എന്താണ് കന്റോൺമെന്റ് ബോർഡ്?

പ്രതിരോധ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യയിലെ ഒരു പൗര ഭരണ സ്ഥാപനമാണ് കന്റോൺമെന്റ് ബോർഡ് . 2006ലെ കന്റോൺമെന്റ് ആക്‌ട് പ്രകാരം എക്‌സ് ഒഫീഷ്യോയും , നോമിനേറ്റഡ് അംഗങ്ങളും കൂടാതെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ബോർഡിൽ ഉൾപ്പെടുന്നു. ഒരു ബോർഡിലെ അംഗത്തിന്റെ കാലാവധി അഞ്ച് വർഷമാണ്.  ഒരു കന്റോൺമെന്റ് ബോർഡിൽ തിരഞ്ഞെടുക്കപ്പെട്ട എട്ട് അംഗങ്ങൾ, മൂന്ന് നോമിനേറ്റഡ് സൈനിക അംഗങ്ങൾ, മൂന്ന് എക്‌സ്-ഓഫീഷ്യോ അംഗങ്ങൾ (സ്റ്റേഷൻ കമാൻഡർ, ഗാരിസൺ എഞ്ചിനീയർ , സീനിയർ എക്‌സിക്യൂട്ടീവ് മെഡിക്കൽ ഓഫീസർ), ജില്ലാ മജിസ്‌ട്രേറ്റിന്റെ ഒരു പ്രതിനിധി എന്നിവ ഉൾപ്പെടുന്നു.

ഡയറക്‌ടറേറ്റ് ജനറൽ ഡിഫൻസ് എസ്റ്റേറ്റ്‌സ് (ഡിജിഡിഇ) നിയന്ത്രിക്കുന്ന 62 കന്റോൺമെന്റ് ബോർഡുകൾ ഇന്ത്യയിലുണ്ട്.മിലിട്ടറി ക്യാമ്പുകളും, ക്വാർട്ടേഴ്‌സുകളും സ്ഥിതി ചെയ്യുന്ന സ്ഥലത്തെ പറയുന്ന പേരാണ് കന്റോൺമെന്റ് എന്നത്.ജില്ല, കോർണർ എന്നൊക്കെ അർത്ഥം വരുന്ന ‘Canton’ (കന്റോൺ) എന്ന ഫ്രഞ്ച് വാക്കിൽ നിന്നുമാണ് കന്റോൺമെന്റ് എന്നയീ പേരുണ്ടായത്.

കേരളത്തിലെ ഏക കന്‍റോണ്‍മെന്‍റ്  ഉള്ളത്  കണ്ണൂര്‍ ജില്ലയിൽ ആണ്.കണ്ണൂര്‍ നഗരത്തോട് ചേര്‍ന്ന് ബര്‍ണശ്ശേരിയിലാണ് സൈനിക ഭരണ പ്രദേശമായ കന്‍റോണ്‍മെന്‍റുള്ളത്. ബ്രിട്ടീഷുകാര്‍ 1938 ലാണ് കണ്ണൂര്‍ കന്‍റോണ്‍മെന്‍റ്  രൂപീകരിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷം കന്‍റോണ്‍മെന്‍റ്  ഇന്ത്യന്‍ ആര്‍മിയുടെ നിയന്ത്രണത്തിലായി.കണ്ണൂർ കോട്ടയ്ക്ക് വളരെ അടുത്ത് കിടക്കുന്ന ഒരു പ്രദേശമാണ് കണ്ണൂർ കന്റോണ്മെന്റ്.കണ്ണൂരിൽ ഉണ്ടായിരുന്ന പോർച്ചുഗീസുകാരും ഡച്ചുകാരും, പിന്നീട് വന്ന ബ്രിട്ടീഷുകാരും കണ്ണൂർ കന്റോണ്മെന്റ് പട്ടാളക്യാമ്പ് ആയി ഉപയോഗിച്ചിരുന്നു. ഡിഫെൻസ് സെക്യൂരിറ്റി കോർപ്സിന്റെ ആസ്ഥാനമാണ് ഇന്നിവിടം. ബർണ്ണശ്ശേരി എന്നും ഈ സ്ഥലത്തിനു പേരുണ്ട്. ഇവിടെയുള്ള താമസക്കാരിൽ അധികവും ആംഗ്ലോ-ഇന്ത്യക്കാരാണ്. ക്രിസ്തീയ പള്ളികളും, മുസ്ലീം പള്ളികളും, ഒരു അമ്പലവും ഈ പ്രദേശത്തുണ്ട്.

സെന്റ് ആഞ്ജലോ കോട്ട, കണ്ണൂർ കന്റോൺമെന്റ്ന്റെ  ഭാഗമാണ്.

സ്വാതന്ത്ര്യത്തിനു ശേഷം, കണ്ണൂർ കന്റോൺമെന്റ് ഇന്ത്യൻ സേനയുടെ നിയന്ത്രണത്തിലാണ്. ഇന്ന്, ഇന്ത്യൻ പട്ടാളക്കാർക്കായി ഏറ്റവും പ്രാധാന്യമുള്ളതും, തന്ത്രപ്രധാനവുമായ സ്ഥലമാണ് കണ്ണൂർ കന്റോൺമെന്റ്. കണ്ണൂർ കന്റോൺമെന്റ് ഇപ്പോഴും കാനന്നൂർ കന്റോൺമെന്റ് എന്നാണ് അറിയപ്പെടുന്നത്.

കേരളത്തിനകത്താണെങ്കിലും   കേരളാ മുനിസിപ്പാലിറ്റി/പഞ്ചായത്ത് ആക്ട് പ്രകാരമുള്ള  അധികാര  വികേന്ദ്രീകരണമോ, ജനകീയാസൂത്രണ പദ്ധതികളോ ഇവിടെ നടപ്പിലാക്കിയിട്ടില്ല. കേരളത്തിലെ തദ്ദേശ  സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തനത്  ഫണ്ടിന് പുറമെ  കേന്ദ്ര-സംസ്ഥാന സാമ്പത്തിക സഹായമുണ്ട്. ജനകീയാസൂത്രണ പദ്ധതിയുടെ   ഭാഗമായി സംസ്ഥാനത്തിന്റെ  വാര്‍ഷിക  പദ്ധതിയുടെ  നാലിലൊന്നോളം തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്  നല്‍കുന്നത് . പക്ഷേ അതെല്ലാം കന്റോണ്‍മെന്റിന്  തികച്ചും അന്യമാണ്.എക്സിക്യൂട്ടീവ് ഓഫീസറാണ് ഇവിടെ ഭരണാധികാരി.

കേരളത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന ആറു പേരും , സേനയിലെ അഞ്ച് പേരും കളക്ടറുടെ പ്രതിനിധിയുമടക്കം 12 പേരാണ് ബോര്‍ഡിലുണ്ടാവുക. ആര്‍മി ഉദ്യോഗസ്ഥരും പ്രദേശത്തെ താമസക്കാരുമടക്കം 2500ലധികം വോട്ടര്‍മാരാണ് കന്‍റോണ്‍മെന്‍റിലുള്ളത്.

സ്ഥലം എം പിയും , എം എല്‍ എയും പ്രത്യേക ക്ഷണിതാക്കളാണെങ്കിലും അവർക്ക് വോട്ടവകാശമില്ല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ചുമതല തന്നെയാണ് കന്‍റോണ്‍മെന്‍റ് ബോര്‍ഡിന് ഉള്ളത്. ഓഫീസര്‍ ഇന്‍ കമാന്‍റന്‍റാണ് ബോര്‍ഡിന്‍റെ പ്രസിഡന്‍റ്. തെരഞ്ഞെടുക്കപ്പെടുന്നവരില്‍ ഒരാള്‍ വൈസ് പ്രസിഡന്‍റാകും.  അ‍ഞ്ചു വര്‍ഷമാണ് ബോര്‍ഡിന്‍റെ കാലാവധി.

കന്റോൺമെന്റ് ഏരിയകൾക്ക് സമീപമുള്ള റെയിൽവേ സ്റ്റേഷനുകൾക്ക് ‘കന്റോൺമെന്റ് റെയിൽവേ സ്റ്റേഷൻ’ എന്നു പേരിടും. ഉദാ: ആഗ്ര കന്റോൺമെന്റ്, ബാംഗ്ലൂർ കന്റോൺമെന്റ്, etc. കന്റോൺമെന്റ് എന്നു പേരുള്ള ഒരു റെയിൽവേ സ്റ്റേഷൻ കണ്ടാൽ ഉറപ്പിച്ചോളൂ അവിടെയടുത്ത് എവിടെയോ മിലിട്ടറിയുടെ ഏരിയയുണ്ടെന്ന്, അല്ലെങ്കിൽ ഉണ്ടായിരുന്നുവെന്ന്.

ബ്രിട്ടീഷുകാരാണ് ഇന്ത്യൻ റെയിൽവേയിലെ പ്രധാനപ്പെട്ട സ്റ്റേഷനുകളെല്ലാം നിർമ്മിച്ചിരിക്കുന്നത്. അവരുടെ കാലത്തു തന്നെയാണ് കന്റോൺമെന്റ് സ്റ്റേഷനുകളും നിലവിൽ വന്നത്. അക്കാലത്ത് മിലിട്ടറി ബേസിലേക്കും മറ്റുമുള്ള സാധനങ്ങളും , ആയുധങ്ങളുമൊക്കെ എളുപ്പത്തിൽ എത്തിക്കുന്നതിനും മിലിട്ടറി ഉദ്യോഗസ്ഥർക്ക് യാത്രകൾ എളുപ്പമാക്കുന്നതിനും വേണ്ടിയാണ് ക്യാമ്പുകൾക്ക് സമീപത്തായി ഇത്തരത്തിൽ കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനുകൾ നിർമ്മിച്ചത്. പിൽക്കാലത്ത് ഇവ എല്ലാ യാത്രക്കാർക്കുമായി തുറന്നു കൊടുക്കുകയായിരുന്നു.

ഇന്ത്യയിലെ കന്റോൺമെന്റ് സ്റ്റേഷനുകളിൽ ഭൂരിഭാഗവും ചെറുതും കുറച്ചു ട്രെയിനുകൾക്ക് മാത്രം സ്റ്റോപ്പ് ഉള്ളതുമാണ്. എന്നാൽ ചിലയിടങ്ങളിൽ ആ സിറ്റിയിലെ പ്രധാന സ്റ്റേഷനായിട്ടുള്ള കന്റോൺമെന്റ് സ്റ്റേഷനുകളുമുണ്ട്. ചില കന്റോൺമെന്റ് സ്റ്റേഷനുകൾ പിൽക്കാലത്ത് ജംഗ്ഷനുകളായി മാറിയിട്ടുണ്ട്. അലഹബാദ് ജംഗ്ഷൻ, വാരണാസി ജംഗ്ഷൻ എന്നിവ ഇതിനുദാഹരണങ്ങളാണ്.

ഇന്ന് കന്റോൺമെന്റ് സ്റ്റേഷനുകൾക്ക് മറ്റു റെയിൽവേ സ്റ്റേഷനുകളെ അപേക്ഷിച്ച് പ്രത്യേകം വ്യത്യാസങ്ങളൊന്നും തന്നെയില്ല. അടുത്തായി ഒരു മിലിട്ടറി സ്റ്റേഷൻ, ക്യാമ്പ് എന്നിവയുണ്ട് എന്നു കാണിക്കുന്ന ഒരു പേരായി മാത്രം ഇതിനെ കണ്ടാൽ മതി. കന്റോൺമെന്റ് സ്റ്റേഷനുകളിൽ പൊതുവെ സൈന്യത്തിന്റെ ഒരു മൂവ്മെന്റ് കൺട്രോൾ ഓഫീസ് (MCO) ഉള്ളതായി കാണാം. ഏതെങ്കിലും മിലിട്ടറി ഉദ്യോഗസ്ഥർ ഇതുവഴി വരികയോ പോകുകയോ ഒക്കെ ചെയ്യുകയാണെങ്കിൽ അവരുടെ സഹായത്തിനായാണ് പ്രധാനമായും ഈ ഓഫീസ് പ്രവർത്തിക്കുന്നത്.

                                                        



Most Viewed Website Pages