എന്തുകൊണ്ടാണ് മത്സ്യത്തിന് ഗന്ധം?
മീൻ പിടിച്ചിട്ട് എത്രത്തോളം സമയം കഴിയുന്നോ അത്രത്തോളം ഗന്ധം കൂടും. നല്ല പച്ചമീനിന് അധികം മണം ഉണ്ടാകില്ല. എന്നാൽ, ഫ്രിഡ്ജിൽ വച്ചില്ലെങ്കിൽ സമയം പോകവേ മീനിന്റെ മണം (fishy smell) കൂടി വരും.
മീനുകളുടെ സെല്ലുകളിൽ TMAO (ട്രൈമെത്തിലാമൈൻ N-ഓക്സൈഡ്) എന്ന രാസവസ്തു ധാരാളമുണ്ട്. ഇതിനു പ്രത്യേക മണമൊന്നുമില്ല. പക്ഷേ, മീൻ ചത്തു കഴിയുമ്പോൾ ബാക്ടീരിയ ഇതിനെ വിഘടിപ്പിച്ച് ട്രൈമീഥൈൽ അമിൻ (TMA) എന്ന മറ്റൊരു രാസവസ്തുവാക്കും. ഇതിനു രൂക്ഷഗന്ധമാണ്. മീൻ പിടിച്ചിട്ട് എത്രത്തോളം സമയം കഴിയുന്നോ അത്രത്തോളം ഗന്ധം കൂടും.
മീനിൽ ദുർഗന്ധമുണ്ടാക്കുന്ന ട്രൈമീഥൈൽ അമിൻ ഒരു ക്ഷാരം (ബേസ്) ആണ്. ആസിഡും ബേസും തമ്മിൽ പ്രവർത്തിച്ച് ലവണം (salt) ഉണ്ടാകുമെന്ന് നമ്മൾക്ക് അറിയാം. ആസിഡ് ആയിട്ടുള്ള വസ്തുക്കൾ ഉപയോഗിച്ച് ഈ ഗന്ധം ഇല്ലാതാക്കാം.
നാരങ്ങ, വിനാഗിരി , കുടംപുളി (നാരങ്ങയിൽ സിട്രിക് ആസിഡും , വിനാഗിരിയിൽ അസറ്റിക് ആസിഡും , കുടംപുളിയിൽ ഹൈഡ്രോക്സി സിട്രിക് ആസിഡ്, അസ്കോർബിക് ആസിഡ്, ടാർടാറിക് ആസിഡ്, ഫോസ്ഫോറിക് ആസിഡ് എന്നിവയുണ്ട് ) ഇവയിലെ ആസിഡ് ദുർഗന്ധമുണ്ടാക്കുന്ന മീനിലെ ക്ഷാരമായ ട്രൈമീഥൈൽ അമിനുമായി പ്രവർത്തിച്ച് മണമില്ലാതെയാകുന്നു. മീൻ വെട്ടിയിട്ടു കയ്യിലെ മീൻ മണം മാറ്റാനും ഇവ ഉപയോഗിച്ച് കൈ കഴുകിയാൽ മതി.