ഉൾക്കടലിലെത്തിയാൽ പരിചിതരല്ലാത്തവർക്ക് ഛർദ്ദി തോന്നുന്നതെന്തുകൊണ്ടാണ്?
കടലിൽ സഞ്ചരിക്കുമ്പോൾ യാത്രചെയ്യുന്നവർക്ക് അനുഭവപ്പെടുന്ന ഛർദ്ദി, തലചുറ്റൽ മുതലായ ബുദ്ധിമുട്ടുകളെയാണ് കടൽചൊരുക്ക് (seasickness) എന്നു പറയുന്നത്. 1939 ൽ സർ ഫ്രഡെറിക് ബാന്റിങ്ങ് ആണ് ഈ പേര് നിർദ്ദേശിച്ചത്.
മനുഷ്യ ശരീരത്തിന്റെ സന്തുലനാവസ്ഥ നിലനിർത്തുന്ന ചെവിയിലെ അവയവങ്ങൾക്ക് ശല്യം ഉണ്ടാവുമ്പോഴാണ് ഇത് സംഭവിക്കുന്നത്. പതിവിനു വിപരീതമായി പെട്ടെന്നുണ്ടാവുന്ന സന്തുലനാവസ്ഥയിലെ മാറ്റങ്ങൾ ഇതിന് കാരണമാവുന്നു. പെട്ടെന്ന് മാറ്റം ഉണ്ടാവുമ്പോൾ ചെവിയിലെ അർദ്ധ വൃത്താകൃതിയിലുള്ള മൂന്നു കുഴലുകളിൽ വ്യത്യസ്തരീതിയിൽ അനുഭവപ്പെടുന്നു. ഈ വിവരം ശരിയായി പെട്ടെന്ന് തലച്ചോറിലെത്തിക്കാൻ നാഡികൾക്ക് പറ്റാതാവുകയും തലചുറ്റൽ ഉണ്ടാവുകയും ചെയ്യുന്നു.
കടലിലിറങ്ങുമ്പോൾ മുതൽ തിരയിൽ ശരീരം ഉലയുന്നതു ബാലൻസ് തെറ്റുന്നതിന് ഇടയാക്കും. ഇത് പലർക്കും ഛർദിയും തലകറക്കവുമുണ്ടാക്കും. തുടർച്ചയായ കടൽ യാത്രകളിലൂടെ മാത്രമേ ഇതുമായി ശരീരം താദാത്മ്യം പ്രാപിക്കൂ. കടൽ ശാന്തമായിരിക്കുന്ന അവസ്ഥയിൽ പലരെയും കടൽചൊരുക്ക് ബാധിക്കാറില്ല.