പ്രണയക്കൊലപാതകങ്ങൾക്ക് പിന്നിൽ

പ്രണയക്കൊലപാതകങ്ങൾ ഒരു വാർത്തയല്ലാതായി മാറുന്ന കാലമാണിത്. വാർത്തകളിലൂടെ കണ്ണോടിക്കുമ്പോൾ

ഒരീച്ചയെയോ , തുമ്പിയെയോ കൊല്ലുന്നതു പോലെ അത്രമേൽ നിസ്സാരമായി മനുഷ്യ ജീവനെ ഇല്ലായ്മ ചെയ്യുന്ന മാനസിക വളർച്ചയില്ലാത്തവരുടെ നാട്ടിലാണ്  നാം ജീവിക്കുന്നത് .പ്രണയപ്പകയിൽ ജീവനെടുക്കപ്പെടുന്നതിൽ ബഹുഭൂരിപക്ഷവും പെൺകുട്ടികളാണ്. മുന്നൊരുക്കത്തോടെ തയ്യാറാക്കിയതായിരുന്നു നാം കേട്ട  പല ക്രൂര പ്രണയ കൊലപാതകങ്ങളും . 

എല്ലാ പ്രണയവും പ്രണയമല്ല. നമുക്കു പ്രണയമെന്നു തോന്നുന്നതെല്ലാം പ്രണയമല്ലെന്നും യഥാർഥത്തിൽ പ്രണയമെന്താണെന്നു തിരിച്ചറിയുകയാണു വേണ്ടതെന്നും വിദഗ്ദ്ധർ പറയുന്നത് .

ആറു തരം പ്രണയങ്ങളാണു നിർവചിക്കപ്പെട്ടിട്ടുള്ളത്. 

⚡1. ഇറോസ്: ശാരീരിക ആകർഷണത്തിനാണു മുൻതൂക്കം. വൈകാരികമായിരിക്കും ഇടപെടലുകൾ. ആത്മാർഥത കുറവും ഹ്രസ്വകാല പ്രണയവുമായിരിക്കും.

⚡2. ലുഡുസ്: ഭയങ്കര അധീശത്വ സ്വഭാവം പുലർത്തുന്നവരായിരിക്കും. ഒരു ഗെയിം പോലെ പ്രണയത്തെ കാണുന്നവർ. ഒന്നിനു പിന്നാലേ മറ്റൊന്ന് എന്ന തരത്തിൽ പ്രണയം തേടി സഞ്ചരിക്കും. ഒരേസമയം ഒന്നിലേറെ പങ്കാളികളുണ്ടാകും ഇവർക്ക്.

⚡3. സ്റ്റോർജ്: ദീർഘകാല സൗഹൃദത്തിനൊടുവിൽ പ്രണയത്തിലേക്കു മാറുന്നവരാണിവർ.

⚡4. പ്രാഗ്മ: പ്ലേറ്റോണിക് ലൗ എന്നു പറയാറില്ലേ. തലച്ചോറു കൊണ്ടാകും ഇത്തരക്കാരുടെ പ്രണയം. വൈകാരികതയോ സ്നേഹപ്രകടനങ്ങളോ കുറവായിരിക്കും.

⚡5. അഗാപേ: അഗാധമായ പ്രണയമാണിത്. നിസ്വാർഥ സ്നേഹം. കാമുകി കൈവിട്ടുപോയാലും ‘മംഗളം നേരുന്നു ഞാൻ...’ എന്നു പാടും അവർ.                          

⚡6. മാനിയ: ഇതാണു ഭൂരിപക്ഷം കേസുകളിലെയും പ്രണയം. അമിത ഇഷ്ടമായിരിക്കും. ഒപ്പം തന്റേതു മാത്രമാണെന്ന ചിന്തയും. അസൂയാലുക്കളുമാകും ഇക്കൂട്ടർ. പക്ഷേ, ഇതു മൂന്നും പങ്കാളിക്ക് ഒരുതരത്തിലും ഗുണം ചെയ്യില്ല. ഏറ്റവും അപകടകാരിയാണ് ഇത്. 

 ഇത്തരക്കാരുടെ മനോനില ഒട്ടും ഗുണകരമായിരിക്കില്ല. ചെറിയ പ്രായത്തിലേ ഉണ്ടാകുന്ന അരക്ഷിതത്വ ബോധമാണ് അവരെ ഇങ്ങനെയാക്കുന്നത്. ആരെയും വിശ്വസിക്കില്ല ഇവർ. തന്നെ ഇട്ടിട്ടുപോകുമോ എന്നൊരു ഭയം എല്ലാക്കാലത്തും പങ്കാളിയോടുണ്ടാകും. ‘ശിഥില കുടുംബ’ങ്ങളിൽനിന്നുള്ള കുട്ടികളിൽ ഇതു കൂടുതൽ പ്രകടമാണെന്നാണ് അനുഭവം. 

മറ്റുള്ളവരെ ഒട്ടും പരിഗണിക്കാത്ത ഇവർക്ക് കരുണയെന്ന വികാരം ഉണ്ടാകില്ല. നടന്നു പോകുമ്പോൾ ചുമരിൽ കല്ലുകൊണ്ട് കോറിവരയ്ക്കാനോ, പട്ടിയെ കല്ലെറിയാനോ വെറുതെ കിടക്കുന്ന പൂച്ചയ്ക്കിട്ടൊരു ചവിട്ടു കൊടുക്കാനോ ഒന്നും മടിയുണ്ടാകില്ല. തീ വയ്ക്കാനുള്ള പ്രവണതയും കൂടുതലായിരിക്കും. ചെറുപ്പത്തിൽ കടലാസുകൾ കുനുകുനാ കീറിയിട്ട് കത്തിക്കാനൊക്കെ വ്യഗ്രത കാട്ടും. ചുറ്റുമുള്ളവരെല്ലാം അവർക്ക് ഉപയോഗിക്കാനുള്ള  വസ്തുകൾ (ഒബ്ജെക്ട്സ്) മാത്രമാണ് . മറ്റുള്ളവരുടെ മനസ്സ് കണ്ടെത്താൻ ശ്രമിക്കാത്ത ഇവർക്ക് ഒന്നിലും കുറ്റബോധവു മുണ്ടാകില്ല. സ്വഭാവ വൈകല്യങ്ങൾ പ്രകടിപ്പിക്കുന്ന ഇത്തരക്കാരെ കുട്ടിക്കാലത്തേ കണ്ടെത്തി മാറ്റിയെടുക്കാവുന്നതേയുള്ളൂ. 

താൻ വിചാരിച്ചത് ഇപ്പോൾത്തന്നെ നടക്കണ മെന്ന ശാഠ്യം മാനുഷികമല്ല, മൃഗീയമാണ്. സാഹചര്യങ്ങളെക്കുറിച്ചു കൂടി ബോധവാ നായിരിക്കും മനുഷ്യൻ.  പ്രണയത്തിന്റെ കാര്യത്തിൽ കൊലപാതകങ്ങളിലേക്കു നീളുന്ന കുറ്റകൃത്യങ്ങൾ ബഹുഭൂരിപക്ഷവും ആൺകുട്ടികളുടെ ഭാഗത്തുനിന്നാണെന്നു കണക്കുകൾ പറയുന്നു. ലഹരി ഉപയോഗത്തിന്റെ ആധിക്യം കൂടുതലാണെന്നത് ഒരു കാരണമാകാം. അവരുടെ ആഗ്രഹങ്ങൾക്ക് തീവ്രത കൂട്ടുന്നത് പലപ്പോഴും ലഹരിയാകും. ലൈംഗിക ഊർ‌ജവും അതിനുള്ള ത്വരയും ഉയർന്ന തോതിലാകും ഇത്തരക്കാർക്കിടയിൽ. പ്രണയ ‘മാനിയ’യും , ലഹരിയും കൂടിച്ചേർന്നാൽ അതിനോളം വലിയ അത്യാപത്തു വേറെയില്ലെന്നാണ് അനുഭവങ്ങൾ തെളിയിക്കുന്നത്. 

                                                        



Most Viewed Website Pages