എന്താണ് പി.എച്ച്.ഡി (Ph D) അഥവാ ഡോക്ടറേറ്റ്?

ഒരു തവണ സർവകലാശാലകൾ നൽകിയ പി.എച്ച്.ഡി (Ph D) അഥവാ ഡോക്ടറേറ്റ് റദ്ദാക്കാൻ പറ്റുമോ?

ഉന്നത വിദ്യാഭ്യാസമായ പി.എച്ച്.ഡി (Ph D) കരസ്ഥമാക്കിയ ആൾക്ക് നൽകുന്ന ബഹുമതിയാണ് ഡോക്ടർ എന്ന നാമം. ഡോക്ടർ ഓഫ് ഫിലോസഫി എന്നതിന്റെ ചുരുക്ക പേരാണ് പി.എച്ച്.ഡി എന്നത്. തത്ത്വശാസ്ത്രത്തിൽ പ്രാവീണ്യം ഉള്ളയാൾ എന്നതിലുപരി, വിജ്ഞാനത്തോടു സ്നേഹമുള്ളവൻ എന്ന ഗ്രീക്ക് അർത്ഥമാണ് ഫിലോസഫി എന്നതുകൊണ്ട് വ്യാപകമായി ഉദ്ദേശിക്കുന്നത്. യൂറോപ്പിലാകമാനം, ദൈവശാസ്ത്രം, വൈദ്യശാസ്ത്രം, നിയമം എന്നിവ ഒഴികെയുള്ള എല്ലാ വിഷയങ്ങളും ഡോക്ടർ ഓഫ് ഫിലോസഫി എന്നു തന്നെയാണ് വിശേഷിപ്പിക്കാറ്

ഇന്ത്യയിൽ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ കീഴിലുള്ള സർവ്വകലാശാലകളിൽ ഡോക്ടറേറ്റിനായ് പ്രവേശനം ലഭിക്കണമെങ്കിൽ ഉദ്യോഗാർത്ഥി ബിരുദാനന്തരബിരുദം കരസ്ഥമാക്കിയിരിക്കണം. കൂടാതെ ഇതിനായുള്ള യോഗ്യതാ പരീക്ഷകളും വിജയിച്ചിരിക്കണം. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ നടത്തുന്ന നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് ഉദ്യോഗാർത്ഥി പാസ്സായിരിക്കണം .

 ശാസ്ത്ര, സാങ്കേതിക, മാനവിക, ഭാഷാപഠനമേലകളില്‍ ഗവേഷണത്വരയുള്ളവര്‍ക്ക് ആഗോളാടിസ്ഥാനത്തിലുള്ള മാനദണ്ഡങ്ങള്‍ തന്നെയാണ് യു.ജി.സി, സി.എസ്.ഐ.ആര്‍ പോലുള്ള നിയന്ത്രണ ബോഡികള്‍ പി.എച്ച്.ഡി.ക്കായി നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ഈ മാനദണ്ഡങ്ങള്‍ അനുസരിച്ചല്ലാതെ നേടുന്ന ഗവേഷണ ബിരുദത്തിന് അംഗീകാരമുണ്ടാവില്ല. കൂടാതെ ഇതിലൂടെ ലഭിക്കാവുന്ന നേട്ടങ്ങള്‍ അന്യമാക്കപ്പെടുകയും ചെയ്യും.

55 ശതമാനത്തില്‍ കുറയാത്ത മാസ്റ്റര്‍ ബിരുദമാണ് കുറഞ്ഞ യോഗ്യത. നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്), ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ് (ജെ.ആര്‍.എഫ്) തുടങ്ങിയ യോഗ്യതാ പരീക്ഷകള്‍ വിജയിച്ചവര്‍ക്ക് പ്രവേശനപരീക്ഷയുടെ ആവശ്യമില്ല. 

2010 നു ശേഷം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പി.എച്ച്ഡി. ഗവേഷണങ്ങള്‍ക്ക് കോഴ്‌സ് വര്‍ക്ക് നിര്‍ബന്ധമാണ്. ഏതാണ്ട് ആറു മാസം നീണ്ടുനില്‍ക്കുന്ന, 75 ശതമാനം ഹാജര്‍ നിര്‍ബന്ധമുള്ള ഒരു ക്ലാസ്‌റൂം പദ്ധതിയാണ് ഇത്. ജോലിയുള്ളവരാണെങ്കില്‍ പോലും ഏതെങ്കിലും ലഭ്യമായ അവധികള്‍ നേടിക്കൊണ്ട് ഇതു പൂര്‍ത്തിയാക്കിയേ പറ്റൂ. ഒരാളുടെ വിഷയത്തിനകത്തും പരിസരങ്ങളിലുള്ള മേഖലകളിലും പ്രാവീണ്യം നേടാന്‍ പ്രാപ്തമാക്കുന്ന രീതിയിലാണ് കോഴ്‌സ് വര്‍ക്ക് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഈ കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിച്ച് ഇതിനൊടുവില്‍ നടത്തുന്ന പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്നവര്‍ക്കാണ് പി.എച്ച്ഡി. രജിസ്‌ട്രേഷന്‍ ലഭിക്കുക.

ഗവേഷണത്തിന്റെ വിഷയത്തെക്കുറിച്ചും , അതിനുപയോഗിക്കുന്ന മാര്‍ഗങ്ങളെക്കുറിച്ചും അവലംബിക്കുന്ന രീതി ശാസ്ത്രത്തെക്കുറിച്ചുമൊക്കെ വ്യക്തമാക്കുന്ന ഒരു സംഗ്രഹമാണ് രജിസ്‌ട്രേഷന്‍ .അതായത് റിസര്‍ച്ച് ഗൈഡിന്റെ നിരീക്ഷണത്തില്‍ നേരത്തെ തയാറാക്കിവച്ചത് പുറത്തെടുക്കാന്‍ സമയമായിരിക്കുന്നു എന്നർത്ഥം. അറിയിപ്പു ലഭിക്കുന്നതിനനുസരിച്ച് ഈ സംഗ്രഹം ഒരു കൂട്ടം ഗവേഷണ അക്കാദമിക്കുകളുടെ സമിതിക്കു മുമ്പായി അവതരിപ്പിക്കണം. ഡോക്ടറല്‍ കമ്മിറ്റി എന്നാണ് ഈ സമിതിയുടെ പേര്. നിങ്ങളുടെ സംഗ്രഹത്തില്‍ തെറ്റുതിരുത്തല്‍ വേണമെങ്കില്‍ അതും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ അതും ഈ സമിതി നിര്‍ദ്ദേശിക്കും. സംഗ്രഹം അംഗീകരിച്ചാല്‍ അതാതു സര്‍വകലാശാലകള്‍ നിങ്ങളുടെ പി.എച്ച്ഡി. പഠനത്തിന് താല്‍ക്കാലിക രജിസ്‌ട്രേഷന്‍ നല്‍കും.

രജിസ്‌ട്രേഷന്‍ നിലവില്‍ വരുന്ന തിയതി മുതല്‍ കൃത്യം ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സമര്‍പ്പിക്കേണ്ട പ്രബന്ധമാണ് പ്രിലിമിനറി തീസിസ്. അറുപതു മുതല്‍ നൂറുവരെ പേജുകള്‍ ആണ് ഒരു ശരാശരി പ്രിലിമിന്റെ വലിപ്പം. ഒരു പേജില്‍ ഏതു ഫോണ്ടില്‍, എത്ര വരി തുടങ്ങിയ നിരവധി നിബന്ധന ഈ പ്രബന്ധത്തിന് അത്യാവശ്യമാണ്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോഡേണ്‍ ലാങ്ഗ്വിജ് അസോസിയേഷന്‍ തയാറാക്കിയിട്ടുള്ള എം.എല്‍.എ. ബുക്ക്, എ.പി.എല്‍ നിര്‍ദ്ദേശങ്ങള്‍ തുടങ്ങി നിരവധി രീതിശാസ്ത്ര ഗ്രന്ഥങ്ങള്‍ ഇതിന്റെ ഭാഗമായി തയാറാക്കേണ്ടതുണ്ട്.

 ഗവേഷണത്തിനൊടുവില്‍ സമര്‍പ്പിക്കുന്ന തീസിസിന്റെ കെട്ടും മട്ടുമൊക്കെയുള്ള ഒരു മിനിയേച്ചര്‍ തീസിസ് തന്നെയാണ് പ്രിലിം.
ഗൈഡിന്റെ അംഗീകാരത്തോടെ പ്രിലിം സമര്‍പ്പിച്ചു കഴിഞ്ഞാല്‍ അത് എക്‌സ്‌റ്റേണല്‍ മൂല്യനിര്‍ണയത്തിനു വിധേയമാക്കപ്പെടും. ഒടുവില്‍ ഈ മൂല്യനിര്‍ണയം നടത്തിയ ആള്‍ ഉള്‍പെടുന്ന ഒരു സമിതിക്കു മുമ്പില്‍ പ്രിലിം വൈവ നടക്കും.

 വിദ്യാര്‍ഥിയുടെ കണ്ടെത്തലിനെ സാധൂകരിക്കാന്‍ നിര്‍ബന്ധിക്കുന്ന ഒരു സംവാദമാണ് ഇത്. നിങ്ങളുടെ കണ്ടെത്തലുകളുടെ ആദ്യപാദം ശരിയായ ദിശയിലൂടെയാണ് നീങ്ങുന്നത് എന്നു നിര്‍ണയ സമിതിക്കു ബോധ്യമായാല്‍ സര്‍വകലാശാലയോട് നിങ്ങളുടെ പഠനം തുടര്‍ന്നു നടത്താനും സ്ഥിരം രജിസ്‌ട്രേഷന്‍ നല്‍കാനും നിര്‍ദ്ദേശിക്കും. എം.ഫില്‍. യോഗ്യത നേടിയ ആളാണ് പഠിതാവെങ്കില്‍ പ്രിലിം ആവശ്യമില്ലാത്ത യൂനിവേഴ്‌സിറ്റികളും ഉണ്ട്.

മുഴുവന്‍ സമയ വിദ്യാര്‍ഥികള്‍ക്ക് പ്രിലിം കഴിഞ്ഞ് രണ്ടര വര്‍ഷം കൊണ്ടും പാര്‍ട് ടൈമുകാര്‍ക്ക് (സര്‍ക്കാര്‍ ജോലിയുള്ളവര്‍ക്ക് മാത്രമേ പാര്‍ട് ടൈം രജിസ്‌ട്രേഷന്‍ നല്‍കാറുള്ളൂ) മൂന്നര വര്‍ഷം കൊണ്ടുമാണ് തീസിസ് സമര്‍പ്പിക്കാനുള്ള മിനിമം കാലയളവ്. സാഹചര്യമനുസരിച്ച് രണ്ടു വര്‍ഷം വരെ നീട്ടിക്കിട്ടാറുണ്ട്. സംഗ്രഹത്തില്‍ പറഞ്ഞ കാര്യങ്ങളെ സാധൂകരിക്കുന്ന രീതിയില്‍ ഗവേഷണത്തിലൂടെ കണ്ടെത്തിയ വസ്തുതകള്‍, രീതിശാസ്ത്രമനുസരിച്ച് ഗൈഡിന്റെ അംഗീകാരത്തോടു കൂടി 250 ല്‍പരം പേജുകളിലായി അവതരിപ്പിക്കുന്ന തീസിസ് ആവശ്യമായ രേഖകളോടുകൂടി സമര്‍പ്പിച്ചാല്‍ പി.എച്ച്ഡി. വര്‍ക്ക് ഏതാണ്ട് തീര്‍ന്നു.

മൂന്നോ അതിലധികമോ എക്‌സ്‌റ്റേണല്‍ എക്‌സാമിനര്‍മാര്‍ പരിശോധിച്ച് അംഗീകാരം ലഭിക്കുന്ന റിപ്പോര്‍ട്ട് അവതരിപ്പിക്കലാണ് അടുത്ത ഘട്ടം. സര്‍വകലാശാല ഉദ്യോഗാര്‍ഥിക്ക് തന്റെ കണ്ടെത്തലിനെക്കുറിച്ച് പൊതുസമക്ഷം വിശദീകരിക്കാനും സംശയനിവാരണം നടത്താനും അവസരം നല്‍കും. എക്‌സ്‌റ്റേണല്‍ എക്‌സാമിനര്‍മാരില്‍ നിന്ന് ഒരാളും , ഗൈഡും , അക്കാദമിക് സമൂഹവും ഒക്കെ ചേര്‍ന്ന പൊതുസദസില്‍ വച്ചു നടക്കുന്ന ഈ പരിപാടിക്ക് തുറന്ന സംവാദം എന്നാണു പേര്. ഇതില്‍ വിജയിക്കുന്ന വിദ്യാര്‍ഥിക്ക് ഡോക്ടറേറ്റ് (ഡോക്ടര്‍ ഓഫ് ഫിലോസഫി അഥവാ പി.എച്ച്ഡി.) നല്‍കാന്‍ സമിതി ശുപാര്‍ശ ചെയ്യുന്നു.

നിലവാരമുള്ള സര്‍വകലാശാലകളും, സ്ഥാപനങ്ങളും തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. സ്ഥാപനങ്ങള്‍ നിങ്ങളുടെ വിഷയവുമായി ബന്ധപ്പെട്ട് ഗവേഷണ സെന്ററുകള്‍ നടത്തുന്നുണ്ടോ എന്ന് ആദ്യമേ മനസിലാക്കണം. ഗവേഷണത്തിന് ഇഷ്ടമുള്ള മേഖലയില്‍ സാധ്യതയുള്ള ഇടങ്ങള്‍ ഏതൊക്കെയാണ് എന്നു മനസിലാക്കി വയ്ക്കണം.ഇതിനായി പരിചയസമ്പന്നരുടെ ഉപദേശം തേടുക നിര്‍ബന്ധമാണ്. എല്ലാ പി.എച്ച്ഡി. ഗവേഷണ പ്രബന്ധങ്ങളും സമര്‍പ്പിക്കപ്പെടുന്നത് ഒരു റിസര്‍ച്ച് ഗൈഡിന്റെ സഹായത്തോടുകൂടി മാത്രമാണ്.

 നിങ്ങളുടെ മേഖലയില്‍ നിങ്ങള്‍ക്ക് അനുയോജ്യരായ ഒരാളെ അവരുടെ ലഭ്യത മനസിലാക്കി നേരത്തെ കണ്ടെത്തണം. (ഒരു ഗൈഡിന് പരമാവധി എട്ട് സ്‌കോളര്‍മാര്‍ മാത്രമേ ഒരു സമയത്തു പാടുള്ളൂ എന്നു വ്യവസ്ഥയുണ്ട്) .നാലുവര്‍ഷത്തോളം നീളുന്ന ഒരു സമര്‍പ്പണ സപര്യയാണ് ഒരാള്‍ക്ക് പി.എച്ച്ഡി. നേടിക്കൊടുക്കുന്നത്. ബിരുദാനന്തര ബിരുദപഠനം തുടങ്ങുമ്പോള്‍ തന്നെ പി.എച്ച്.ഡി. തയാറെടുപ്പ് നടത്തുന്നത് ഗുണകരമാണെന്ന് ചുരുക്കം.

പി.എച്ച്.ഡി തീസിസ് സമർപ്പണത്തിന് ആദ്യ കാല ഘട്ടങ്ങളിൽ ഗവേഷണ പ്രബന്ധം ജേണലുകളിൽ പ്രസിദ്ധീകരിക്കണമായിരുന്നു.
പി.എച്ച്.ഡി (ഡോക്ടർ ഓഫ് ഫിലോസഫി) തീസിസിന്റെ അന്തിമ സമർപ്പണത്തിന് മുമ്പ് ഗവേഷണ പ്രബന്ധങ്ങൾ പിയർ-റിവ്യൂഡ് ജേണലുകളിൽ പ്രസിദ്ധീകരിക്കണമെന്ന ഈ നിർബന്ധിത നിബന്ധന യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു.ജി.സി) ഇപ്പോൾ ഒഴിവാക്കിയിട്ടുണ്ട്.

ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ തരം സ്‌കോളര്‍ഷിപ്പുകള്‍ സര്‍ക്കാറും  ,സര്‍ക്കാറിതര ഏജന്‍സികളും നല്‍കാറുണ്ട്.ജെ.ആര്‍.എഫ് ആണ് ഇതില്‍ മുഖ്യമായത്.പുതുക്കിയ നിരക്കനുസരിച്ച് മാസത്തില്‍ 31000 രൂപയും , എച്ച്.ആര്‍.എ യും , കണ്ടിജന്‍സി ഫണ്ടും അടങ്ങുന്നതാണിത്.

കൂടാതെ ശാസ്ത്ര വിഷയങ്ങളില്‍ ഗവേഷണം നടത്തുന്നവര്‍ക്ക് വിവിധ പ്രൊജക്ടുകളുടെ ഫണ്ടുകളും ലഭിക്കാറുണ്ട്.ഐ.സി.എസ്.ആര്‍, എന്‍.സി.ആര്‍.ടി തുടങ്ങിയ ബോഡികളും വിവിധ വിഷയങ്ങളില്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. പട്ടികജാതി,പട്ടിക വര്‍ഗ പിന്നോക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷ വിഭാഗങ്ങിലെ വിദ്യാര്‍ത്ഥികള്‍ക്കും വിവിധ
സ്‌കോളര്‍ഷിപ്പുകള്‍ ഉണ്ട്. ഒരു സ്‌കോളര്‍ഷിപ്പും ലഭിക്കാത്തവര്‍ക്കും യൂണിവേഴ്‌സിറ്റികള്‍ സ്‌റ്റൈപന്റ് നല്‍കാറുണ്ട്.

ഗവേഷണ പ്രബന്ധം സംബന്ധിച്ച് വിവാദമുണ്ടായാൽ ഡോക്ടറേറ്റ് റദ്ദാക്കുക എന്നത് സാധാരണമായി ചെയ്യാറില്ല. ഒരു തവണ നൽകിയ ഡോക്റ്ററെറ്റിനെ പറ്റി എതെങ്കിലും പരാതി വന്നാൽ വിഷയം കൂടുതല്‍ ചര്‍ച്ചയാകുകയും നടപടിയെടുക്കാന്‍ അതാത് സര്‍വകലാശാല നിര്‍ബന്ധിതമാവുകയും ചെയ്താല്‍ ചിലപ്പോൾ ഡോക്ടറേറ്റ് റദ്ദാക്കാനും സാധ്യതയുണ്ട്. വിഷയത്തിന്റെ ഗൗരവം ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്ന് വിദഗ്ധ സമിതിയെ അന്വേഷണത്തിന് നിയോഗിക്കും.ഇവര്‍ വിവാദമായ പ്രബന്ധം പരിശോധിക്കുകയും അവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് നടപടിയെടുക്കുകയും വേണം. പ്രബന്ധത്തിൽ ധാരാളം തെറ്റുകൾ ഉണ്ടെങ്കിലും എവിടെ നിന്നെങ്കിലും കോപ്പിയടിയും  റിപ്പോര്‍ട്ടില്‍ ശരിവെച്ചാല്‍ സർവകലാശാല നല്‍കിയ ഡോക്ടറേറ്റ് റദ്ദാക്കി പ്രബന്ധം വീണ്ടും സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കേണ്ടി വരും. ഇതിനൊപ്പം ഫെലോഷിപ്പ് തിരികെപിടിക്കുന്നതുള്‍പ്പെ
ടെയുള്ള നടപടികളുമെടുക്കാം.

ഗവേഷണ ഫലമായി ഒരു പ്രബന്ധം സമർപ്പിക്കുമ്പോൾ ഒത്തിരി പരിശോധനകൾ ആവശ്യമാണ്. പിന്നീട് ഈ പ്രബന്ധത്തിൻ മേൽ പരാതി വന്നാൽ അത് സമർപ്പിച്ച വിദ്യാർത്ഥി മുതൽ സർവ്വകലാശാലയുടെ അധിപനായ വിസി വരെ കുറ്റക്കാരനാണെന്ന് ഈ രംഗത്തുള്ളവർ വ്യക്തമാക്കുന്നു. വിദ്യാർത്ഥി, പ്രബന്ധത്തിന് മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയ ഗെെഡുമാർ, യൂണിവേഴ്സിറ്റി, പ്രബന്ധ വിധികർത്താവ്, വെെസ് ചാൻസലർ എന്നിവരെയെല്ലാം ഈ വിഷയം ഗുരുതരമായി ബാധിക്കുമെന്നുള്ളതാണ് യാഥാർത്ഥ്യം. 
         

                                                        



Most Viewed Website Pages