ആരാണ് ഹിൻഡൻബർഗ് (Hindenburg )?
ഓഹരി വിപണിയെ പിടിച്ചുലയ്ക്കുന്ന റിപ്പോർട്ടുമായി വാർത്തകളിൽ നിറയുന്ന ഈ സ്ഥാപനം ആ പേരു സ്വീകരിച്ചത് ഹിൻഡൻ ബർഗ് എന്ന ബലൂൺ എയർഷിപ്പിൽ നിന്നാണ്. 1937ൽ ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്നു യുഎസിലെ ന്യൂജഴ്സിയിലേക്കുള്ള യാത്രയ്ക്കിടെ എയർഷിപ്പ് കത്തിയമർന്ന് 35 യാത്രക്കാർ മരിച്ചിരുന്നു.അതിജീവിച്ചവരിൽ ഭൂരിഭാഗത്തിനും ഗുരുതരമായി പരിക്കേറ്റു. തീപിടിക്കാൻ ഏറ്റവും സാധ്യതയുള്ള ഹൈഡ്രജനാണ് ഹിൻഡൻബർഗിൽ ഇന്ധനമായി ഉപയോഗിച്ചിരുന്നത് എന്നതിനാൽ അതൊരു മനുഷ്യനിർമിത ദുരന്തമായാണു വിലയിരുത്തപ്പെടുന്നത്.
ഇതേപോലെ വിപണിയിലെ മനുഷ്യനിർമിത ദുരന്തങ്ങളും , തെറ്റായ പ്രവണതകളും പുറത്തുകൊണ്ടുവരികയെന്ന ലക്ഷ്യം പ്രഖ്യാപിച്ചുകൊണ്ടാണ് 2017ൽ നഥാൻ ആൻഡേഴ്സൻ (38) എന്ന ഇന്റർനാഷനൽ ബിസിനസ് മാനേജ്മെന്റ് ബിരുദധാരിയായ ജറുസലേമിൽ കുടുംബവേരുകളുള്ള വ്യക്തിയാണ് ഹിൻഡൻബർഗ് റിസർച്ചിനു തുടക്കമിട്ടത്.
‘ആക്ടിവിസ്റ്റ് ഷോർട്‌സെല്ലിങ്’ എന്നാണ് ഇവരുടെ പ്രവർത്തന രീതിയെ വിളിക്കുന്നത്. കൈവശമില്ലാത്ത ഓഹരികൾ പിന്നീടു വില ഇടിയുമ്പോൾ വാങ്ങുക എന്ന ഉദ്ദേശ്യത്തോടെ വിറ്റു തീർക്കുന്നു.
ജറുസലേമിൽ ഒരു പ്രാദേശിക ആംബുലൻസ് സേവനത്തിൽ ജോലി ചെയ്ത അനുഭവവും അൻേഡേഴ്സനുണ്ട്. യുഎസിലെ കണക്റ്റിക്കട്ട് സർവകലാശാലയിൽ ഇന്റർനാഷണൽ ബിസിനസിൽ ബിരുദം നേടിയശേഷമാണ് അദ്ദേഹം അമേരിക്കയിൽ സ്ഥിരതാമസം ആക്കുന്നത്. ഫാക്റ്റ്സെറ്റ് എന്ന സാമ്പത്തിക സോഫ്റ്റ്‌വെയർ കമ്പനിയിൽ കൺസൾട്ടിങ് ജോലിയിൽ പ്രവേശിച്ചാണ് തുടക്കം.
ഹിൻഡൻ ബർഗ് സ്ഥാപിക്കുന്നതിന് മുമ്പ് ലോകത്തിലെ പല ഫിനാഷ്യൽ തട്ടിപ്പുകളും പുറത്തുകൊണ്ടുവന്ന മാർക്കോപോലോസുമായി ആൻഡേഴ്‌സൺ ചേർന്ന് പ്രവർത്തിച്ചു. അദ്ദേഹം പണി പഠിക്കുന്നത് വമ്പന്മാരെ മുട്ടുകുത്തിച്ച മാർക്കോപോലോസിന്റെ കളരിയിൽ വച്ചാണ്. ബെർണി മഡോഫിന്റെ പോൺസി സ്‌കീം പുറത്തുകൊണ്ടുവന്നത് ഇവർ ആയിരുന്നു. പ്ലാറ്റിനം പാർട്‌ണേഴ്‌സ് എന്ന ഹെഡ്ജ് ഫണ്ടിനെക്കുറിച്ച് അന്വേഷിച്ച് അവർ റിപ്പോർട്ട് നൽകി. ഒരു ബില്യൺ ഡോളറിന്റെ വഞ്ചനയാണ് ഇതിൽ നടന്നതെന്ന് കണ്ടെത്തി. ഇങ്ങനെ സാമ്പത്തിക ക്രമക്കേടുകൾക്ക് എതിരെ ഒരു വിസിൽ ബ്ലോവർ എന്ന നിലയിലാണ് ആൻഡേഴ്സൺ പ്രവർത്തിച്ചത്.
മറച്ചുവെച്ച എത് തട്ടിപ്പും പുറത്തു കൊണ്ടുവരുന്ന ലോകോത്തര അന്വേഷണ വീരൻ എന്നാണ് ആൻഡേഴ്സനെക്കുറിച്ച് മാർക്കോപോളസ് പറഞ്ഞത്. 'വസ്തുതകൾ ഉണ്ടെങ്കിൽ ആൻഡേഴ്സ്ൺ അവ കണ്ടെത്തും, ക്ലോസറ്റിൽ നിന്ന് അസ്ഥികൂടങ്ങൾ കിട്ടിയാൽ പോലും അവൻ അന്വേഷിച്ച് ഒറിജിനൽ കണ്ടെത്തും'- ഫിനാഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ മാർക്കോപോളസ് തന്റെ ശിഷ്യനെക്കുറിച്ച് പറയുന്നു.
2017ലാണ് ഹിൻഡൻ ബർഗ് സ്ഥാപിച്ചത്. അതിന്റെ പ്രവർത്തന രീതി ഇങ്ങനെയാണ്. കമ്പനികളുടെ തെറ്റുകുറ്റങ്ങളും , ക്രമക്കേടുകളും , തരികിടകളും കണ്ടെത്തിശേഷം അത് വിശദീകരിച്ച് ഒരു റിപ്പോർട്ട് തയ്യാറാക്കും. തുടർന്ന് കുറ്റാരോപിതമായ കമ്പനിയുമായി വാതുവെപ്പിലേർപ്പെട്ട് ലാഭം നേടും. വെബ്‌സൈറ്റിൽ, അക്കൗണ്ടിങ് ക്രമക്കേടുകൾ, തെറ്റായ മാനേജ്‌മെന്റ്, വെളിപ്പെടുത്താത്ത അനുബന്ധ കക്ഷി ഇടപാടുകൾ തുടങ്ങിയ കാര്യങ്ങളെ പറ്റിയാണ് വെളിപ്പെടുത്തുന്നത്.
പക്ഷേ പൂർണ്ണമായും റിസേർച്ചിന് വേണ്ടി മാത്രല്ല അവർ റിപ്പോർട്ട് ഉണ്ടാക്കുന്നത്. ഷോർട്ട് സെല്ലറുമാണ് അവർ. തങ്ങൾ ലക്ഷ്യമിടുന്ന കമ്പനിയുടെ വരുമാനം ഇടിയുന്നതോടെ ഷോർട്ട് സെല്ലിങ്ങിലൂടെ കോടികൾ ആണ് ഹിൻഡൻ ബർഗിന്റെ കൈകളിലും എത്തുന്നത്. പക്ഷേ സ്ഥാപിത താൽപ്പര്യങ്ങളിൽ നിന്ന് അവരും പൂർണ്ണമായി മോചിതരല്ല. യു എസിൽ അവർക്കെതിരെ കേസ് നടക്കുന്നുണ്ട്. അമേരിക്കയിലെ ഡിപ്പാർട്ട് മെന്റ് ഓഫ് ജസ്റ്റിസിൽ വഞ്ചനാ കേസ് ഉണ്ട്. ഇതെല്ലാം തങ്ങളുടെ റിപ്പോർട്ടിൽ പെട്ട കമ്പനികൾ ആണെന്നും, അവർ കേസ് കൊടുക്കുന്നത് സ്വാഭാവികമാണെന്നുമാണ് ഹിൻഡൻ ബർഗ് പറയുന്നത്.
ഹിൻഡൻ ബർഗിനെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്, ഇലക്ട്രിക് ട്രക്ക് നിർമ്മാതാക്കളായ നിക്കോള കോർപ്പറേഷനെതിരെ 2020 സെപ്റ്റംബറിൽ അവർ നടത്തിയ വാതുവെയ്‌പ്പാണ്. ഇതാണ് അവരുടെ ഏറ്റവും വലിയ പന്തയമെന്ന് പറയുന്നു. എന്നാൽ അതിൽ നിന്ന് ലഭിച്ച തുക വ്യക്തമാക്കാൻ ഇത് വരെയും ഹിൻഡൻബർഗ് തയ്യാറായിട്ടില്ല.
നിക്കോള അതിന്റെ സാങ്കേതികപരമായ സംവിധാനങ്ങളിൽ നിക്ഷേപകരെ വഞ്ചിച്ചതായി അവർ പറഞ്ഞു. തുടർന്ന് അതിവേഗതയിൽ പായുന്നതായി കാണിക്കുന്ന നിക്കോളയുടെ ഇലക്ട്രിക് ട്രക്കിന്റെ വീഡിയോയെ ആൻഡേഴ്സൺ വെല്ലുവിളിച്ചു. യഥാർഥത്തിൽ വാഹനം ഒരു കുന്നിന് താഴെയ്ക്ക് ഉരുട്ടി വിട്ടിരിക്കുകയായിരുന്നു. നിക്കോളയുടെ സ്ഥാപകൻ ട്രെവർ മിൽട്ടൺ അവരുടെ നിക്ഷേപകരോട് കള്ളം പറഞ്ഞെന്ന ആരോപണത്തെ തുടർന്ന് കഴിഞ്ഞ വർഷം യുഎസ് ജൂറി നിക്കോളയ്ക്കെതിരെ വിധി പുറപ്പെടുവിച്ചു. ഇതിനെത്തുടർന്ന്, നിക്ഷേപകർക്കുള്ള നഷ്ടപരിഹാരമായി 2021-ൽ 125 മില്യൺ ഡോളർ നൽകാൻ കമ്പനി യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷനുമായി സമ്മതിച്ചു.
നിക്കോള കമ്പനി 2020 ജൂണിൽ തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ഫോർഡ് മോട്ടോറിനെ (എഫ്എൻ) മറികടന്ന് മൂല്യം 34 ബില്യൺ ഡോളറിലെത്തി. ഹിൻഡൻ ബർഗ് കേസിന് ശേഷം നിക്കോളമൂല്യം 1.34 ബില്യൺ ഡോളറായി കൂപ്പുകുത്തി. ഈ വിവരങ്ങൾ കണ്ടെത്തുന്നതിനായി വലിയ അന്വേഷണമാണ് അവർ നടത്തിയത്. നിക്കോളയുടെ മുൻ ജീവനക്കാരുൾപ്പെടെ പലരും കണ്ടെത്തലുകൾക്ക് സഹായിച്ചതായി ഹിൻഡൻബർഗ് പറയുന്നു.
2017 മുതൽ കുറഞ്ഞത് 16 കമ്പനികൾക്ക് മേലെയെങ്കിലും ഹിൻഡൻ ബർഗ് തെറ്റായ പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ചതായി അവരുടെ വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്. ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടും ചില അപാകതകൾ ഹിൻഡൻ ബർഗ് ചൂണ്ടിക്കാട്ടിയിരുന്നു. അതിൽ മസ്‌ക്ക് ക്ഷോഭിച്ച് പ്രശ്നമുണ്ടാക്കി. പക്ഷേ ഹിൻഡൻ ബർഗ് പറഞ്ഞത് ശരിയാണെന്ന് പിന്നീട് തെളിഞ്ഞു.
ആഴത്തിലുള്ള പഠനമാണ് ഹിൻഡൻ ബർഗിനെ മറ്റ് കമ്പനികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഒരു സ്വകാര്യ കുറ്റാന്വേഷണ സംഘത്തെപ്പോലെ സാമ്പത്തിക കാര്യങ്ങൾ അന്വേഷിക്കാൻ ഒരു വലിയ ടീം അവരുടെ ഭാഗത്ത് നിന്ന് ഉണ്ട്. ചാരപ്പണിയും, പണം നൽകി വിവരങ്ങൾ ചോർത്തുകയുമൊക്കെയായി എന്ത് വിലകൊടുത്തും വസ്തുത കണ്ടെത്തുക അവരുടെ ലക്ഷ്യമാണ്.
അദാനി ഗ്രൂപ്പിന്റെ കമ്പനി അക്കൗണ്ടിങ്ങിലും കോർപ്പറേറ്റ് ഭരണ സംവിധാനത്തിലും ഗുരുതര പ്രശ്നങ്ങളുണ്ടെന്ന് ഹിൻഡെൻബർഗ് ആരോപിച്ചതാണ് ഒടുവിൽ ഈ കമ്പനി വാർത്താപ്രാധാന്യം നേടിയത്. അദാനി എന്റർപ്രൈസസിന് എട്ടു വർഷത്തിനിടെ അഞ്ച് ചീഫ് ഫിനാൻഷ്യൽ ഓഫീസർമാർ വന്നത് അക്കൗണ്ടിങ്ങിലെ പ്രശ്നങ്ങളുടെ സൂചനയാണ്.
വിപണിയിൽ വലിയ രീതിയിൽ കൃത്രിമം നടക്കുന്നു. ഗ്രൂപ്പിലെ ലിസ്റ്റുചെയ്ത ഏഴു കമ്പനികളുടെ മൂല്യം ഊതിപ്പെരുപ്പിച്ചതാണെന്നുമൊക്കെയാണ് റിപ്പോർട്ടിൽ പറയുന്നത്.അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികളുടെ പ്രകടനം താഴേക്ക് പോവുമ്പോഴും ഓഹരി വില പെരുപ്പിച്ച് കാണിച്ചെന്നും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.