യൂട്യൂബില്‍ വീഡിയോ കണ്ടതിന്റെ അടിസ്ഥാനത്തില്‍ പോലീസിന് ഒരാളെ തിരഞ്ഞ് കണ്ടുപിടിക്കാനാവുമോ?

                                        

സാധിക്കും. യൂട്യൂബ് ഏത് ഐപിയില്‍ നിന്നാണ് കണ്ടത് എന്നവിവരം ഗൂഗിളിന്റെ സെര്‍വറിലും ഇന്ത്യയുടെ നാഷണല്‍ ഇന്റര്‍നെറ്റ് ഗേറ്റ് വേയിലും ഉണ്ടാവും. ഗൂഗിളുമായി ബന്ധപ്പെട്ടും കേന്ദ്രസര്‍ക്കാരിന്റെ ഇന്റര്‍നെറ്റ് ഗേറ്റ് വേയില്‍ നിന്നും ഈ വിവരങ്ങള്‍ ശേഖരിക്കാം.

ഓരോരുത്തരുടെയും ഇന്റര്‍നെറ്റ് ഉപയോഗം സംബന്ധിച്ച ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ വഴി ട്രാക്ക് ചെയ്യുന്നുണ്ട്. അങ്ങനെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ചുള്ള പരസ്യ വിതരണങ്ങള്‍ നടക്കുന്നതും ഉപഭോക്താക്കള്‍ക്ക് താല്‍പര്യമുള്ള ഉള്ളടക്കങ്ങള്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളും മറ്റും എത്തിച്ചു നല്‍കുന്നതും.

നമ്മള്‍ ഉപയോഗിക്കുന്ന കംപ്യൂട്ടറുകള്‍ക്കും, മൊബൈല്‍ ഫോണുകള്‍ക്കുമെല്ലാം ഐപി ഐഡി അഥവാ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ അഡ്രസ് ഉണ്ടാവും. നമ്മളുടെ ഇന്റര്‍നെറ്റ് ഉപയോഗമെല്ലാം ഈ ഐപി ഐഡിയിലൂടെയാണ് നടക്കുക. നിങ്ങളുടെ ഉപകരണത്തിന്റെ വിരലടയാളമാണ് ഐപി ഐഡി എന്ന് പറയാം.

ലോകത്തെവിടെയിരുന്നും നിങ്ങളുടെ ഉപകരണത്തെ കണ്ടെത്താന്‍ ഈ ഐപി ഐഡി സഹായിക്കും. യൂട്യൂബ് അക്കൗണ്ട് ലോഗിന്‍ ചെയ്ത ഐപി ഐഡി, യൂട്യൂബ് വീഡിയോ പ്ലേ ചെയ്ത ഐപി ഐഡി, പ്രത്യേക സ്ഥലത്ത് നിന്നുള്ള ഐപി ഐഡികള്‍, നിങ്ങള്‍ ഉപയോഗിക്കുന്ന കണക്ഷന്‍ എന്നിവയെല്ലാം സംബന്ധിച്ച വിവരങ്ങള്‍ കണ്ടെത്താന്‍ ഇതുവഴി സാധിക്കും. ഇന്റര്‍നെറ്റ് ഉപയോഗം നാഷണല്‍ ഇന്റര്‍നെറ്റ് ഗേറ്റ് വേയില്‍ ശേഖരിക്കപ്പെടുന്നതിനാല്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഈ വിവരങ്ങള്‍ ലഭിക്കുക എളുപ്പമാണ്. അതേസമയം ഗൂഗിള്‍ പോലുള്ള കമ്പനികള്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ പങ്കുവെക്കുന്നതിന് പലവിധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ അതിന് പലപ്പോഴും കാലതാമസം നേരിടാറുണ്ട്.

കമ്പനികള്‍ ഉപഭോക്താവിനെ  ട്രാക്കു ചെയ്യുന്നത് ആദ്യ കാലം മുതലുള്ള രീതി കുക്കീയിങ് ആണ്. ബ്രൗസറില്‍ നിക്ഷേപിക്കുന്ന ചെറിയ ഡേറ്റാ പായ്ക്കറ്റ് ആണ് കുക്കീ (Cookie). മെയിൽ തുറക്കാനോ, ഫെയ്‌സ്ബുക് ലോഗിൻ ചെയ്യാനോ ഓണ്‍ലൈന്‍ സൈറ്റുകളില്‍നിന്നു സാധനങ്ങള്‍ വാങ്ങാനോ (വാങ്ങാനുള്ള സാധനങ്ങള്‍ കണ്ടു വച്ചിട്ടു മാത്രം കുക്കീസ് എനേബിള്‍ ചെയ്ത് ലോഗിന്‍ ചെയ്യുന്നതാണ് ഉചിതം.) ശ്രമിക്കുമ്പോള്‍ കുക്കീസ് എനേബ്ള്‍ഡ് അല്ലെങ്കില്‍ വേണ്ടകാര്യം ചെയ്യാന്‍ സാധ്യമല്ല.

എന്നാല്‍, ഇത്തരം പ്രവൃത്തികള്‍ കഴിഞ്ഞ ശേഷം വിശ്വസിക്കാവുന്ന ബ്രൗസറുകളായ സഫാരിയിലും , ഫയര്‍ഫോക്‌സിലും മറ്റും കുക്കീസ് ഡിസേബിള്‍ ചെയ്യുന്നതാണ് നല്ലത്. കുക്കീസ് ആണ് കമ്പനികള്‍ക്കു പതുങ്ങിയിരുന്ന് നിങ്ങളുടെ ബ്രൗസിങ് മുഴുവന്‍ കാണാന്‍ കഴിയുന്ന ഏറ്റവും എളുപ്പമുള്ള മാര്‍ഗം. വെബ്‌സൈറ്റുകളില്‍ ഉള്ള സമൂഹമാധ്യമങ്ങളുടെ ഷെയര്‍ ഫീച്ചര്‍ ഉപയോഗിക്കണമെങ്കിലും കുക്കീസ് ആവശ്യമാണ്. ഈ ബട്ടണുകള്‍ക്ക്, നിങ്ങള്‍ അവ ഉപയോഗിച്ചാലും ഇല്ലെങ്കിലും നിങ്ങളെ ട്രാക്ക് ചെയ്യാനുള്ള ശേഷിയുണ്ട് .

മറ്റൊരു രീതി ഫിംഗര്‍പ്രിന്റിങ് ആണ്. നിങ്ങള്‍ ഉപയോഗിക്കുന്ന ഡിവൈസ് ഏതാണെന്ന് ഇന്നു കമ്പനികള്‍ക്ക് അറിയാം. അതിലൂടെ നിങ്ങളുടെ ഒരു ഡിജിറ്റല്‍ ഫിംഗര്‍പ്രിന്റ് എടുക്കുകയാണ് കമ്പനികള്‍ ചെയ്യുന്നത്. നിങ്ങളുടെ ഐപി അഡ്രസ് ഉപയോഗിച്ച്, നിങ്ങളുടെ കയ്യിലിരിക്കുന്ന തരം ഡിവൈസ് കൊണ്ട് നിങ്ങളുടെ ലൊക്കേഷനില്‍ മറ്റാരും ബ്രൗസ് ചെയ്യുന്നുണ്ടാവില്ല. ഒരിക്കല്‍ ഈ ഡേറ്റ ഗൂഗിളും , ഫെയ്‌സ്ബുക്കും പോലെയുള്ള കമ്പനികളുടെ കയ്യില്‍ എത്തിയാല്‍ ബാക്കിക്കാര്യം അവരുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കയ്യില്‍ സുരക്ഷിതമാണ്.

അവര്‍ക്ക് എപ്പോഴും നിങ്ങളുടെ ചെയ്തികള്‍ നിരീക്ഷിക്കാം. വിപിഎന്‍ ഉപയോഗിച്ചാല്‍ പോലും പലപ്പോഴും നിങ്ങളുടെ ബ്രൗസിങ് ഹാബിറ്റ്സ് നിങ്ങളെ ഒറ്റിയേക്കാം. നിങ്ങള്‍ ഉപയോഗിക്കുന്ന ഫോണ്ട് പോലും ഒറ്റും. നിങ്ങളുടെ ബ്രൗസറില്‍ ഇന്‍സ്‌റ്റോള്‍ ചെയ്തിരിക്കുന്ന പ്ലഗ്-ഇന്‍സ് ഏതാണ് തുടങ്ങിയ കാര്യങ്ങളും കമ്പനികള്‍ നിരീക്ഷിച്ചിട്ടുണ്ടാകും. പിന്നെ നിങ്ങള്‍ അവരുടെ ചാക്കിലാണ്. ചാടിപ്പോകാനൊക്കില്ല.


                                                        



Most Viewed Website Pages