എന്താണ് ജയ്പൂർ പാദങ്ങൾ?


രാജസ്ഥാനിലെ ജയ്പൂരിൽ വൾകനൈസഡ്‌ റബ്ബറിൽ നിർമ്മിക്കുന്ന കൃത്യമ കാലുകളാണ് ജയ്‌പൂർ പാദങ്ങൾ എന്ന പേരിൽ രാജ്യാന്തര പ്രശസ്തി നേടിയത്. പി.കെ സേഥി എന്ന ഡോക്ടർ ആയിരുന്നു ഇതിന് പിന്നിൽ പ്രവർത്തിച്ചത്. അപകടങ്ങളിൽ കാലുകൾ നഷ്ടപ്പെട്ടവരും , ജന്മനാ വികലാംഗരുമായ ആയിരക്കണക്കിനാളുകൾ സേഥിയുടെ ജയ്‌പൂർ പാദങ്ങൾ എന്ന കൃത്രിമ കാലുകൾ ഘടിപ്പിച്ച്‌ ഇന്നും ജീവിതം നയിക്കുന്നുണ്ട്‌.

ജയ്‌പൂർ പാദങ്ങൾ വികസിപ്പിക്കുന്നതിനു മുമ്പുള്ള കൃത്രിമ കാലുകൾ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അപ്രാപ്യമായിരുന്നു. എന്നാൽ ജയ്‌പൂർ പാദങ്ങളുടെ കണ്ടുപിടിത്തം ഒട്ടേറെ പേരെ ജീവിതത്തിലേക്ക്‌ മടക്കി കൊണ്ടുവന്നു. 1969 ലാണ് ആദ്യമായി ചിലവ്‌ കുറഞ്ഞതും , കൂടുതൽ അനായസകരവുമായ കൃത്രിമ കാലുകൾ പി.കെ സേഥി നിർമ്മിച്ചെടുക്കുന്നത്‌. ജയ്‌പൂരിൽ നിന്ന് നിർമ്മിച്ച കാലുകൾ ‘ജയ്‌പൂർ പാദങ്ങൾ’ എന്ന പേരിൽ പ്രശസ്തി നേടാൻ അധികം കാലമെടുത്തില്ല.

അസ്ഥി രോഗ ചികിത്സയിലെ ഈ ഇന്ത്യൻ ചുവടുവെയ്‌പ്‌ ലോകം മുഴുവൻ ശ്രദ്ധിക്കപ്പെട്ടു. ഒട്ടേറെ വിദേശ രാജ്യങ്ങളിലേക്ക്‌ ജയ്‌പൂർ കാലുകൾ കയറ്റുമതി ചെയ്യപ്പെട്ടിട്ടുണ്ട്‌‌. ചെലവു കുറവും , ഉപയോഗിക്കാനുള്ള എളുപ്പവുമാണ്‌ ജയ്‌പൂർ കാലുകളുടെ പ്രശസ്തി വർദ്ധിപ്പിച്ചത്‌. ഇതുപയോഗിച്ച്‌ അനായാസമായി നടക്കാനും , ജോലിയെടുക്കാനും ,സാധാരണ ജീവിതം നയിക്കാനും വികലാംഗർക്ക് കഴിയും. കേവലം അയ്യായിരം രൂപയിൽ താഴെ മാത്രം നിർമ്മാണ ചിലവ്‌ വരുന്നതാണ് ഈ കൃത്രിമ കാലുകൾ .

ജയ്‌പൂർ പാദങ്ങൾ ഉപയോഗിക്കുന്നവരിൽ പ്രമുഖരാണ് പ്രശസ്ത നർത്തകി സുധാ ചന്ദ്രൻ .

ഓരോ രോഗിക്കും പ്രത്യേകമായി അളവെടുത്താണ്‌ പ്രോസ്‌തെസിസ്‌ നിർമ്മിക്കുന്നത്‌. ഓരോ രോഗിയുടെയും സ്റ്റമ്പിൽ (മുറിച്ചു മാറ്റിയതിനു ശേഷമുള്ള ഭാഗം) ഒരു സോക്ക്‌സ്‌ ധരിപ്പിച്ചു അതിനു മുകളിൽ പ്ലാസ്റ്റർ ഓഫ്‌ പാരീസ്‌ കൊണ്ട്‌ മോൾഡ്‌ ഉണ്ടാക്കിയാണ്‌ അളവെടുക്കുന്നത്‌.ഈ സോക്കറ്റിൽ നിന്നും ഉണ്ടാക്കുന്ന പ്ലഗ്‌ കാലിന്റെ അതെ അളവാ യിരിക്കും. ഈ പ്ലഗിലേക്ക്‌ ഹൈഡെൻസിറ്റി പോളി എത്തലീൻ ഉരുക്കി ഒഴിച്ച്‌ സ്‌ട്രെ്‌ച്‌ ചെയ്‌തെടുക്കുന്നു. ഇതിലേക്ക്‌ വൾകനൈസഡ്‌ (സൾഫർ ചേർത്ത്‌ ബലവും , ഇലാസ്‌തികതയും വർദ്ധിപ്പിച്ച) റബ്ബർ കൊണ്ടുള്ള പൊയ്‌ക്കാൽ ഘടിപ്പിക്കുന്നു.

വിദേശ രാജ്യങ്ങളിൽ കൃത്രിമക്കാലുകൾ വെക്കാൻ വലിയ തുക ആവശ്യമാണ്‌. എന്നാൽ ഇന്ത്യൻ പ്രകൃതിക്ക്‌ നന്നായി ഇണങ്ങുന്ന ജയ്‌പൂർ കാലുകളുടെ ചെലവ് വളരെ തുശ്ചം.

ഇത്‌ ധരിച്ച ഒരു വ്യക്തിക്ക്‌ കൃഷി ഇടങ്ങളിൽ വേല ചെയ്യാനും , ഓടാനും , സൈക്കിൾ ചവിട്ടാനും , നിലത്തു കുത്തി ഇരിക്കാനും , മരത്തിൽ കേറാനും ഒക്കെ സാധിക്കും. വിദേശ നിർമിത വെപ്പുകാലുകളിൽ പലതും ഇത്തരത്തിൽ ഡിസൈൻ ചെയ്‌തവയല്ല. കൂടാതെ വാട്ടർ പ്രൂഫായ ജയ്‌പൂർ കാലുകൾക്ക്‌ ഭാരം കുറവാണ്‌ എന്നതും പ്രത്യേകതയാണ്‌.

അസ്ഥി രോഗ ചികിത്സയിലെ ജയ്‌പൂര്‍ പാദത്തിന്റെ കണ്ടു പിടുത്തം സേഠിയ്‌ക്ക്‌ ഗിന്നസ്‌ ബുക്കിലും സ്ഥാനം നേടിക്കൊടുത്തു. അദ്ദ്ദേഹം നല്‌കിയ സേവനത്തെ മാനിച്ച്‌ രാഷ്ട്രം പദ്‌മശ്രീ നല്‌കിയാദരിച്ചിരുന്നു. മാഗ്‌സെ, ബി.സി റോയി അവാര്‍ഡ്‌ തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്‌.

                                                        



Most Viewed Website Pages