ഏതാനും ഇഞ്ചുകൾ മാത്രമുള്ള കാൽപാദങ്ങളിലാണ് നമ്മുടെ ശരീരഭാരം മുഴുവനും!

നെറുകയിൽ ഭാരം വരുമ്പോൾ അമർന്ന് നിവരുകയും ഭാരമൊഴിയുമ്പോൾ ഉയർന്ന് നിൽക്കുകയും ചെയ്യുന്ന ഇലാസ്തികതയുള്ള ഒരാർച്ച് പാലം പോലെയാണ് പാദങ്ങളുടെ പ്രവർത്തനം.പൂർണമായും നിലം തൊടാതെയാണ് പദത്തിന്റെ നിൽപ്പെങ്കിലും നമ്മുടെ നില ഭദ്രമാക്കുന്നത് പാദങ്ങളുടെ ആർച്ച്  രൂപമാണ്.ചാടുമ്പോൾ മുഴം കാലിലേയും മുട്ടിലേയും നട്ടെല്ലിലേയും സന്ധികൾക്ക് ആഘാതം തട്ടാതെ നോക്കുന്നതും ഇവ തന്നെ.ഉപ്പൂറ്റിയുടെ മുൻഭാഗം മുതൽ തള്ളവിരലിന്റെ മൂലം വരെ നീണ്ടു കിടക്കുന്ന"medial longitudinal arch"ആണ് ഉയരം കൂടിയതും വലുതും.റബർ സീൽകണക്കെ അനായാസമായി തറയിൽ കാലുകൾ കുത്തി ഉയരാൻ മുഖ്യമായും സഹായിക്കുന്നത് ഈ ആർച്ചിന്റെ പ്രവർത്തനമാണ്.

പാദങ്ങൾക്ക് ആർച്ച് രൂപമല്ലായിരുന്നെങ്കിൽ പാദങ്ങളിലെ ഞരമ്പുകളും രക്തക്കുഴലുകളുമെല്ലാം ശരീരഭാരത്താൽ ചതഞ്ഞരഞ്ഞേനെ.19 പേശികളും 107 ലിഗ്മെന്റുകളും ചേർന്ന് ഉരുളൻകല്ലും വടികഷണങ്ങളും പോലെയിരിക്കുന്ന 26 അസ്ഥികഷണങ്ങളെ 33 സന്ധികളിലൂടെ കൂട്ടി ചേർത്ത ഒരു കമാനരൂപമാണ് ഓരോ കാല്പാദവും. അസ്ഥികളുടെ വലുപ്പം,ആകൃതി,സന്ധികളുടെ മിതമായ പരസ്പര പൂരകത,ഉലഞ്ഞാലും ഉറപ്പുവിടാത്ത ലിഗ്മെൻറുകളുടെ പ്രകൃതം,അടിയിൽ നിന്നും നാലടക്കുകളായുളള പേശികളുടെ ക്രമീകരണം എന്നിവയെല്ലാമാണ് ഈ കമാന രൂപത്തിന് ഉറപ്പും വഴക്കവും നൽകുന്നത്.നിരപ്പിൽ നിന്നും കുണ്ടും കുഴിയും നിറഞ്ഞ പ്രതലത്തിലേക്ക് നടക്കുമ്പോൾ വളഞ്ഞും പിരിഞ്ഞും ചെരിഞ്ഞുമൊക്കെ പാദങ്ങൾ നമ്മുടെ നില ഭദ്രമാക്കുന്നത് ഈ വഴക്കം കൊണ്ടാണ്. തള്ളവിരലുകളൊഴികെയുള്ള വിരലുകളും ചെറുവിരലിനോട് ചേർന്നുള്ള മുൻ പകുതിയുമുപയോഗിച്ച് ഈ വഴക്കത്തെ പ്രാവർത്തികമാക്കുന്നു. ബലത്തിലൂന്നാവുന്ന തള്ളവിരൽ  ബാലൻസുറപ്പിക്കുന്നു. കാൽസെന്റിമീറ്ററോളം കനമുള്ള കെരാറ്റിൻ ആവരണത്തോടു കൂടിയ വെളുത്ത ചർമ്മവും അതിനുള്ളിലെ രണ്ടടുക്ക് തോൽപ്പട്ടകളും ചേർന്നാണ് ഇത്തരം സന്ദർഭങ്ങളിൽ ഉളളം കാലിനെ സംരക്ഷിക്കുന്നത്.

                                                        



Most Viewed Website Pages