ഇന്ത്യൻ പാർലമെൻ്റും , താജ്മഹലും വിൽപ്പന നടത്തിയ വ്യക്തി
1912ൽ ബിഹാറിലെ ബംഗ്ര ഗ്രാമത്തിൽ ഒരു സ്റ്റേഷൻ മാസ്റ്ററുടെ മകനായി ജനിച്ച മിതിലേഷ് കുമാർ ശ്രീവാസ്തവയാണ് പിൽക്കാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ ‘കോൺ ആർട്ടിസ്റ്റ്’ ആയി കുപ്രസിദ്ധി നേടിയ നട്‌വർലാൽ. ചില ഡ്രാഫ്റ്റുകൾ ബാങ്കിൽ ഏൽപിക്കാൻ
കൊടുത്തുവിട്ട അയൽവാസിയുടെ ഒപ്പ് കോപ്പിയടിച്ച് അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്ന് 1000 രൂപ പിൻവലിച്ചാണ് നട്‌വർലാൽ ‘കരിയർ’ തുടങ്ങിയത്. സ്കൂൾ കാലം കഴിഞ്ഞ് ബിരുദ പഠനത്തിനായി കൊൽക്കത്തയിലേക്കു മാറിയതോടെ തട്ടിപ്പുകൾക്കു നൂതന ആശയങ്ങൾ കണ്ടെത്തി.
ലൈംഗികത്തൊഴിലാളികളെ സന്ദർശിച്ച് അവർക്കു മദ്യം നൽകിയശേഷം പണവും ആഭരണങ്ങളും കവർന്നു കടന്നു കളയുന്നതു പതിവാക്കി. 1937ൽ 9 ടൺ ഇരുമ്പ് മോഷ്ടിച്ചതു മായി ബന്ധപ്പെട്ട് ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ട തോടെ, പിടിക്കപ്പെടാൻ സാധ്യത കുറഞ്ഞ തട്ടിപ്പിലേക്കു തിരിയാൻ തീരുമാനിച്ച നട്‌വർലാൽ ഒപ്പുകൾ അനുകരിക്കാനുള്ള തന്റെ കഴിവിനെ ആയുധമാക്കുകയായിരുന്നു. ധീരുഭായ് അംബാനി ഉൾപ്പെടെ ഒട്ടേറെപ്പേരുടെ ഒപ്പുകൾ അനുകരിച്ചു ലക്ഷങ്ങളുടെ തട്ടിപ്പാണു പിന്നീടു നട്‌വർലാൽ നടത്തിയത്.
അക്കാലത്തെ രാജ്യത്തെ വലിയ കോടീശ്വരന്മാ രുൾപ്പെടെ ഇയാളുടെ തട്ടിപ്പുകൾക്കിരയായി. പാർലമെന്റ് മന്ദിരം അന്നത്തെ അംഗങ്ങളെ യുൾപ്പെടെ വിൽപന നടത്താൻ ഉപയോഗിച്ചതു രാഷ്ട്രപതി രാജേന്ദ്ര പ്രസാദിന്റെ വ്യാജ ഒപ്പ്! മറ്റൊരിക്കൽ, ഇന്ദ്രപ്രസ്ഥ ഓട്ടമൊബീൽസ് എന്ന കമ്പനിയുടെ ഡയറക്ടർ ചമഞ്ഞ് രാജ്യ ത്തെ ഒരു പ്രമുഖ ബാങ്കിലെത്തി കമ്പനിയുടെ അക്കൗണ്ടിലുണ്ടായിരുന്ന 19 ലക്ഷം രൂപയും പിൻവലിച്ചു ഇയാൾ. 8 സംസ്ഥാനങ്ങളിലായി നട്‌വർലാലിനെതിരെ നൂറിലേറെ കേസുകളാണു റജിസ്റ്റർ ചെയ്തത്. എല്ലാത്തിലുമായി വിവിധ കോടതികൾ വിധിച്ചത് 113 വർഷത്തെ തടവ്.
ഓരോ കേസിലും ജയിലിലായി അധികം വൈകാതെ ജയിൽചാടി; അങ്ങനെ ആകെ ജയിലിൽ കിടന്നത് 20 വർഷം. 1957ൽ ഒരു കേസിൽ ജയിലിലായ നട്‌വർലാൽ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ യൂണിഫോം കൈക്ക ലാക്കിയാണു കാൺപുർ ജയിലിൽനിന്നു ചാടിയത്. സഹായിച്ച സ്വന്തം സെല്ലിലെ കാവൽക്കാർക്ക് ഒരു സ്യൂട്കേസ് നിറയെ പണം സമ്മാനിച്ച്, ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാർഡുക ളുടെ സല്യൂട്ട് സ്വീകരിച്ച് പ്രധാന ഗേറ്റിലൂടെ കൂളായി ഒരു ജയിൽചാട്ടം! കാവൽക്കാർ പിന്നീടു സ്യൂട്കേസ് പരിശോധിച്ചപ്പോൾ ഉള്ളിലുണ്ടായിരുന്നതു പത്രക്കടലാസുകളാ യിരുന്നു.
1996ൽ 84–ാം വയസ്സിലാണു നട്‌വർലാൽ അവസാനം അറസ്റ്റിലാകുന്നത്. അപ്പോഴേക്കു പ്രായാധിക്യത്തിന്റെ അവശതകൾ മൂലം വീൽചെയറിലായിരുന്നു. ആ ആരോഗ്യാവസ്ഥ യിലും നട്‌വർലാൽ ജയിൽ ചാടി. ആശുപത്രിയിലേക്കു ചികിത്സയ്ക്കു മാറ്റുന്നതിനിടെ പൊലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞ നട്‌വർലാലിനെ പിന്നീടാരും കണ്ടിട്ടില്ല. 2009ൽ ഇയാളുടെ വക്കീൽ കോടതിയെ സമീപിച്ച് നട്‌വർലാൽ അക്കൊല്ലം ജൂലൈ 25ന് മരിച്ചതായും അയാളുടെ പേരിലുള്ള കേസുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.
തൊട്ടുപിന്നാലെ നട്‌വർലാലിന്റെ സഹോദരൻ, അയാളെ കാണാതായ 1996ൽതന്നെ റാഞ്ചിയിൽ മൃതദേഹം കണ്ടെത്തിയിരുന്നെന്നും തങ്ങൾ സംസ്കരിച്ചെന്നും അവകാശപ്പെട്ടു രംഗത്തെത്തി. സത്യത്തിൽ നട്‌വർലാൽ മരിച്ചോ, ജീവിച്ചിരിപ്പുണ്ടോ?– ഇന്നും സ്ഥിരീകരണമില്ല. എന്തൊക്കെയായാലും, തട്ടിപ്പിലൂടെ സ്വന്തമാക്കിയ സമ്പാദ്യത്തിന്റെ ഒരു വിഹിതം സ്വന്തം നാട്ടിലെ പാവങ്ങൾക്കു നൽകിയിരുന്നതിനാൽ ‘ബംഗ്രയിലെ റോബിൻഹുഡ്’ എന്നും പേരു കിട്ടിയ നട്‌വർലാൽ നാട്ടുകാർക്ക് സ്വീകാര്യനായിരുന്നു. ഇയാളുടെ പ്രതിമ ഗ്രാമത്തിൽ സ്ഥാപിക്കാൻ വരെ ശ്രമമുണ്ടായിട്ടുണ്ട്. പിൽക്കാലത്ത് ഇയാളുടെ കഥ പറയുന്ന രണ്ടു സിനിമകളും ബോളിവുഡിൽ പിറന്നു – അമിതാഭ് ബച്ചൻ നായകനായ ‘മിസ്റ്റർ നട്‌വർലാൽ’, ഇമ്രാൻ ഹാഷ്മിയുടെ ‘രാജാ നട്‌വർലാൽ’ എന്നിവ.




