ലോംഗിയർ‌ബൈന്‍ : ജനിക്കാനോ മരിക്കാനോ അനുവദിക്കാത്തൊരു നഗരം

നോര്‍വേയിലെ സ്വാല്‍ബാര്‍ഡ്‌ ദ്വീപുസമൂഹത്തില്‍പ്പെട്ട മനോഹരമായ ഒരു നഗരമാണത്‌. ഭൂമിയുടെ വടക്കേ അറ്റത്ത് കിടക്കുന്ന ഒരു ചെറു നഗരം.

സ്വാല്‍ബാര്‍ഡ്‌ ദ്വീപസമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ലോംഗിയർ‌ബൈൻ.

ധാരാളം  വിനോദ സഞ്ചാരികൾ എത്തുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ഇന്നിത്.

ധ്രുവ പ്രദേശത്തോട് ചേർന്ന് എന്നും ശീതം പുതച്ച് കിടക്കുന്ന ഈ നഗരത്തിൽ   2000 ത്തോളം ആൾക്കാരാണ്  സ്ഥിര താമസക്കാരായുള്ളത്.

ലോംഗിയർ‌ബൈന്‍ നഗരത്തിനൊരു പ്രത്യേകതയുണ്ട്. കർശനമായി പാലിക്കുന്ന രണ്ട്  നിയമങ്ങളുണ്ടവിടെ.

ആരെയും ആ നഗരത്തിൽ വച്ച്  മരിക്കാൻ അനുവദിക്കില്ല. എന്നതാണതിലൊന്ന്. മരിക്കാൻ മാത്രമല്ല അവിടെ വച്ച് ഒരു കുഞ്ഞ് ജനിക്കാനും അനുവദിക്കില്ല.

അതെ പ്രസവവും മരണവും ഒരു പോലെ നിരോധിച്ച  നഗരമാണത്.

എന്താണതിന് കാരണമെന്നല്ലേ. പറയാം, അതിന് മുമ്പ് ലോംഗിയർ‌ബൈന്‍ നെ കുറിച്ച് കുറച്ച് കൂടി കാര്യങ്ങൾ.

ആർടിക് ധ്യവ പ്രദേശത്തിനരികെ, സദാ മഞ്ഞ് പുതച്ചു കിടക്കുന്ന ഈ സ്ഥലം ധാരാളം കൽക്കരി നിക്ഷേപമുള്ള ഒരിടമാണ്. അതിനാൽ കൽക്കരി ഖനനത്തിനായാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ഈ പ്രദേശത്തേക്ക്  ആൾക്കാർ താമസം തുടങ്ങിയത്. 1906-ൽ കൽക്കരി ഖനനത്തിനുള്ള  കേന്ദ്രമായി ഇത് മാറി. അതിനായി എത്തിയവർ ആ മഞ്ഞു ഭൂമിയിൽ ഒരു ചെറു പട്ടണം സ്ഥാപിച്ചു. അന്ന് ആ ഖനി ആരംഭിച്ചത് ഒരു  അമേരിക്കക്കാരനാണ്. പേര്  ജോൺ മൺറോ ലോംഗ് ഇയർ അദ്ദേഹത്തിന്റെ  പേരിൽ  നിന്നാണ് ഈ നഗരത്തിന് ലോംഗ് ഇയർസിറ്റി എന്ന പേര് ആദ്യം ലഭിച്ചത്. പത്ത് വർഷത്തിന്   ശേഷം അദ്ദേഹം ഒരു  നോർവീജിയൻ കൽക്കരി കമ്പനിക്ക് ആ സെറ്റിൽമെന്റ് വിറ്റു, അവർ  നഗരത്തിന്റെ പേര്  ലോംഗ് ഇയർ ബൈൻ എന്ന് പരിഷ്കരിച്ചു. നോർവീജിയൻ ഭാഷയിൽ ലോംഗ് ഇയർ ടൗൺ എന്നാണ്  ഈ പേരിന്റെ അർത്ഥം.നോർവീജിയൻ സ്പിറ്റ്സ്ബെർഗൻ ദ്വീപസമൂഹത്തിന്റെ ഭരണകേന്ദ്രമായിക്കൂടി  ലോംഗ്ഇയർബൈൻ ഇന്ന്  മാറിയിരിക്കുന്നു. സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കാഴ്ചകളുള്ള ഒരിടം കൂടിയാണിത്. മികച്ച ഒരു ടൂറിസ്റ്റ് കേന്ദ്രം. സ്പിറ്റ്സ്ബെർഗൻ എയർഷിപ്പ് മ്യൂസിയം, സ്വാൽബാർഡ് ഗാലറി, സ്വാൽബാർഡ് മ്യൂസിയം, ചർച്ച്, 24 അവേഴ്സ് സൺഡയൽ തുടങ്ങി ഇവിടെ കാണികളെ ആകര്ഷിക്കുന്ന നിരവധി കാര്യങ്ങൾ ഉണ്ട് . അതൊക്കെ കാണാനായി ആയിരങ്ങൾ എത്തുന്ന ദേശം കൂടിയാണിത്. ടൂറിസത്തില്‍ നിന്ന് മാത്രമായി 300 ദശലക്ഷത്തിനടുത്ത് ഡോളറാണ് ഈ നഗരത്തിനു ലഭിക്കുന്ന വാർഷിക വരുമാനം. ഹൈക്കിങ്, ഡോഗ് സ്ലെഡ്ജിങ്, കയാക്കിങ്, സ്നോ‌മൊബൈൽ സഫാരി, ഫാറ്റ്ബൈക്ക് ടൂറുകൾ തുടങ്ങി നിരവധി വിനോദ  പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും സഞ്ചാരികള്‍ക്ക്  ഇവിടെ അവസരമുണ്ട്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നു വരുന്ന സഞ്ചാരികള്‍ക്ക് സ്വാല്‍ബാര്‍ഡ്‌ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയാല്‍ ഏതാനും മണിക്കൂർ കൊണ്ട് ഇവിടെയെത്താം. ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ സവിശേഷമായ ഒരു കാലാവസ്ഥയാണിവിടെ

ഏപ്രിൽ 18 മുതൽ ഓഗസ്റ്റ് 23 വരെയുള്ള 127 ദിവസങ്ങളിൽ ഇവിടെ പാതിരാത്രി നേരത്തും  സൂര്യനെ കാണാം. അത്രയും നാൾ സൂര്യൻ ഇവിടെ  അസ്തമിക്കുന്നത് ഏറെ  വൈകിയാണ് . ഒക്ടോബർ 27 മുതൽ   ഫെബ്രുവരി 15 വരെയുള്ള 111 ദിവസം ഇരുണ്ട കാലമാണ് സൂര്യനെ കാണാനേ കിട്ടില്ല. അതിനാൽ നേരം പുലരേണ്ട സമയമായാലും പകൽ  വെളിച്ചമില്ല.നീണ്ട രാത്രി പോലെ 111 ദിവസം . എന്ന് വച്ചാൽ  ഈ സമയത്ത് ഇരുട്ടു മാത്രമേയുള്ളൂ. സൂര്യനെ കാണാനേ കിട്ടില്ല എന്ന് സാരം. നവംബർ മുതൽ മാർച്ച് വരെ നഗരത്തെ മുഴുവന്‍ മൂടുന്ന മഞ്ഞാണ്. പർവതങ്ങളുടെ നിഴല്‍ കാരണം മാർച്ച് 8 വരെയും  ലോംഗിയർ‌ബൈനിൽ സൂര്യനെ കാണാനേ ആവില്ല.

ഇത്തരത്തിൽ ഏറെ സവിശേഷമാണ് ഇവിടം. 1986 മാർച്ചിൽ രേഖപ്പെടുത്തിയ −46.3 ഡിഗ്രി സെല്‍ഷ്യസ് ആണ്  ഇവിടത്തെ ഏറ്റവും താഴ്ന്ന താപനില. ഏറ്റവും ചൂടേറിയ കാലാവസ്ഥ അനുഭവപ്പെട്ടത് 2020 ജൂലൈയിലായിരുന്നു– 21.7 ഡിഗ്രി സെല്‍ഷ്യസ്. വേനല്‍ ക്കാലത്തു പോലും ഇവിടുത്തെ മണ്ണിലുള്ള ഐസ് പാളി ഉരുകില്ല. ഉരുകാത്ത ഐസ് പൊതിഞ്ഞ ഭൂമി. എപ്പോഴും ഉള്ള തണുപ്പ്. ഈ സവിശേഷതകളാലാണ് ഇവിടെ ജനന മരണങ്ങൾ അനുവദിക്കാത്തത് . കുറഞ്ഞ താപനിലയും പെർമാഫ്രോസ്റ്റും കാരണം ഐസില്‍ ഇട്ടുവയ്ക്കുന്ന മത്സ്യം  കേടാകില്ല എന്നതുപോലെ, തണുത്തുറഞ്ഞ ഇവിടത്തെ മണ്ണിൽ അടക്കം ചെയ്യുന്ന മൃതദേഹങ്ങളും   വിഘടനം സംഭവിക്കാതെ  അഴുകാതെ അങ്ങനെ കിടക്കും. അക്കാരണത്താൽ ലോംഗിയർ‌ബൈനിൽ കഴിഞ്ഞ 70 വർഷത്തിലേറെയായി മൃതദേഹങ്ങൾ മണ്ണിനടിയില്‍ അടക്കം ചെയ്യുന്നത് നിരോധിച്ചിരിക്കുകയാണ്.

മൃതദേഹങ്ങൾ അഴുകിയില്ലെങ്കിലെന്താ കുഴപ്പം എന്നല്ലേ?.ഇതിനു ഭീകരമായ മറ്റൊരു മുഖമുണ്ട്. 1917 നും 1920 നും ഇടയിൽ  ഒരു പകർച്ചവ്യാധി ഈ നഗരത്തെ ബാധിച്ചിരുന്നു. അന്ന് മരിച്ച ആളുകളുടെ ശവശരീരങ്ങള്‍ ഇവിടെ തന്നെയാണ് മറവ് ചെയ്തത്. കുറേ  വർഷത്തിനുശേഷം അവിടെ പരിശോധന നടത്തിയപ്പോൾ ഞെട്ടിക്കുന്ന ഒരു കാഴ്ചയാണ് കണ്ടത്. അവിടെ അടക്കിയ മൃതദേഹങ്ങൾ ഒരു കേടുപാടും കൂടാതെ മണ്ണിനടിയിൽ അത് പോലെ കിടക്കുന്നു. ഒട്ടും അഴുകിയിട്ടില്ല. അത്  മനസ്സിലാക്കിയതോടെയാണ് ഇവിടെ ശവമടക്കുന്ന  രീതി അധികൃതര്‍ നിരോധിച്ചത്. 1918, ൽ  സ്പാനിഷ് ഫ്ലൂ പാൻഡെമിക് പിടിപെട്ടാണ് ആ ഏഴ് ഖനിത്തൊഴിലാളികളും മരിച്ചത്. അവരെ അന്ന്  ലോംഗ് ഇയർ സിറ്റിയിലെ ഒരു പുതിയ ശ്മശാനത്തിൽ അടക്കം ചെയ്യുകയായിരുന്നു. 1950-ൽ,  നടത്തിയ ഒരു പരിശോധനയിൽ ഈ  മൃതദേഹങ്ങൾ ഒട്ടും അഴുകിയിട്ടില്ലെന്ന് കണ്ടെത്തി. ആ ശവ ശരീരങ്ങളിൽ അപ്പോഴും മാരകമായ വൈറസിന്റെ സാന്നിധ്യവുമുണ്ടായിരുന്നു. ലോംഗിയർ‌ബൈന്‍ലെ തണുത്ത കാലാവസ്ഥയിൽ മൃതദേഹങ്ങൾ അഴുകാത്തതു പോലെ രോഗാണുക്കൾക്കും നാശമുണ്ടാകില്ല. മൃതദേഹത്തോടൊപ്പം രോഗാണുക്കളും സുരക്ഷിതമാണ്. എത്ര വർഷങ്ങൾ കഴിഞ്ഞാലും അവസരം വരുമ്പോൾ അവ  അവിടത്തെ അന്തേവാസികൾക്കിടയിൽ ഒരു മഹാമാരിയായി പടരാം . ആളുകൾ രോഗബാധിതരായി മരണപ്പെടാം. പ്രായം ചെന്ന് രോഗിയായി ആരെങ്കിലും മരിച്ചാൽ അവരെ അവിടെ സംസ്കരിച്ചാൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാം. അവരുടെ ദേഹത്തെ രോഗാണുക്കൾ മറ്റുള്ളവരിലേക്ക് പടരാം. അത്തരം   സംഭവങ്ങൾ  ഉണ്ടാകാതിരിക്കാനാണ് അധികൃതർ ലോംഗിയർ‌ബൈന്‍ൽ വച്ച് ആരെയും മരിക്കാൻ അനുവദിക്കാത്തത് . സെമിത്തേരിയിൽ പണ്ട് അടക്കിയ മൃത ശരീരങ്ങള്‍ ധ്യവക്കരടിയോ മറ്റോ മാന്തി പുറത്തെത്തിയാല്‍ പകര്‍ച്ചവ്യാധി തിരിച്ചു വരുമെന്നും അധികൃതർ ഭയക്കുന്നു. അതിനാൽ  ഭദ്രമായി അടച്ചുപൂട്ടിയ  നിലയിലാണാ സെമിത്തേരിയിപ്പോൾ . അടയാളത്തിനായി  മൃതദേഹം അടക്കിയതിന്റെ മുകളിൽ  കുരിശുകളും നാട്ടിയിട്ടുണ്ട്. രണ്ടായിരത്തോളം നിവാസികളുള്ള  ലോംഗർബൈനില്‍ ഇപ്പോഴും മതിയായ ആരോഗ്യപാലന സൗകര്യങ്ങളില്ല. വയോജനങ്ങൾക്കായുള്ള നഴ്സിങ് ഹോമുകള്‍ പോലും ഇവിടെയില്ല. എന്തെങ്കിലും ഗുരുതരമായ അസുഖമു ണ്ടായാൽ രക്ഷപ്പെടുത്താനായി  മണിക്കൂറുകൾ യാത്ര ചെയ്ത്  അകലെയുള്ള ആശുപത്രിയിലേക്കു എത്തിക്കുകയേ  മാര്‍ഗ്ഗമുള്ളൂ. ഇവിടെ മരണം അനുവദിക്കാത്തതു പോലെ ജനനവും അനുവദിക്കാത്തതിന് പിന്നിലും വേണ്ടത്ര ചികിത്സാ സൗകര്യമില്ല എന്ന  കാരണങ്ങൾ തന്നെ.

 ഗർഭിണിയായ സ്ത്രീകൾ പ്രസവത്തിന് മൂന്നാഴ്ച മുമ്പ്  ദ്വീപ്‌ വിടണം. അവർ എത്രയും പെട്ടെന്ന് നല്ല ആശുപത്രികള്‍ ഉള്ള സ്ഥലത്തേക്കു മാറണം. സങ്കീർണമായ പ്രസവക്കേസുകൾ വന്നാൽ പരിചരിക്കാൻ മാർഗമില്ല. ചിലപ്പോൾ ഗർഭിണിയും കുഞ്ഞും തന്നെ മരണപ്പെട്ടാലോ ?. അതാണ് കാരണം. ദ്വീപിലിപ്പോഴുള്ള  ചെറിയ ആശുപത്രി,  അടിയന്തര സാഹചര്യങ്ങളിൽ മാത്രമാണ് തുറന്നു പ്രവർത്തിക്കുന്നത്. അവിടെ വേണ്ടത്ര ചികിത്സാ സംവിധാനവുമില്ല. ലോംഗർബൈനില്‍ 60% ത്തിലധികം ഭൂമി മഞ്ഞുകൊണ്ട് മൂടപ്പെട്ട നിലയിലാണ്. മരങ്ങളില്ലെന്നു മാത്രമല്ല, കടുത്ത കാലാവസ്ഥയെ അതിജീവിക്കാന്‍ കഴിവുള്ള ചിലയിനം പന്നല്‍ ചെടികളും ലൈക്കനുകളും മാത്രമേ ഇവിടെയുള്ളൂ. ഹസ്കി കരടികൾ, റെയിൻഡിയർ, നായ്ക്കൾ തുടങ്ങിയ ജീവികളെയും കാണാം. സ്നോ സ്കൂട്ടർ ഉപയോഗിച്ചാണ് ആളുകള്‍ ഇവിടെ സഞ്ചരിക്കുന്നത്. ധാരാളം ധ്രുവക്കരടികളുള്ള സ്ഥലമാണിത്. 2000 ആളുകൾ താമസിക്കുന്ന പ്രദേശത്ത് ഏകദേശം 3000 ധ്രുവക്കരടികളുണ്ട്  എന്നാണ് കണക്ക്. ഇവ മനുഷ്യരെ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്ന ജീവികളാണ്. ആക്രമണം ഏതു സമയത്തും പ്രതീക്ഷിക്കാം എന്നതിനാല്‍ നാട്ടുകാര്‍ സ്വയരക്ഷയ്ക്കായി എപ്പോഴും റൈഫിൾ കയ്യില്‍ കരുതണം എന്ന നിയമവും ഇവിടെയുണ്ട്.