സ്നെല്ലെൻ ചാർട്ട്: കണ്ണിന്റെ കാഴ്ച ശക്തി അളക്കാൻ സഹായിക്കുന്ന ചാർട്ട്
കാഴ്ച പരിശോധിക്കാൻ ലോകവ്യാപകമായി ഉപയോഗിക്കുന്നതും ഏറ്റവും സാധാരണമായതുമായ ഒരു ചാർട്ട് ആണ് സ്നെല്ലെൻ ചാർട്ട്. 1862 ൽ ഈ ചാർട്ട് വികസിപ്പിച്ച ഡച്ച് നേത്രരോഗവിദഗ്ദ്ധൻ ഹെർമൻ സ്നെല്ലന്റെ പേരിലാണ് സ്നെല്ലെൻ ചാർട്ടുകൾ അറിയപ്പെടുന്നത്. പല നേത്രരോഗവിദഗ്ദ്ധരും കാഴ്ച ശാസ്ത്രജ്ഞരും ഇപ്പോൾ കാഴ്ച ശക്തി പരിശോധിക്കാൻ ലോഗ്മാർ ചാർട്ട് എന്നറിയപ്പെടുന്ന കൂടുതൽ മെച്ചപ്പെട്ട ചാർട്ട് ഉപയോഗിക്കുന്നുണ്ട്.
ചരിത്രം
5 × 5 യൂണിറ്റ് ഗ്രിഡ് അടിസ്ഥാനമാക്കിയുള്ള ചിഹ്നങ്ങൾ ഉപയോഗിച്ച് ആണ് സ്നെല്ലെൻ ചാർട്ടുകൾ വികസിപ്പിച്ചത്. 1861 ൽ വികസിപ്പിച്ച പരീക്ഷണാത്മക ചാർട്ടുകൾ അമൂർത്ത ചിഹ്നങ്ങൾ ഉപയോഗിച്ച് ആണ് നിർമ്മിച്ചത്.1862-ൽ പ്രസിദ്ധീകരിച്ച സ്നെല്ലൻ ചാർട്ടുകളിൽ 5 × 5 ഗ്രിഡിൽ വലിയ അക്ഷരങ്ങൾ ആണ് ഉപയോഗിച്ചത്. ആദ്യം അവതരിപ്പിച്ച യഥാർത്ഥ ചാർട്ടിൽ ഉണ്ടായിരുന്നത് A, C, E, G, L, N, P, R, T, 5, V, Z, B, D, 4, F, H, K, O, S, 3, U, Y, A, C, E, G, L, 2 എന്നീ അക്ഷരങ്ങളാണ്.
വിവരണം
ഏഴ് മുതൽ പതിനൊന്ന് വരികളുള്ള ബ്ലോക്ക് അക്ഷരങ്ങൾ ഉപയോഗിച്ച് അച്ചടിച്ചതാണ് സാധാരണ സ്നെല്ലെൻ ചാർട്ട്. ആദ്യ വരിയിൽ വളരെ വലിയ ഒരു അക്ഷരം അടങ്ങിയിരിക്കുന്നു. തുടർന്നുള്ള വരികൾക്ക് വലിപ്പം കുറയുന്നതിന് അനുസരിച്ച് അക്ഷരങ്ങളുടെ എണ്ണം വർദ്ധിക്കുന്നു. പല ചാർട്ടുകളിലും പല തരത്തിലുള്ള അക്ഷരങ്ങളാണ് ഉള്ളത്. പരിശോധന നടത്തുന്ന ഒരാൾ 6 മീറ്ററിൽ (അല്ലെങ്കിൽ 20 അടി) ദൂരത്ത് നിന്ന് ഒരു കണ്ണ് മൂടി, ഓരോ വരിയിലേയും അക്ഷരങ്ങൾ മുകളിൽ നിന്ന് ആരംഭിച്ച് താഴേക്ക് വായിക്കുന്നു. കൃത്യമായി വായിക്കാൻ കഴിയുന്ന ഏറ്റവും ചെറിയ വരി ആ നിർദ്ദിഷ്ട കണ്ണിലെ വിഷ്വൽ അക്വിറ്റി അല്ലെങ്കിൽ കാഴ്ച ശക്തിയെ സൂചിപ്പിക്കുന്നു. ഒരു അക്വിറ്റി ചാർട്ടിലെ ചിഹ്നങ്ങളെ ഔപചാരികമായി " ഒപ്‌ടോടൈപ്പുകൾ " എന്ന് വിളിക്കുന്നു. പരമ്പരാഗത സ്നെല്ലെൻ ചാർട്ടിന്റെ കാര്യത്തിൽ, ഒപ്‌ടോടൈപ്പുകൾക്ക് ബ്ലോക്ക് അക്ഷരങ്ങളുടെ രൂപമുണ്ട്, മാത്രമല്ല അവ അക്ഷരങ്ങളായി കാണാനും വായിക്കാനും ഉദ്ദേശിച്ചുള്ളതാണ്. എന്നിരുന്നാലും അവ ഏതെങ്കിലും സാധാരണ ടൈപ്പോഗ്രാഫിക് ഫോണ്ടിൽ നിന്നുള്ള അക്ഷരങ്ങളല്ല. ചാർട്ടിലെ അക്ഷരങ്ങൾക്കും ചിഹ്നങ്ങൾക്കും പ്രത്യേകവും ലളിതവുമായ ജ്യാമിതി ഉണ്ട്. ഇംഗ്ലീഷ് അല്ലാതെ, നമ്പറുകളും, ഇൻഡ്യയിലെ വിവിധഭാഷളും ഒക്കെയായായി വിവിധ തരത്തിലുള്ള സ്നെല്ലെൻ ചാർട്ടുകളുണ്ട്.
അക്ഷരത്തിന്റെ കനം, വരികൾക്കിടയിലുള്ള വെളുത്ത ഇടങ്ങളുടെ കനം, "സി" അക്ഷരത്തിലെ വിടവിന്റെ കനം എന്നിവ തുല്യമാണ്.
അക്ഷരത്തിന്റെ കനത്തിന്റെ അഞ്ചിരട്ടിയാണ് ഒപ്‌ടോടൈപ്പിന്റെ ഉയരവും വീതിയും (അക്ഷരം മുഴുവനായി) .
ഏത് ഭാഷയിലും 5*5 രീതിയിൽ എഴുതാവുന്ന അക്ഷരങ്ങൾ ഉപയോഗിച്ച് സ്നെല്ലെൻ ചാർട്ട് ഉണ്ടാക്കാറുണ്ട്. മതിലിൽ തൂക്കാവുന്ന തരത്തിലുള്ള സ്നെല്ലെൻ ചാർട്ടുകൾ വിലകുറഞ്ഞവയാണ്, ഉള്ളിൽ വെളിച്ചമുള്ള തരത്തിലുള്ള ചാർട്ടുകളാണ് കൂടുതൽകൃത്യതയുള്ളത്. "ദൂര കാഴ്ച നിർണ്ണയിക്കുന്നതിനുള്ള ടെസ്റ്റ് ചാർട്ടുകൾക്കായുള്ള സവിശേഷതയായി ബിഎസ് (ബ്രിട്ടീഷ് സ്റ്റാൻഡേഡ്) 4274-1: 2003 പറയുന്നത് "വിദൂര കാഴ്ചയുടെ ക്ലിനിക്കൽ നിർണ്ണയത്തിനായുള്ള ടെസ്റ്റ് അക്ഷരങ്ങളുടെ തിളക്കം 120 സിഡി / മീ 2 ൽ കുറയാത്തത് ആയിരിക്കണം. അതുപോലെ ടെസ്റ്റ് ചാർട്ടിലുടനീളമുള്ള ഏത് വ്യത്യാസവും 20% കവിയാൻ പാടില്ല" എന്നാണ്. ബിഎസ് 4274-1: 2003 അനുസരിച്ച് സി, ഡി, ഇ, എഫ്, എച്ച്, കെ, എൻ, പി, ആർ, യു, വി, ഇസെഡ് എന്നീ അക്ഷരങ്ങൾ മാത്രമേ അക്ഷരങ്ങളുടെ തുല്യ വ്യക്തതയെ അടിസ്ഥാനമാക്കി കാഴ്ച പരിശോധനയ്ക്കായി ഉപയോഗിക്കാവൂ എന്നും പറയുന്നുണ്ട്. പക്ഷെ ഇങ്ങനെയുള്ള അക്ഷരങ്ങൾക്ക് പകരം മറ്റ് അക്ഷരങ്ങൾ ഉപയോഗിക്കുന്ന ചാർട്ടുകളും വിപണിയിൽ ലഭ്യമാണ്.
സ്നെല്ലെൻ ഭിന്നസംഖ്യ
വിഷ്വൽ അക്യുറ്റി അഥവാ കാഴ്ച ശക്തി രേഖപ്പെടുത്തുന്നത് ടെസ്റ്റ് ചെയ്യുന്ന ദൂരം / വായിച്ച അക്ഷരം 5 മിനിറ്റ് ആങ്കിൾ ഉണ്ടാക്കുന്നത് ഏത് ദൂരത്തിലാണ് എന്ന രീതിയിലാണ്. അതായത് ഒരാളുടെ കാഴ്ച 6/12 (ഇത് ഒരു കുറഞ്ഞ കാഴ്ചയാണ്) എന്ന് രേഖപ്പെടുത്തിയാൽ ടെസ്റ്റ് ചെയ്യുന്ന ദൂരം 6 മീറ്റർ ആണെന്നും, വായിച്ച അക്ഷരം സാധാരണ കണ്ണിൽ 5 മിനിറ്റ് ആംഗിൾ ഉണ്ടാക്കുന്ന ദൂരം 12 മീറ്റർ ആണ് എന്നും മനസ്സിലാക്കാം.
"6/6" (മീ) അല്ലെങ്കിൽ "20/20" (അടി) കാഴ്ച
ഇലക്ട്രോണിക് ചാർട്ട്
സ്നെല്ലെൻ ചാർട്ടുകളുടെ മതിയായ പ്രകാശം ഉറപ്പാക്കുന്നതിന്, വിവിധ മെഡിക്കൽ ഉപകരണ നിർമ്മാതാക്കൾ ഉള്ളിൽ നിന്ന് പ്രകാശിക്കുന്ന അല്ലെങ്കിൽ പ്രൊജക്ഷൻ ഉപയോഗിച്ച് കാണുന്ന തരത്തിലുള്ള സ്നെല്ലെൻ ചാർട്ട് ഉൽപ്പന്നങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഡിജിറ്റൽ ചാർട്ട്
കമ്പ്യൂട്ടർ മോണിറ്ററുകൾക്ക് സാധാരണയായി വായനയ്ക്ക് പറ്റിയ നല്ല ലൈറ്റിംഗും, എൽസിഡി / എൽഇഡി മോണിറ്ററുകൾക്ക് ഉയർന്ന ഡിപിഐ-യും (96 നും 480 നും ഇടയിൽ) ഉള്ളതിനാൽ, ഒപ്‌ടോടൈപ്പുകൾ പ്രദർശിപ്പിക്കുന്നതിന് അവ അനുയോജ്യമാണ്. സാധാരണ ഡിജിറ്റൽ ചാർട്ടുകൾ, പരിശോധിക്കുന്ന വ്യക്തി ചാർട്ട് മനപാഠമാക്കി വന്ന് പരിശോധകനെ വഞ്ചിക്കുന്നത് ഒഴിവാക്കാൻ, ഒപ്ടോടൈപ്പുകളെ ക്രമരഹിതമായി പ്രദർശിപ്പിക്കുന്നു.