റെയിൽവേ ട്രാക്കിൽ എന്തിനാണ് കരിങ്കൽച്ചീളുകൾ നിറച്ചിരിക്കുന്നത്?
റയിൽവേ ട്രാക്കിൽ ഉടനീളം നടുക്കും വശങ്ങളിലും മെറ്റൽ നിറച്ചിരിക്കുന്നതിനെ ട്രാക്ക് ബാലസ്റ്റ് എന്നാണ് പറയുന്നത്.
ആദ്യമായി റെയിൽ ഗതാഗതം തുടങ്ങിയ കാലം തൊട്ടേ എഞ്ചിനിയറുമാരെ വലച്ച ഒരു ചോദ്യമാണ് കിലോമീറ്ററുകളോളം സമാന്തരമായി നീണ്ടുപോകുന്ന റെയിൽ പാതയെ എങ്ങനെ ഭൂമിയിൽ ഉറപ്പിച്ചു നിർത്തും എന്നത്. തന്നെയുമല്ല ഭൂമിക്കുണ്ടാകുന്ന ചലനങ്ങൾ റെയിൽ പാതയെ ബാധിക്കാതിരിക്കണം. കാലാവസ്ഥാപരമായ വ്യത്യാസങ്ങൾ മണ്ണിലുണ്ടാക്കുന്ന മാറ്റങ്ങളെ അതിജീവിക്കണം. ചുറ്റും സസ്യങ്ങൾ വളർന്നുവന്ന് മണ്ണിനെ ദുർബലപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കണം. ഇവയെല്ലാം ഒന്നിച്ച് പരിഹരിക്കുന്ന ഒരു മാർഗമായി കരിങ്കൽച്ചീളുകൾ സഹായിക്കുന്നു.
വെള്ളപ്പൊക്കത്തിൽ നിന്ന് സുരക്ഷാ ലഭിക്കാൻ ഉയർത്തിയുണ്ടാക്കിയ ഫൗണ്ടേഷനുമേൽ മെറ്റൽ കല്ലുകൾ വിതറി അതിൽ സ്ലീപ്പറുകൾ സ്ഥാപിക്കുന്നു. റെയിൽ പാതയുടെ നടുക്ക് മരത്തിലോ , കോൺക്രിറ്റിലോ ഉണ്ടാക്കിയ ബീമുകൾ വട്ടം വച്ചിരിക്കുന്നതാണ് സ്ലീപ്പർ എന്നറിയപ്പെടുന്നത്. റെയിൽ പാത ദീർഘകാലം നിലനിർത്താൻ ഇത് സഹായിക്കും.
സ്‌ലീപ്പറുകൾക്ക് മേൽ മെറ്റൽ കല്ലുകൾ വിതറി ഉറപ്പിക്കുന്നു. വശങ്ങളിലും ഇത് തന്നെ ചെയ്യുന്നു. വെള്ളം വാർന്നു പോകാനും, തീവണ്ടി ഓടുമ്പോൾ ട്രാക്ക് തെന്നിമാറാതിരിക്കാനും ഇത് സഹായിക്കുന്നു. കൂർത്ത വശങ്ങളുള്ള മെറ്റൽ കല്ലുകൾ തന്നെ വേണം ഇതിനായി ഉപയോഗിക്കാൻ. ഉരുണ്ട കല്ലുകൾ ഉപയോഗിച്ചാൽ ഭാരമുള്ള ട്രെയിൻ ഓടുമ്പോൾ ട്രാക്ക് തെന്നിമാറി അപകടങ്ങൾക്ക് വഴിയൊരുക്കും. ട്രാക്കില്‍ അനാവശ്യമായ ചെടികളുടെ വളര്‍ച്ച പലപ്പോഴും ഗതാഗതത്തെ തടസ്സത്തിലാക്കുന്നു. ഇങ്ങനെയല്ലാതെ സഹായിക്കുന്നത് കരിങ്കല്‍ ചീളുകളാണ്.
കൗതുകകരമായ കാര്യമെന്തെന്നാൽ റെയിൽ ട്രാക്കിൽ ഒന്നും തന്നെ സ്ഥിരമായി ഭൂമിയിൽ ബന്ധിപ്പിച്ചിട്ടില്ല എന്നതാണ്. എന്നിട്ടും വർഷങ്ങളായി ചരക്കുകടത്താനും സഞ്ചരിക്കാനുമുള്ള ഒരു സുരക്ഷിതമാർഗമാണ് റയിൽവേകൾ.