭാഗത്തെ പിടിയില്‍ നിന്ന് വേര്‍തിരിക്കുന്ന കൊളുത്തുമാണ് ഇതിന്റെ മറ്റു പ്രത്യേകതകള്‍.
1792 മുതല്‍ 1921 വരെയായിരുന്നു മലപ്പുറം കത്തിയുടെ സുവര്‍ണകാലം. ഇക്കാലയളവില്‍തന്നെയാണ് ഏറനാട്ടിലും വള്ളുവനാട്ടിലുമായി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ നൂറുകണക്കിന് ചെറുകലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍ അതിലൊന്നും മലപ്പുറം കത്തി ഒരു യുദ്ധായുധമായി ചരിത്രകാരന്മാര്‍ ആരും രേഖപ്പെടുത്തിയിട്ടില്ല. പക്ഷേ അക്കാലത്ത് ഏറനാട്ടിലെ മാപ്പിളകര്‍ഷകരും കുടിയാന്മാരും അവരുടെ ധീരതയുടെ അടയാളമായാണ് അരയിലെ ബെല്‍റ്റിനുള്ളില്‍ മലപ്പുറം കത്തി സൂക്ഷിച്ചത്. ആ പതിവ് ഇന്നുമുണ്ട്. സ്വയംപ്രതിരോധത്തിന് തോക്കുകൊണ്ടുനടക്കുന്നതുപോലെ പലരും കത്തിയെ കണ്ടു.
തുകലുറയിലാണ് കത്തി സൂക്ഷിച്ച് വയ്ക്കുക. തലമുറകളായി മലപ്പുറം കത്തി നിര്‍മിച്ച വടക്കന്‍ മലബാറിലെ ചില കൊല്ലന്മാര്‍ക്കുമാത്രമാണ് ഇതിന്റെ ലോഹക്കൂട്ടും കരവിരുതും അറിഞ്ഞിരുന്നത്. അതിനാല്‍ നിര്‍മിച്ച കത്തികള്‍ക്കെല്ലാം ഏകീകൃതരൂപം കാണാമായിരുന്നു. പാണ്ടിക്കാട്, കരുവാരക്കുണ്ട്, ഇരുമ്പുഴി എന്നിവിടങ്ങളിലെ കൊല്ലപ്പണിക്കാരാണ് കൂടുതലായി കത്തിനിര്‍മിച്ചിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ ഉല്‍പ്പന്നങ്ങള്‍ പ്രചരിപ്പിക്കാനുള്ള തീവ്രശ്രമങ്ങളാണ് മലപ്പുറം കത്തിയുടെ നിര്‍മാണത്തെ ദോഷകരമായി ബാധിച്ചത്. അതുകൊണ്ടുതന്നെയാകാം കത്തി അപൂര്‍വമായി മാത്രമാണ് പ്രചാരത്തിലുള്ളത്. പഴയ പോലെ കത്തി നിര്‍മിക്കുന്ന കൊല്ലന്മാരും ഉപയോഗിക്കുന്നവരും കുറവാണ്. അഥവാ നിര്‍മിക്കുകയാണെങ്കില്‍ മാനിന്റെ കൊമ്പ് ഉപയോഗിക്കുന്നതിന് നിയമപരമായി ഇപ്പോള്‍ തടസ്സമുള്ളതിനാല്‍ മരത്തടികൊണ്ടാണ് പിടി നിര്‍മ്മിക്കാറുള്ളത്. മുറിവുപറ്റിയാല്‍ പെട്ടെന്നുണങ്ങില്ലെന്നതാണ് മലപ്പുറം കത്തിയുടെ സവിശേഷത. കത്തിനിര്‍മിക്കാനുപയോഗിക്കുന്ന ലോഹക്കൂട്ടിന്റെ പ്രത്യേകതയാണത്രേ ഇതിന്റെ പിന്നില്‍.
ഒമാനിലെ ഗോത്ര ജീവിതവുമായി ബന്ധപ്പെട്ടു കത്തിക്ക് വലിയ സ്ഥാനമുണ്ട്. ഖഞ്ചാർ എന്ന് പേരായ ഈ പരമ്പരാഗത കത്തി അവർ അവരുടെ വേഷവിധാനത്തിന്റെ ഭാഗമായി കൊണ്ട് നടന്നിരുന്നു (ഒമാനിന്റെ ദേശീയ പതാകയിലും ഇന്ന് ഖഞ്ചാർ കത്തി കാണാം). ഇതിന്റെ ഒരു കേരളീയ വകഭേദമാണ് മലപ്പുറം കത്തി എന്നാണു പ്രധാന അഭിപ്രായം. അറേബ്യൻ നാടുകളുമായി മലബാറിനുണ്ടായിരുന്ന ദീർഘകാലത്തെ വ്യാപാര ബന്ധങ്ങളിലൂടെ കൈവന്ന സാംസ്കാരിക വിനിമയങ്ങളുടെ കൂട്ടത്തിലാണ് ഈ കത്തി കേരളത്തിൽ പ്രചാരമാകുന്നതെന്ന് ചരിത്രകാരനായ ഡോ. ഹുസൈൻ രണ്ടത്താണി പറയുന്നു. അറേബ്യൻ നാടുകളുമായി, വിശേഷിച്ചും ഒമാനുമായി പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളിൽ നിലനിന്ന കച്ചവടബന്ധങ്ങളാണ് ഈ സാംസ്കാരിക കൈമാറ്റ പ്രക്രിയക്ക് ആക്കം കൂട്ടിയത്. ഇപ്രകാരം കാർഷികവിജ്ഞാനവും വേഷവിധാനങ്ങളുമെല്ലാം കൈമാറ്റം ചെയ്യപ്പെട്ടു. വെറ്റില – അടക്ക കൃഷിയും അത് മുറുക്കാനായി അത് പാകപ്പെടുത്താനുള്ള കത്തിയും എന്ന നിലക്കാണ് മലപ്പുറം കത്തി ഏറെ പ്രചാരം നേടിയത്.