മദ്യം ഉൾപ്പെടെയുള്ള ലഹരി ഉപയോഗം കണ്ടെത്താൻ പൊലീസും ,എക്സൈസും ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങൾ ഏതെല്ലാം?
ബ്രെത്തലൈസർ :
മദ്യം കഴിച്ചിട്ടുള്ള ഒരു വ്യക്തി ഉച്ഛസിക്കുന്ന വായു രാസപരിശോധനയ്ക്ക് വിധേയമാക്കി, ആ വ്യക്തിയുടെ രക്തത്തിലടങ്ങിയിരിക്കുന്ന ആൽക്കഹോളിന്റെ അളവ് നിർണ്ണയിക്കുന്ന പരിശോധനയെ ബ്രത്ത് ടെസ്റ്റ് എന്ന് പരക്കെ പറയാറുണ്ട്. ഇതിനുപയോഗിക്കുന്ന യന്ത്രത്തെ ബ്രത്ത് അനലയ്സർ എന്നും ബ്രത്തലയ്സർ (Breathalyser) എന്നും പറയുന്നു. ബ്രത്തലയ്സർ എന്നത് ഒരു ട്രേഡ് മാർക്കാണെങ്കിലും ഇന്ന് ഈ പരിശോധന സംവിധാനത്തിന്റെ പേരായി മാറിയിരിക്കുന്നു . മദ്യപിച്ചിട്ടുണ്ടോ എന്ന് ടെസ്റ്റ് ചെയ്യാന്‍ മെഷീനിലേക്ക് ഊതിയാൽ നിശ്വാസവായുവിലെ ആല്‍ക്കഹോളിന്റെ ഏകദേശ അളവ് ഈ ഉപകരണം കണ്ടെത്തും .
വില്യം ഡങ്കന്‍ മക്‌നല്ലി (William Duncan McNally) എന്ന ശാസ്ത്രജ്ഞൻ ഈ ഉപകരണത്തിന്റെ ആദ്യരൂപം കണ്ടെത്തിയത് ഭര്‍ത്താക്കന്മാര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് കണ്ടുപിടിക്കാന്‍ വീട്ടമ്മമാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു. പിന്നീട്
1927-ലാണ് പോലീസിന്റെ ആവശ്യത്തിന് ഈ വിദ്യ ആദ്യമായി ഉപയോഗിച്ചു തുടങ്ങിയത്.
തുടക്ക കാലത്തു സൾഫ്യൂറിക്ക് ആസിഡും , പൊട്ടാഷിയം ഡൈക്രോമെറ്റും (pottasiumdichromate) അടങ്ങിയ ഒരു ഫുട്ബോൾ വായു സഞ്ചിയിലേക്ക് (football bladder) വായു ഊതികേറ്റി അതിനു വരുന്ന നിറം മാറ്റം നീരിക്ഷിച്ച അമേരിക്കൻ ഡോക്ടറായിരുന്ന എമിൽ ബോഗൻ(Emil Bogen) ഈ രംഗത്തെ പ്രഥമ ശാസ്ത്രജ്ഞകാരന്മാരുടെ നിരയിൽ പെടുന്നു.
1931-ല്‍ ആദ്യത്തെ കൈയില്‍ പിടിച്ച് പരിശോധിക്കാവുന്ന പോര്‍ട്ടബിള്‍ ഉപകരണം വിപണിയിലെത്തി. വാഹന പരിശോധനയ്ക്കിടെ ഉപയോഗിക്കാവുന്ന ആദ്യത്തെ പ്രായോഗിക ആൽക്കഹോൾ അനലൈസർ (drunkometer) 1931ലാണ് പുറത്തിറങ്ങുന്നത്. ബയോകെമിസ്ടി പ്രഫസറായിരുന്ന Rolla Neil Harger ആണ് ഇതിന്റെ ഉപജ്ഞാതാവ്.മദ്യത്തിന്റെ ഓക്‌സീകരണത്തെത്തുടര്‍ന്നുള്ള പൊട്ടാസ്യം ഡൈക്രോമേറ്റിന്റെയോ , പൊട്ടാസ്യം പെര്‍മാംഗനേറ്റിന്റെയോ നിറം മാറ്റം വഴിയായിരുന്നു ആദ്യകാലത്ത് ബ്രെത് അനലൈസര്‍ എഥനോളിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നത്. നിറവ്യത്യാസം അളക്കാന്‍ ഒരു ഫോട്ടോസെല്ലിന്റെ സഹായമാണ് ഉപയോഗിച്ചിരുന്നത്. ഇത് മദ്യത്തിന്റെ അളവിന് ആനുപാതികമായ വൈദ്യുതി ഉണ്ടാക്കുകയും സൂചിയുടെ ചലനത്തിലൂടെ അളവ് എളുപ്പത്തില്‍ വായിച്ചെടുക്കാന്‍ സാധിക്കുകയും ചെയ്യും. മദ്യത്തിന് മാത്രമല്ല മറ്റ് നിരോക്‌സീകാരികള്‍ക്കും ഇതേ രാസപ്രവര്‍ത്തനം നടത്താന്‍ കഴിയും. അതുവഴി തെറ്റായ ഫലങ്ങളും കിട്ടുമായിരുന്നു. ശ്വാസത്തില്‍ മറ്റ് വസ്തുക്കള്‍ കലരാനുള്ള സാധ്യത കുറവാണ് എന്നത് മാത്രമാണാശ്വാസം.
പിൽക്കാലത്തു വളരെയധികം മാറ്റങ്ങൾ വരുത്തി ഇന്ന് ഉപയോഗിക്കുന്ന തരത്തിലുള്ള ബ്രീത് അനലൈസർ 1967-ൽ ബ്രിട്ടനിൽ ബിൽ ഡ്യൂസിയും , ടോം പാരി ജോൺസും ചേർന്ന് ലോകത്തിലെ ആദ്യത്തെ ഇലക്ട്രോണിക് ബ്രീത്ത്‌ലൈസർ ആയി വികസിപ്പിച്ചെടുത്തു.
ആധുനികകാലത്ത് ബ്രെത് അനലൈസറുകള്‍ പ്രവര്‍ത്തിക്കുന്നത് ഫ്യുവല്‍ സെല്ലുകള്‍ ഉപയോഗിച്ചാണ്. ഉപകരണത്തിലേക്ക് മദ്യപിച്ചയാള്‍ ഊതുമ്പോള്‍ ആനോഡില്‍ എഥനോള്‍ അസെറ്റിക് ആസിഡായി ഓക്‌സീകരിക്കപ്പെടുന്നു.
ഇതുമൂലമുണ്ടാകുന്ന വൈദ്യുതിയെ ഒരു മൈക്രോ കണ്‍ട്രോളര്‍ അളന്ന് രക്തത്തിലെ എഥനോളിന്റെ ഏകദേശ അളവായി ഡിസ്‌പ്ലേ ചെയ്യുന്നു. ഇത് ഒരു ഏകദേശ ധാരണ മാത്രമാണ് തരുന്നത്. കേസെടുക്കല്‍ പോലുള്ള ആവശ്യങ്ങള്‍ക്ക് കൂടുതല്‍ വിശദമായി ഇന്‍ഫ്രാറെഡ് സ്‌പെക്ട്രോസ്‌കോപ്പി ഉപയോഗിച്ചുള്ള ശ്വാസ പരിശോധനയോ ബ്ലഡ് ടെസ്റ്റോ നടത്തണം. എങ്കിലും പ്രാഥമികമായി മദ്യപിച്ചിട്ടുണ്ടോ എന്ന് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ബ്രെത് അനലൈസര്‍ മതി.
ഏറ്റവും സുപരിചിതമായ ലഹരി കണ്ടെത്തൽ മാർഗമാണ് പൊലീസ് ഉപയോഗിക്കുന്ന ബ്രെത്തലൈസർ. ശ്വാസത്തിൽ നിന്ന് മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തുകയാണ് ചെയ്യുന്നത്. മെഷീനിലേക്ക് ഊതുമ്പോൾ വായിലെ ലഹരിയുടെ അംശം മെഷീനിലെത്തും. മെഷീനിലെ സെൻസർ ഇതു പിടിച്ചെടുത്താണ് മദ്യപിച്ചിട്ടുണ്ടെന്ന് തിരിച്ചറിയുന്നത്. തുടർന്ന് ആശുപത്രിയിലെത്തിച്ച് മെഡിക്കൽ ടെസ്റ്റ് നടത്തുകയോ രക്ത സാംപിൾ എടുത്ത് ഫൊറൻസിക് ലാബിലേക്ക് അയയ്ക്കുകയോ ചെയ്യും. ലാബ് ടെസ്റ്റ് ഫലമാണ് കോടതിയിൽ തെളിവായി അംഗീകരിക്കുന്നത്.
അബോൺ കിറ്റ് ആൽകോ മീറ്റർ :
ബ്രത് അനലൈസറിനു സമാനമായി ശ്വാസത്തിൽ നിന്ന് ആൽക്കഹോളിന്റെ അംശം കണ്ടെത്തുന്ന ഉപകരണമാണ് ആൽകോ മീറ്റർ. ഉപകരണത്തിലേക്ക് 10 സെക്കൻഡ് തുടർച്ചയായി ഊതിയാൽ രക്തത്തിലെ മദ്യത്തിന്റെ അളവ് പ്രിന്റ് ചെയ്തു വരും. ഈ പ്രിന്റ് തെളിവായി കാണിക്കാം. 10 മില്ലിഗ്രാം ആൽക്കഹോൾ മുതൽ ഉപകരണം റീഡിങ് കാണിക്കും. 30 മില്ലിഗ്രാമിനു മുകളിൽ ആൽക്കഹോൾ രക്തത്തിലുള്ളപ്പോൾ വാഹനം ഓടിച്ചാലാണ് പൊലീസ് കേസെടുക്കുന്നത്.
ആൽകോ സ്കാൻ വാൻ :
കേരള പൊലീസ് സജ്ജമാക്കിയ അത്യാധുനിക പരിശോധനാ വാഹനമാണ് ആൽകോ സ്കാൻ വാൻ. നിലവിൽ പൊലീസിന് മദ്യപിച്ചിട്ടുണ്ടോയെന്നു കണ്ടെത്താനുള്ള ഉപകരണങ്ങൾ മാത്രമാണുള്ളത്. മറ്റു ലഹരി വസ്തുക്കൾ കണ്ടെത്താൻ ബുദ്ധിമുട്ടാണ്.
ആൽകോ സ്കാൻ വാനിൽ തന്നെ ശാസ്ത്രീയമായി പരിശോധിച്ച് ഫലം ലഭിക്കും എന്നതാണ് പ്രത്യേകത. ഡ്രൈവറെ പരിശോധനയ്ക്കായി വാനിൽ കയറ്റി ഉമിനീർ ശേഖരിക്കുകയാണ് ചെയ്യുക. ഉമിനീരിൽ പ്രത്യേക കിറ്റ് ഉപയോഗിച്ചു നടത്തുന്ന പരിശോധനയിലൂടെ ലഹരിയുടെ സാന്നിധ്യം തിരിച്ചറിയാം. അരമണിക്കൂറിനുള്ളിൽ ഫലം ലഭിക്കും.
അബോൺ കിറ്റ്:
ഉമിനീർ പരിശോധനയിലൂടെ ലഹരി ഉപയോഗം കണ്ടെത്താൻ ഉപയോഗിക്കുന്നതാണ് അബോൺ കിറ്റ്. കിറ്റിലെ ഉപകരണം ഉപയോഗിച്ച് തൊണ്ടയിൽ നിന്ന് ഉമിനീർ ശേഖരിച്ച് ലായനിയിൽ മുക്കുകയാണ് ചെയ്യുന്നത്. ലായനിയിലുണ്ടാകുന്ന വ്യത്യാസം അനുസരിച്ച് ഉപയോഗിച്ച ലഹരിമരുന്നും അളവും കണ്ടെത്താം. രാസലഹരി വരെ ഇങ്ങനെ കണ്ടെത്താൻ കഴിയും.
ബ്രീത്ത് അനലൈസറിൽ മദ്യപാനികൾ വീഴുമെങ്കിലും മയക്കുമരുന്ന് ഉപയോഗിച്ചവർ വീഴില്ല. മയക്കുമരുന്ന് ഉപയോഗിച്ചവർ ഈയൊരു പഴുതിലൂടെ രക്ഷപ്പെടുകയാണ് പതിവ്. ഇങ്ങനെ രക്ഷപ്പെടുന്നവരെ കുടുക്കാൻ വേണ്ടിയാണ് അബോൺ പരിശോധനയെന്ന ഉമിനീർ ടെസ്റ്റ് എത്തുന്നത്.
പലപ്പോഴും ഇവയെക്കാളും ഫലപ്രദവും ചെലവു കുറഞ്ഞതുമായ മാർഗമാണ് കയ്യിലേക്ക് ഊതിക്കൽ. കയ്യിൽ ഊതിച്ച ശേഷം അതു മണത്തു നോക്കി മദ്യമോ, ലഹരിയോ ഉപയോഗിച്ചിട്ടുണ്ടോയെന്നു കണ്ടെത്താൻ മിടുക്കരായ പൊലീസുകാരും , എക്സൈസുകാരും സർവീസിലുണ്ട്. തമാശയായി തോന്നാമെങ്കിലും ‘സ്കിൽഡ് പഴ്സൻ’ എന്ന നിലയിൽ പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർ മദ്യത്തിന്റെയോ മറ്റു ലഹരിയുടെയോ സാന്നിധ്യം ഇങ്ങനെ ഊതിച്ച് തിരിച്ചറിഞ്ഞാൽ അതും കോടതി പരിഗണിക്കാറുണ്ട്.
ലഹരി ഉപയോഗിച്ചെന്ന കണ്ടെത്തലിൽ കേസെടുക്കാൻ എക്സൈസിനു കഴിയില്ല. ലഹരി ഉപയോഗം കണ്ടെത്തിയാൽ എക്സൈസിന്റെ വിമുക്തി പദ്ധതി വഴി കൗൺസലിങ് നൽകുകയാണ് ചെയ്യുന്നത്. കേസെടുക്കണമെങ്കിൽ തൊണ്ടിമുതൽ കണ്ടെത്തേണ്ടതുണ്ട്. കഞ്ചാവ് ഉപയോഗിച്ചെന്നു കണ്ടെത്തിയാൽ കേസെടുക്കണമെങ്കിൽ കഞ്ചാവ് ബീഡിയുടെ കുറ്റി വേണം. എങ്കിൽ തന്നെ ശിക്ഷിക്കാൻ പൊതുസ്ഥലത്തെ മദ്യപാനത്തിനു സമാനമായ വകുപ്പുകളാണ് ഉള്ളത്.
മദ്യത്തിന്റെ ഗന്ധം ഇല്ലാതാക്കാൻ പല പൊടിക്കൈകളും പ്രചാരത്തിലുണ്ട്. മദ്യപിച്ച ശേഷം വെളിച്ചെണ്ണ കുടിക്കലിൽ തുടങ്ങി ആട്ടിൻ കാഷ്ടം വരെ ഉപയോഗിക്കുന്നവരുണ്ട്. കഞ്ചാവ് പോലെയുള്ള ലഹരി ഉപയോഗിക്കുമ്പോൾ കണ്ണിലുണ്ടാകുന്ന മാറ്റം മനസ്സിലാകാതിരിക്കാൻ കണ്ണെഴുതുന്നവരുണ്ട്.
മോട്ടോർ വെഹിക്കിൾ ആക്ട് 2019 ലെ സെക്ഷൻ 185 അനുസരിച്ച് നിങ്ങൾ മദ്യത്തിന്റെയും , മയക്കുമരുന്നിന്റെയും ലഹരിയിലായിരിക്കുമ്പോൾ വാഹനമോടിക്കുന്നത് നിയമവിരുദ്ധമാണ്. കുറ്റം ചെയ്ത ഒരാൾക്ക് 6 മാസത്തെ തടവും കൂടാതെ/അല്ലെങ്കിൽ ട്രാഫിക് ലംഘനത്തിന് ₹10,000 വരെ പിഴയും അനുഭവിക്കേണ്ടി വന്നേക്കാം.
മദ്യപിച്ച് വാഹനമോടിച്ചതിന് ഏതെങ്കിലും വാഹനം നിർത്തിയാൽ ട്രാഫിക് പോലീസ് ഡ്രൈവറോട് ബ്ലഡ് ആൽക്കഹോൾ കോൺസൺട്രേഷൻ (ബിഎസി) ടെസ്റ്റ് നടത്താൻ ആവശ്യപ്പെടും. അവരോട് ഒരു ബ്രീത്ത് അനലൈസറിൽ ഊതാൻ ആവശ്യപ്പെടും, മദ്യത്തിന്റെ മൂല്യം 100 മില്ലി രക്തത്തിന് 30mg കവിയുന്നുവെങ്കിൽ, അവർ അനുവദനീയമായ പരിധി കവിഞ്ഞു, മദ്യപിച്ച് വാഹനമോടിച്ചതിന് കുറ്റക്കാരായി കണക്കാക്കും.പോലീസ് മദ്യപിച്ചതായി സംശയിക്കുന്നുവെങ്കിൽ അവർക്ക് ഒരാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനും , വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനും കഴിയും. രക്തപരിശോധനയ്‌ക്കായി ഡ്രൈവറെ അടുത്തുള്ള ആശുപത്രിയിലേക്കോ ,പോലീസ് സ്‌റ്റേഷനിലേക്കോ കൊണ്ടുപോയേക്കാം. കാരണം ഇത് ചെയ്ത ആൾ സ്വന്തം ജീവനും , മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കിയിരിക്കുകയാണ്