റൊമാനിയയിലെ മൊവിൽ കേവ്:

ഒരു രഹസ്യ ഗുഹയും, അതിലെ വിചിത്ര ജീവികളും;

1986ൽ  റൊമേനിയയിലെ തൊഴിലാളികൾ വൈദ്യുത പദ്ധതിയ്ക്ക് അനുയോജ്യമായ ഒരു സ്ഥലം കണ്ടെത്താൻ ശ്രമിക്കുന്നതിനിടെ റൊമാനിയയുടെ തെക്ക് കിഴക്കായി, കരിങ്കടലിനും ബൾഗേറിയൻ അതിർത്തിക്കും അടുത്തായി അവിചാരിതമായി കണ്ടെത്തിയ ഒരു ഗുഹയാണ് മൊവിൽ കേവ്.

ഏകദേശം 5.5 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്, മനുഷ്യരുടേയും, ചിമ്പാൻസികളുടേയും ഏറ്റവും പുതിയ പൊതു പൂർവ്വികർ ഭൂമിയിൽ കറങ്ങി നടന്നിരുന്ന സമയത്ത് ചുണ്ണാമ്പുകല്ലാൽ അടക്കപ്പെട്ട് കിടന്നിരുന്ന ഒരു ചെറിയ ഗുഹയായിരുന്നു അത്. ഏതാണ്ട് 5.5 ദശലക്ഷം വർഷം ഭൂമിയിലെ മറ്റിടങ്ങളിൽ നിന്നും പൂർണ്ണമായും ഒറ്റപ്പെട്ടു കിടന്ന അത്ഭുതങ്ങളുടെ കലവറയായ ഈ ഗുഹയിൽ നിന്നും വളരെ വ്യത്യസ്തത പുലർത്തുന്ന അപൂർവ്വ ജീവികളെയാണ് ഗവേഷർക്ക് കണ്ടെത്താനായത്. ഈ ഗുഹയിൽ നിന്നും ഇതുവരെ കണ്ടെത്തിയ 48 ഇനം ജീവികളിലെ 33 ഇനം ജീവികളും ഈ ഭൂമിയിൽ മറ്റൊരിടത്തും ഇല്ലാത്തവയാണ്.

ചിലന്തികളും, ചെള്ളുകളും, വണ്ടുകളും, പുഴുക്കളും എല്ലാം ഉൾപ്പെടുന്ന ഈ ഗുഹയിലെ ജൈവവ്യവസ്തയിലെ ജീവി വർഗങ്ങളിൽ വലിയൊരു വിഭാഗവും അന്ധരും, ഇരുട്ടിൽ ലക്ഷക്കണക്കിന് വർഷങ്ങൾ തുടർന്നതിനാൽ ഏതാണ്ട് അർദ്ധസുതാര്യരും ആയിരുന്നു. തികച്ചും ഒറ്റപ്പെട്ട്, ദശലക്ഷക്കണക്കിന് വർഷങ്ങളായി വെളിച്ചം പോലും കടന്നു ചെല്ലാത്ത അവസ്ഥയിൽ, വിഷമയമായി തീർന്ന അന്തരീക്ഷത്തിൽ ഈ ഗുഹയിലെ ജൈവവ്യവസ്ഥ എങ്ങനെ അതിജീവിച്ചു എന്നത് ഇപ്പോഴും ഗവേഷകർക്ക് ഉത്തരം കിട്ടാത്ത ചോദ്യമാണ്.

റൊമാനിയൻ ശാസ്ത്രജ്ഞനായ ക്രിസ്റ്റ്യൻ ലാസ്‌കു ആണ് ആദ്യമായി ഈ ഗുഹയിലേക്ക് ഇറങ്ങിയ മനുഷ്യൻ. 65 അടിയോളം ഇറങ്ങി ചെന്ന അദ്ദേഹം ഇടുങ്ങിയ ചുണ്ണാമ്പുകല്ല് ഗുഹകളിലെ ഒന്നിൻ്റെ ഉള്ളിലെ സൾഫൈഡ് നിറഞ്ഞ ഒരു നിഗൂഢ ഭൂഗർഭ തടാകത്തിലേക്കാണ് എത്തിയത്. ഈ ഗുഹ വളരെ ഈർപ്പമുള്ളതും, ചൂടുള്ളതും, ദുർഗന്ധമുള്ളതും ആയിരുന്നു. ഈ ജീവികളുടെ അതിജീവനത്തിനായി അവയ്ക്ക് ചുറ്റും ലഭ്യമായ ഭക്ഷണമൊന്നും കണ്ടെത്താൻ കഴിയാതെ വന്ന ഗവേഷകർ ആദ്യമൊന്ന് ആശയക്കുഴപ്പത്തിലായി. 

"ഓട്ടോട്രോഫ്" അല്ലെങ്കിൽ കാർബൺ ഡൈ ഓക്സൈഡ് പോലെയുള്ള ലളിതമായ അജൈവ പദാർത്ഥങ്ങളിൽ നിന്ന് ജൈവ പോഷക പദാർത്ഥങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന ബാക്ടീരിയയുടെ ഒരു പാളി കണ്ടെത്തിയതോടെയാണ് ഗവേഷകരുടെ ആശയക്കുഴപ്പം ചെറുതായെങ്കിലും ഒന്ന് പരിഹരിക്കപ്പെട്ടത്.

ഈയൊരു ഗുഹയിൽ നിരവധി വ്യത്യസ്ത ഇനം ജീവികൾ ഉള്ളതിനാൽ, അവയെല്ലാം ഒരേ സ്ഥലത്ത് എങ്ങനെ എത്തി എന്ന് കൃത്യമായി പറയാൻ വളരെ പ്രയാസമാണ്. വടക്കൻ അർദ്ധഗോളത്തിലെ കാലാവസ്ഥാ വ്യതിയാനം മൂലം മെഡിറ്ററേനിയൻ കടൽ വറ്റിവരളാൻ തുടങ്ങിയതോടെ, കൂടുതൽ ഗന്ധകമുള്ള ഒരു സ്ഥലം തേടാൻ ശ്രമിച്ച ജീവികൾ മോവിൽ ഗുഹ കണ്ടെത്തുകയും, ഒരിക്കലും തിരികെ പോകാതിരിക്കാനായി അവിടെ പതുങ്ങിക്കൂടുകയും ചെയ്തതോടെ അവ ആകസ്മികമായി ഈ ഗുഹയിൽ കുടുങ്ങിപ്പോയതാകാം എന്നാണ് ചില ശാസ്ത്രജ്ഞർ കരുതുന്നത്.

കാലാവസ്ഥ അനുദിനം ഭൂമിയെ വാസയോഗ്യം അല്ലാതാക്കുന്ന ഈ അവസരത്തിൽ, ഗവേഷകർക്ക് ഹരിതഗൃഹ വാതകങ്ങളാലും, ആ വാതകങ്ങളെ ഓക്സിഡൈസ് ചെയ്യാൻ കഴിയുന്ന ബാക്ടീരിയകളാലും സമ്പന്നമായ ഒരു പരിസ്ഥിതിയെ നിരീക്ഷിക്കാനുള്ള സവിശേഷമായ ഒരവസരമാണ് മോവിൽ കേവ് നൽകുന്നത്. ഗുഹയിലെ ബാക്ടീരിയയുടെ പാളിയെ വിശദമായി പഠന വിധേയമാക്കിയാൽ ഭൂമിയുടെ അന്തരീക്ഷത്തിൽ നിന്നും മീഥെയ്ൻ, കാർബൺ ഡൈ ഓക്സൈഡ് തുടങ്ങിയ വാതകങ്ങളെ നീക്കം ചെയ്യുന്നതിനുള്ള വിദ്യ ഗവേഷകർക്ക് സ്വായത്തമാകാനുള്ള  സാധ്യതയുമുണ്ട്.


                                                        



Most Viewed Website Pages