കസ്റ്റഡി
കോടതിയും പോലീസുമായി ബന്ധപ്പെട്ട് വളരെ സാധാരണമായി കേൾക്കാറുള്ള വാക്കാണ് റിമാൻഡ്. റിമാൻഡ് എന്ന ആംഗലേയ പദം അതേ പടി ഉപയോഗിക്കുകയാണ് പതിവ്. ഇതിപ്പോൾ ഒരു മലയാള പദം പോലെ പ്രചുര പ്രചാരം നേടിക്കഴിഞ്ഞ പദമാണ്. 'തടവിൽ വയ്ക്കുക' എന്നാണു റിമാൻഡ് എന്ന പദത്തിനർത്ഥം എന്നു പറയാം. പ്രതിയെ തടവിൽ വയ്ക്കുന്നതിനുള്ള റിപ്പോർട്ട് (റിമാൻഡ് റിപ്പോർട്ട്) പോലീസ് നൽകണം, കോടതി പരിഗണിച്ചിട്ട്, കോടതിയാണ് റിമാൻഡ് അനുവദിക്കുകയോ, ജാമ്യ അപേക്ഷ ഉണ്ടെങ്കിൽ ജാമ്യം അനുവദിക്കുകയോ ചെയ്യുക. റിമാൻഡ് കാലയളവിൽ 'കസ്റ്റഡി'യിൽ സൂക്ഷിക്കലാണ് പ്രതികളെ ചെയ്യുന്നത് (തടവിൽ സൂക്ഷിക്കൽ). ഈ കസ്റ്റഡി രണ്ട് വിധത്തിൽ ഉണ്ട്, ഒന്ന് പോലീസ് കസ്റ്റഡിയാണ് , രണ്ടാമത്തേത് ജുഡീഷ്യൽ കസ്റ്റഡിയും.
ക്രിമിനൽ നടപടി നിയമ പ്രകാരം പ്രതിയെ കസ്റ്റഡിയിൽ എടുത്തു 24 മണിക്കൂർ സമയത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ പോലീസ് നൽകുന്ന റിപ്പോർട്ടനുസരിച്ച് പ്രതിയെ 'കസ്റ്റഡി'യിൽ വെയ്ക്കാൻ നിർദേശിക്കുന്ന ഉത്തരവിനെയാണ് റിമാൻഡ് എന്നറിയപ്പെടുന്നത്. ഇവിടെ കസ്റ്റഡി എന്ന പദവും രംഗത്ത് വരുന്നുണ്ടല്ലോ. ഈ രണ്ട് പദങ്ങളും ഇന്ത്യൻ ക്രിമിനൽ നിയമങ്ങളിൽ സർവ്വ സാധാരണമാണ് എങ്കിലും രണ്ടും കൃത്യമായി നിർവ്വചിക്കപ്പെട്ടിട്ടില്ല.
കസ്റ്റഡി രണ്ടുവിധമുണ്ടെന്നു പറഞ്ഞല്ലോ, ഇതിൽ പോലീസ് കസ്റ്റഡിയിലേക്ക് വിട്ടു കൊടുക്കുന്ന പക്ഷം മാത്രമേ അന്വേഷണ സംബന്ധമായ ചില കാര്യങ്ങൾ പോലീസിനു പൂർത്തീകരിക്കുവാൻ സാധിക്കൂ. ഈ പോലീസ് കസ്റ്റഡിയ്ക്കുള്ള അപേക്ഷ ക്രിമിനൽ നടപടി നിയമപ്രകാരം, ആദ്യത്തെ റിമാൻഡ് കാലാവധിക്കുള്ളിൽ മാത്രമേ നൽകാൻ പാടുള്ളു.
ഒരു റിമാൻഡ് കാലയളവ് പതിനഞ്ചു ദിവസം മാത്രമാണ്. ചുരുക്കത്തിൽ പോലീസ് കസ്റ്റഡിയിൽ ആദ്യത്തെ പതിനഞ്ചു ദിവസത്തിനുള്ളിൽ വാങ്ങുന്നില്ല എങ്കിൽ, പിന്നീട് ആ കേസിൽ ജുഡീഷ്യൽ കസ്റ്റഡി മാത്രമേ സാധിക്കുകയുള്ളു. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യം ചെയ്യുവാൻ പൊലീസിന് സാധിക്കില്ല. അതുകൊണ്ട് തന്നെ പ്രതികൾക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകർ കസ്റ്റഡി അപേക്ഷകളെ പരമാവധി എതിർക്കാറുണ്ട്. കാര്യമൊന്നുമില്ലെങ്കിലും.
അതായത് അന്വേഷണ ആവശ്യത്തിന് വേണ്ടി പോലീസ് പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെടുകയാണെങ്കിൽ, കോടതിക്ക് പ്രതിയെ പോലീസ് കസ്റ്റഡിയിൽ കൊടുക്കാം. മറിച്ച് പോലീസ് കസ്റ്റഡി ആവശ്യം ഉന്നയിക്കപ്പെട്ടില്ലെങ്കിലോ, പോലീസ് കസ്റ്റഡി ആവശ്യം നിരാകരിക്കപ്പെട്ടാലോ ജുഡീഷ്യൽ കസ്റ്റഡി ആണുണ്ടാവുക. അതായത് പ്രതിയെ കോടതിയുടെ നീയന്ത്രണത്തിൽ ജയിലിൽ സൂക്ഷിക്കുക എന്നതാണത്.
കസ്റ്റഡിയും റിമാൻഡും എന്തെന്ന് ഒരു നിയമ പുസ്തകത്തിൽ നിർവ്വചിക്കാത്തതു കൊണ്ട് പ്രത്യേകിച്ച് ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാവാറില്ലല്ലോ എന്ന് വാദിക്കാം. എന്നാൽ കസ്റ്റഡി മരണങ്ങളുടെ പരിധിയിൽ പോലീസ് ഓടിച്ചിട്ടോ, ചാടിപ്പിടിക്കാൻ ശ്രമിച്ചോ, വണ്ടിയിൽ പിന്നാലെ പാഞ്ഞോ ഉണ്ടാകുന്ന അപായങ്ങൾ കസ്റ്റഡി അപായമാണോ എന്ന ചോദ്യം ഉയരുമ്പോൾ ഈ പദങ്ങൾ നിർവ്വചിക്കേണ്ടതിന്റെ ആവശ്യം നമുക്ക് ബോധ്യമാകും, എന്നാൽ നിർഭാഗ്യവശാൽ, അവ നിർവ്വചിക്കപ്പെട്ടിട്ടില്ല.