മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഗാംബിയയിലെ തിരഞ്ഞെടുപ്പിന് ഉള്ള പ്രത്യേകത എന്ത്?

ലോകമെങ്ങും ഇലക്ട്രോണിക് ബാലറ്റ് ബോക്സുകള്‍ പോലുള്ള ആധുനിക സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് ഇക്കാലത്ത് കൂടുതലും തിരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. ലഭ്യമായതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന സുരക്ഷാസന്നാഹങ്ങളും ഇതിനായി ഉപയോഗിക്കപ്പെടുന്നു. എന്നാല്‍, ഈ 21-ാം നൂറ്റാണ്ടിലും മാർബിളുകൾ (ഗോലി ) ഉപയോഗിച്ച് തികച്ചും വ്യത്യസ്തമായ രീതിയിൽ തിരഞ്ഞെടുപ്പ് നടത്തുന്ന ഒരു രാജ്യമുണ്ട് പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗാംബിയ! (Gambia ) .1960- കളിൽ ആദ്യമായി നിലവില്‍ വന്ന ഈ മാർബിൾ വോട്ട് സമ്പ്രദായം (marbles voting system ) ഇപ്പോഴും ഇവിടെ തുടരുന്നു.

1965-ൽ ബ്രിട്ടീഷുകാരാണ് ഗാംബിയയിൽ മാർബിളുകൾ ഉപയോഗിച്ചുള്ള വോട്ടിംഗ് ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് രാജ്യം സ്വാതന്ത്ര്യം നേടിയപ്പോഴും, സാക്ഷരത തീരെ കുറവായിരുന്ന അവിടെ ഈ വോട്ടിംഗ് രീതി മാറ്റമില്ലാതെ തുടർന്നു. അഞ്ച് പതിറ്റാണ്ടോളം പഴക്കമുള്ള ഈ രീതി നാളിതുവരെ രാജ്യത്ത് തുടർന്നുവരികയാണ്. വളരെ ലളിതമായ ഈ പ്രക്രിയ സത്യസന്ധവും, അഴിമതി വിമുക്തവുമാണെന്ന് ആളുകൾ കരുതുന്നു.   2017- ലും പിന്നീട് 2021 ഡിസംബറിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോഴും മാർബിളുകൾ കൊണ്ടുള്ള തിരഞ്ഞെടുപ്പിലാണ് രാജ്യത്തിന്‍റെ നിലവിലെ പ്രസിഡന്‍റ് അദാമ ബാരോ അധികാരത്തിലെത്തിയത്.

ഒരു സാധാരണ തിരഞ്ഞെടുപ്പ് ചട്ടം എന്ന നിലയിലും തിരിച്ചറിയാൻ എളുപ്പത്തിനുമായി രാജ്യത്തെ നിയോജക മണ്ഡലങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ നിയോജക മണ്ഡലത്തിലും, വോട്ടിംഗ് നടക്കുന്ന നിരവധി പോളിംഗ് സ്റ്റേഷനുകളുണ്ട്. സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിനിധീകരിക്കുന്ന ഒരു പ്രിസൈഡിംഗ് ഓഫീസറുടെ നേതൃത്വത്തിലാണ് എല്ലാ പോളിംഗ് സ്റ്റേഷനുകളും. വോട്ടർമാർക്ക് അവർ വോട്ട് രേഖപ്പെടുത്തിയ സ്ഥലങ്ങളിൽ മാത്രമേ വോട്ട് ചെയ്യാൻ അനുവാദമുള്ളൂ. തെരഞ്ഞെടുപ്പ് ദിവസം, പ്രിസൈഡിംഗ് ഓഫീസർമാർ ആ സ്ഥലത്തെ വോട്ടർമാരുടെ ഐഡന്റിറ്റി ക്രോസ് ചെക്ക് ചെയ്യുന്നു. മാർബിൾ ലഭിക്കുന്നതിന് മുമ്പ് വോട്ടർമാരുടെ വിരലുകളിൽ മഷി പുരട്ടേണ്ടതുണ്ട്. വ്യക്തികൾ രണ്ടുതവണ വോട്ട് ചെയ്യുന്നത് തടയാനാണ് ഈ നടപടികൾ.

തിരഞ്ഞെടുപ്പ് ദിവസം, ഓരോ വോട്ടർക്കും സുതാര്യമായ ഒരു ഗ്ലാസ് മാർബിൾ നൽകും. വോട്ടിങ് ബൂത്തുകളിൽ പാര്‍ട്ടിയുടെ പേരും, ചിഹ്നവും , സ്ഥാനാര്‍ഥിയുടെ ചിത്രവുമെല്ലാം അടയാളപ്പെടുത്തിയ വലിയ ഡ്രമ്മുകൾ ഉണ്ടാകും. വോട്ടർമാർ അവരുടെ മാർബിൾ, ഒരു ട്യൂബിനുള്ളിലൂടെ അവര്‍ തിരഞ്ഞെടുക്കുന്ന ഡ്രമ്മിലേക്ക് ഇടുന്നു. ഈ സമയത്ത് ഉച്ചത്തിലുള്ള മണി ശബ്ദം കേള്‍ക്കാം. വോട്ട് രേഖപ്പെടുത്തി എന്നതിന്‍റെ അടയാളമാണ് ഈ ശബ്ദം. 

മണിശബ്ദം ഉള്ളതിനാല്‍ ഒരു വോട്ടർ ഡ്രമ്മിൽ ഒന്നിലധികം മാർബിളുകൾ ഇട്ടാല്‍ പോളിങ് ഉദ്യോഗസ്ഥർക്ക് ഉടൻ തന്നെ അറിയാൻ കഴിയും. മാർബിൾ വീഴുമ്പോൾ മറ്റെന്തെങ്കിലും ശബ്ദം ഉണ്ടാകാതിരിക്കാൻ, ഡ്രമ്മിന്‍റെ അടിയിൽ മണൽ നിറച്ചിരിക്കും. കൂടാതെ, മറ്റ് ബെൽ ശബ്ദങ്ങളിൽ നിന്ന് വേർതിരിച്ചറിയാൻ, തിരഞ്ഞെടുപ്പ് ദിവസം പോളിങ് സ്റ്റേഷനുകളുടെ തൊട്ടടുത്ത് സൈക്കിളുകൾക്ക് നിരോധനമുണ്ട്. വോട്ടു ചെയ്തുകഴിഞ്ഞ ഉടനെ, അവിടെ വച്ചുതന്നെ വോട്ടുകൾ എണ്ണുന്നു. വോട്ടെടുപ്പിന്‍റെ അവസാനം, ഓരോ ഡ്രമ്മിൽ നിന്നുമുള്ള മാർബിളുകൾ നിശ്ചിതദ്വാരങ്ങളുള്ള പ്രത്യേക ട്രേകളിലേക്ക് ഇടുന്നു. ഓരോ ദ്വാരത്തിലും മാര്‍ബിള്‍ നിറഞ്ഞു കഴിഞ്ഞാല്‍ പ്പിന്നെ എണ്ണല്‍ എളുപ്പമാണ് .തെറ്റു പറ്റുകയുമില്ല.  മാർബിൾ രീതിയില്‍ തിരഞ്ഞെടുപ്പിലും ഫലങ്ങളിലും കൃത്രിമം കാണിക്കാന്‍ ബുദ്ധിമുട്ടാണ്. വോട്ടുകൾ സ്ഥലത്തുതന്നെ എണ്ണുന്നത് തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള ജനവിശ്വാസവും കൂട്ടുന്നു. കൂടാതെ, ഇന്ത്യൻ വോട്ടർമാർക്കുള്ള നോട്ട പോലെ, ഏതെങ്കിലും പാർട്ടികൾക്ക് വോട്ട് ചെയ്യാൻ ആഗ്രഹിക്കാത്ത ആളുകൾക്കായി ഒരു അധിക ഡ്രം വരുന്ന തിരഞ്ഞെടുപ്പുകളിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശവും ഉണ്ട്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട മുഴുവൻ പ്രക്രിയയും സുതാര്യവും , ചെലവുകുറഞ്ഞതും സുസ്ഥിരവുമാണ്. ഗാംബിയയിൽ പ്രാദേശികമായി ലഭിക്കുന്ന മാർബിളുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. മാത്രമല്ല, ഇവിടെത്തന്നെ ഉല്‍പ്പാദിപ്പിക്കുന്ന ഡ്രമ്മുകള്‍, അടുത്ത തിരഞ്ഞെടുപ്പുകളിലും വീണ്ടും വീണ്ടും ഉപയോഗിക്കാറുണ്ട്. അതിനാൽ, പേപ്പർ ബാലറ്റ് സമ്പ്രദായവുമായി താരതമ്യപ്പെടുത്തുമ്പോൾ, വോട്ടെടുപ്പ് മൂലമുണ്ടാകുന്ന മലിനീകരണം വളരെ കുറവാണ്. 

ഈ വോട്ടെടുപ്പ് രീതിയുടെ ബഹുമാനാർത്ഥം,  യുവജനങ്ങളുടെ നേതൃത്വത്തിലുള്ള സിവിൽ സൊസൈറ്റി ഓർഗനൈസേഷനായ ഗാംബിയ പാർട്ടിസിപേറ്റ്സ് 2018-ൽ 'മാർബിൾ' എന്ന പേരിൽ ഒരു മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. പ്രധാനപ്പെട്ട വോട്ടിങ് വിവരങ്ങൾ നൽകുകയും ഗാംബിയയിലെ ജനങ്ങൾക്കിടയിൽ തിരഞ്ഞെടുപ്പ് അവബോധം വളർത്തുകയും ചെയ്യുക എന്നതാണ് ആപ്പിന്‍റെ ലക്ഷ്യം. ആധുനിക ലോകത്ത് ഇതിന്റെ പ്രസക്തിയെ പലരും ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും, ഇന്നും മാർബിൾ കൗണ്ടിംഗ് മാറ്റമില്ലാതെ നിലനിൽക്കുന്നു. 2021 ഡിസംബറിലാണ് ഗാംബിയയിലെ അവസാന മാർബിൾ വോട്ടിംഗ് നടന്നത്.

വോട്ടിങ് രീതിയിലെ പ്രത്യേകത മാത്രമല്ല, വിനോദസഞ്ചാരത്തിലും ഏറെ ശ്രദ്ധേയമാണ് ഗാംബിയ. വർഷങ്ങളായി ഇവിടേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം കുത്തനെ ഉയർന്നുകൊണ്ടേയിരിക്കുന്നു.  


പടിഞ്ഞാറൻ ആഫ്രിക്കയിലെ ഒരു രാജ്യമാണ്‌ റിപ്പബ്ലിക്ക് ഓഫ് ഗാംബിയ എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ഗാംബിയ. ബഞ്ജുൾ തലസ്ഥാനമായുള്ള ഗാംബിയ, ആഫ്രിക്കൻ വൻകരയിലെ ഏറ്റവും ചെറിയ രാജ്യവുമാണ്.1965 ഫെബ്രുവരി 18 ന് ഗാംബിയ ബ്രിട്ടീഷ് സാമ്രാജ്യത്തിൽനിന്ന് സ്വാതന്ത്ര്യം നേടുകയും കോമൺവെൽത്തിൽ അംഗമാവുകയും ചെയ്തു. 2013 ഒക്ടോബറിൽ ഗാംബിയ കോമൺവെൽത്തിൽ നിന്നും പിന്മാറി.

വിദേശികളുടെ ആക്രമണത്തോടെയാണ് സെനഗലിന്റെ ഭാഗമായിരുന്ന ഈ പ്രദേശം സ്വതന്ത്ര രാജ്യമായിത്തീരുന്നത്.19 ആം നൂറ്റാണ്ടു വരെ ഗാംബിയൻ തീരത്ത് നിന്ന് അമേരിക്ക അടിമക്കച്ചവടം തുടർന്നിരുന്നു.   ഫ്രാൻസും പോർച്ചുഗലും ഹോളണ്ടും ഗാംബിയയിൽ അധിനിവേശശക്തികളായി വന്നിരുന്നെങ്കിലും ബ്രിട്ടനാണ് നാടിനെ നീണ്ട കാലം പിടിച്ച് വെച്ചത്. 1965 ൽ സ്വാതന്ത്ര്യം ലഭിച്ച ഗാംബിയ 1970 ൽ  റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു.

2016 ഡിസംബർ 1 ലെ തിരഞ്ഞെടുപ്പിനെത്തുടർന്ന്, തിരഞ്ഞെടുപ്പ് കമ്മീഷൻ അഡാമ ബാരോയെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിയായി പ്രഖ്യാപിച്ചു. 22 വർഷമായി ഭരിച്ച ജമ്മെ, 2016 ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചു. ശേഷം ഫലം അസാധുവാണെന്ന് പ്രഖ്യാപിക്കുകയും പുതിയ വോട്ടെടുപ്പിന് ആഹ്വാനം ചെയ്യുകയും ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തു.  ഫെബ്രുവരി 8, 2018 ന് ഗാംബിയ വീണ്ടും കോമൺ‌വെൽത്തിലെ അംഗമായി.

         

                                                        



Most Viewed Website Pages